സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്നു വൈകിട്ട് പ്രഖ്യാപിക്കും. ജോൺപോൾ ചെയർമാനായ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തിയത്. ഉച്ചയോടെ അന്തിമ പട്ടിക തയാറാക്കി ജൂറി നൽകിയാൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നു തന്നെ അവാർഡുകൾ പ്രഖ്യാപിക്കും. നിർണയം പൂർത്തിയായില്ലെങ്കിൽ രണ്ടു ദിവസം കൂടി പ്രഖ്യാപനം വൈകിയേക്കുമെന്നാണ് സൂചന.
 | 
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്നു വൈകിട്ട് പ്രഖ്യാപിക്കും. ജോൺപോൾ ചെയർമാനായ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തിയത്. ഉച്ചയോടെ അന്തിമ പട്ടിക തയാറാക്കി ജൂറി നൽകിയാൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നു തന്നെ അവാർഡുകൾ പ്രഖ്യാപിക്കും. നിർണയം പൂർത്തിയായില്ലെങ്കിൽ രണ്ടു ദിവസം കൂടി പ്രഖ്യാപനം വൈകിയേക്കുമെന്നാണ് സൂചന.

അവാർഡ് തുക വർദ്ധിപ്പിച്ചശേഷമുള്ള ആദ്യ അവാർഡ് പ്രഖ്യാപനമാണിത്. മറ്റു ചിത്രങ്ങളെല്ലാം ജൂറി ഇന്നലെ കണ്ടുകഴിഞ്ഞെങ്കിലും ബാലചിത്രങ്ങളുടെ നിർണയമാണ് വൈകിയത്. ജയരാജിന്റെ ഒറ്റാൽ, സനൽകുമാർ ശശിധരന്റെ ഒരാൾപൊക്കം, വേണുവിന്റെ മുന്നറിയിപ്പ്, പത്മകുമാറിന്റെ ജലം, എൻ.കെ. മുഹമ്മദ് കോയയുടെ അലിഫ്, സിദ്ധാർഥ് ശിവയുടെ ഐൻ, എബ്രിഡ് ഷൈന്റെ 1983, അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡെയ്‌സ് എന്നിവ മികച്ച സിനിമകളുടെ പട്ടികയിൽ ഇടംപിടിച്ചതായാണ് റിപ്പോർട്ട്. മികച്ച നടനായി മമ്മൂട്ടിയും (ബാല്യകാലസഖി, മുന്നറിയിപ്പ്) നിവിൻ പോളിയും (1983, ബാംഗ്ലൂർ ഡെയ്‌സ്) ഒപ്പത്തിനൊപ്പമുണ്ടെന്നും സൂചനയുണ്ട്.

ഹൗ ഓൾഡ് ആർ യൂ എന്ന സിനിമയിലെ പ്രകടനത്തിന് മഞ്ജു വാര്യരെയും പത്മകുമാറിന്റെ ജലത്തിലെ പ്രകടനത്തിന് പ്രിയങ്കയെയും അലിഫിലെ അഭിനയത്തിന് ലെനയെയും മികച്ച നടിമാരായി പരിഗണിക്കുന്നുണ്ട്. ജൂറിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾ കാരണം ഇത്തവണ പുരസ്‌കാര പ്രഖ്യാപനം മുൻ വർഷങ്ങളെ അപേക്ഷിച്ച് വൈകി.