ബോക്‌സോഫീസില്‍ ചരിത്രം രചിക്കാന്‍ പ്രഭാസ് വീണ്ടും; ‘സാഹോ’ സ്ക്രീനിലെത്താന്‍ ഇനി മൂന്നു നാള്‍

സാഹോയിലെ മറ്റൊരു പ്രണയഗാനം കൂടി അണിയറപ്രവര്ത്തകര് പുറത്തുവിട്ടിരുന്നു.
 | 
ബോക്‌സോഫീസില്‍ ചരിത്രം രചിക്കാന്‍ പ്രഭാസ് വീണ്ടും; ‘സാഹോ’ സ്ക്രീനിലെത്താന്‍ ഇനി മൂന്നു നാള്‍

കൊച്ചി: ബാഹുബലിക്ക് ശേഷം ബോക്‌സോഫീസില്‍ ചരിത്രം രചിക്കാന്‍ വീണ്ടും പ്രഭാസ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സഹോ വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്തും. ആദ്യദിനങ്ങളില്‍ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം പ്രതീക്ഷിക്കുന്നത്. ആക്ഷനും പ്രണയത്തിനും പ്രധാന്യം നല്‍കുന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം സാഹോയിലെ മറ്റൊരു പ്രണയഗാനം കൂടി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സഹോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കേരളത്തിലുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സഹോ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായിക. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളി താരം ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. ആക്ഷന് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കെന്നി ബേറ്റ്സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.