ആത്മഹത്യക്ക് വരെ ശ്രമിച്ചു, അഭിനയ ജീവിതം അവസാനിപ്പിക്കുന്നു; സാമുവല്‍ റോബിന്‍സണ്‍

ആത്മഹത്യ പരിഹാരമല്ലെന്ന് എനിക്ക് പിന്നീട് ബോധ്യമായി. ഒരു ജോലി നഷ്ടപ്പെട്ടുവെന്ന കാരണത്താല് ഞാനെന്തിന് ആത്മഹത്യ ചെയ്യണം.
 | 
ആത്മഹത്യക്ക് വരെ ശ്രമിച്ചു, അഭിനയ ജീവിതം അവസാനിപ്പിക്കുന്നു; സാമുവല്‍ റോബിന്‍സണ്‍

കൊച്ചി: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ അഭിനയ ജീവിതം മതിയാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സമീപകാലത്ത് തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. അവസരങ്ങള്‍ ഓരോന്നായി നഷ്ടപ്പെട്ടു. ഒരുഘട്ടത്തില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ വരെ ശ്രമിച്ചുവെന്ന് താരം വ്യക്തമാക്കിയിരുന്നു. സുഡാനിക്ക് ശേഷം ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന ചിത്രത്തില്‍ സാമുവല്‍ വേഷമിട്ടിരുന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

കരിയറുമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ തന്നെ വിഷാദരോഗത്തിന് അടിമയാക്കി. പിന്നീട് അതിന് ചികിത്സ തേടിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബോളിവുഡില്‍ നിന്ന് രാജ്കുമാര്‍ സന്തോഷിയും എഐബിയും ഓഫറുകള്‍ നല്‍കി. വലിയ താരങ്ങള്‍ അഭിനയിക്കുന്ന തമിഴ് സിനിമയിലും വലിയ നൈജീരിയന്‍ സിനിമകളിലും പ്രശസ്ത ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും അവസരത്തിനായി ഓഫര്‍ ലഭിച്ചു. ഇവയെല്ലാം ഓരോ കാരണങ്ങളാല്‍ മുടങ്ങുകയും ചെയ്തു. ആത്മഹത്യ ചെയ്യാനായി കയറും അവസാനത്തെ കുറിപ്പും വരെ തയ്യാറാക്കി. മാതാപിതാക്കള്‍ നേരത്തെ നഷ്ടപ്പെട്ട ഞാന്‍ 15 വയസ് മുതല്‍ സ്വന്തം കാര്യങ്ങള്‍ തനിച്ചാണ് നോക്കിയത്. അഭിനയം യഥാര്‍ത്ഥത്തില്‍ എന്റെ തെരഞ്ഞെടുപ്പായിരുന്നു. സാമുവല്‍ പറഞ്ഞു.

ആത്മഹത്യ പരിഹാരമല്ലെന്ന് എനിക്ക് പിന്നീട് ബോധ്യമായി. ഒരു ജോലി നഷ്ടപ്പെട്ടുവെന്ന കാരണത്താല്‍ ഞാനെന്തിന് ആത്മഹത്യ ചെയ്യണം. ജീവിതത്തില്‍ എനിക്ക് തിളങ്ങാന്‍ കഴിയുന്ന മറ്റു മേഖലകളുണ്ട്. അവയിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണം. വിഷാദത്തിലിരിക്കുമ്പോള്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ക്ക് വളരെയധികം നന്ദി. സാമുവല്‍ കുറിപ്പില്‍ പറയുന്നു.