Friday , 20 September 2019
News Updates

ലൈംഗീക അധിക്ഷേപ ആരോപണത്തോട് സിദ്ദിഖിന്റെ പ്രതികരണം അപമാനകരം; വിമര്‍ശനവുമായി ഡബ്ല്യുസിസി

കൊച്ചി: ലൈംഗീകമായി അധിക്ഷേപിച്ചെന്ന നടിയുടെ ആരോപണത്തില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മറുപടി അപമാനകരമാണെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആരോപണ വിധേയനായ നടന്‍ പ്രതികരിച്ചത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളുമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണെന്നും ഡബ്ല്യൂസിസി ഫെയിസ്ബുക്കില്‍ കുറിച്ചു. സിദ്ദിഖിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

2016ല്‍ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടക്കുന്ന സമയത്ത് ലൈംഗിക ചുവയോടെ തന്നോട് സിദ്ദിഖ് സംസാരിച്ചതായും അശ്ലീല പരാമര്‍ശങ്ങള്‍ തന്നെ മാനസികമായി തകര്‍ത്തുവെന്നും നടി രേവതി വെളിപ്പെടുത്തിയത്. ആരോപണത്തോട് സിദ്ദിഖ് ആദ്യം പ്രതികരിച്ചിരുന്നില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എ.എം.എം.എയെ പ്രതിനിധീകരിച്ച് കെ.പി.എ.സി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു രേവതി വെളിപ്പെടുത്തല്‍ നടത്തിയത്. ഈ അഭിമുഖത്തിലാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ സിദ്ദിഖ് രൂക്ഷ പ്രതികരണം നടത്തിയത്.

കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെ വിഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചാണ് സിദ്ധിഖ് ആരോപണത്തോട് പ്രതികരിച്ചത്. മീ.ടു എന്ന വാക്ക് കേട്ട് പേടിച്ചോടുന്ന സിദ്ധിഖ് അഭിനയിച്ച രംഗമാണ് ഇത്. . 2006ല്‍ സുഖമായിരിക്കട്ടെഎന്ന സിനിമയുടെ പ്രിവ്യു ചടങ്ങിനിടെ സിദ്ദിഖ് ലൈംഗീക അധിക്ഷേപം നടത്തിയെന്നായിരുന്നു നടിയുടെ ആരോപണം.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയില്‍ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിര്‍ന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരല്‍ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടന്‍ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങള്‍ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ.

എന്നാല്‍ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാന്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാന്‍ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കള്‍ എന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു!

#Avalkkoppam #അവള്‍ക്കൊപ്പം

DONT MISS