മഹാരാഷ്ട്രയേക്കുറിച്ച് വിലപിക്കുന്നവർ കേരളത്തിലെ ഈ ക്യാംപസ് കാണുന്നുണ്ടോ?

മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചു എന്ന വാർത്ത കേട്ടപ്പോൾ വലിയ അത്ഭുതം ഒന്നും തോന്നിയിരുന്നില്ല. കാരണം കഴിഞ്ഞ മൂന്നു വർഷക്കാലത്തെ ഞങ്ങളുടെ ജീവിതം കോഴിക്കോട്ടെ ഒരു കുഞ്ഞു മഹാരാഷ്ട്രയിൽ ആയിരുന്നു.
 | 

ഷഫീഖ് താമരശ്ശേരി

മഹാരാഷ്ട്രയേക്കുറിച്ച് വിലപിക്കുന്നവർ കേരളത്തിലെ ഈ ക്യാംപസ് കാണുന്നുണ്ടോ?
മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചു എന്ന വാർത്ത കേട്ടപ്പോൾ വലിയ അത്ഭുതം ഒന്നും തോന്നിയിരുന്നില്ല. കാരണം കഴിഞ്ഞ മൂന്നു വർഷക്കാലത്തെ ഞങ്ങളുടെ ജീവിതം കോഴിക്കോട്ടെ ഒരു കുഞ്ഞു മഹാരാഷ്ട്രയിൽ ആയിരുന്നു.

ചരിത്രമുറങ്ങുന്ന മലബാറിലെ സാമൂതിരിയുടെ തട്ടകം. കോഴിക്കോട് ഗുരുവായുരപ്പൻ കോളേജ്. ബ്രാഹ്മണ്യത്തിന്റെ സവർണ തിലകക്കുറി. ആണും പെണ്ണും വെവ്വേറെയെന്ന് തീന്മേശകളെ പോലും പഠിപ്പിച്ചയിടം. അവർണനും ന്യൂനപക്ഷക്കാരനും തന്റെ ഭക്ഷ്യസ്വാതന്ത്ര്യം പോലും മേലാളനു കീഴെ അടിയറവു പറയേണ്ടുന്നയിടം. അയിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും എല്ലാം അതിന്റെ സമകാലീന ഭാവത്തിൽ ആഞ്ഞുവീശുന്നയിടം. ആണും പെണ്ണും ഒരുമിച്ചിരുന്നുണ്ണാൻ പാടില്ലാത്ത, മത്സ്യ മാംസാദികൾ വർജ്യമായ കേരളത്തിലെ ഏക കലാലയം.

ബ്രിട്ടീഷ് ഭരണ കാലത്ത് സാമൂതിരി രാജവംശത്തിലെ വിദ്യാർത്തികൾക്ക് ഇംഗ്ലീഷ് പഠനം സാധ്യമാക്കാൻ വേണ്ടി കോഴിക്കോട് തളി ക്ഷേത്രത്തിനടുത്ത് ആരംഭിച്ച ആംഗലേയ വിദ്യാലയമാണ് വർഷങ്ങൾക്കിപ്പുറം രൂപാന്തരം പ്രാപിച്ച്, പൊക്കുന്നു മലമുകളിലെ സാമൂതിരി ഗുരുവായുരപ്പൻ കോളേജ് ആയി മാറിയത്. രാജഭരണവും ഫ്യൂഡൽ ഭരണവും അവസാനിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഭൂതകാലത്തിന്റെ ഓർമയിൽ ഇനിയും വിട്ടുമാറാത്ത ചില വാർപ്പുമാതൃകകളുടെ ഭാരവും പേറി ഈ കലാലയം (അവരുടെ സരസ്വതീ ക്ഷേത്രം) തലയുയർത്തി നിൽക്കുകയാണ്.

കേവല സവർണ ബോധത്തിലധിഷ്ടിതമായ ഭാരതീയ സംസ്‌കാര രൂപങ്ങളും ബ്രാഹ്മണ്യ രീതികളുമെല്ലാം ഇവിടുത്തെ പൊതുനിയമങ്ങളാണ്. അതിനാലാണ് ഇവിടുത്തെ ക്ലാസ്മുറികളിൽ വേദങ്ങൾ പ്രകീർത്തിക്കപ്പെടുന്നത്. ഇന്റേണൽ അസ്സസ്‌മെന്റുകൾക്ക് ജാതി ഒരു പ്രശ്‌നമാവുന്നത്. കാന്റീനിൽ ആണിനും പെണ്ണിനും വേറെ വേറെ ഇരിപ്പിടങ്ങൾ ഉണ്ടാകുന്നത്. ഒരു ചെറു വിഭാഗത്തിന്റെ ഭക്ഷണരീതി മറ്റുള്ളവർക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്.

ജാതിയും മതവും പ്രദേശവും ലിംഗപദവിയും മറ്റും കെട്ടിയെൽപ്പിച്ച പല ശീലങ്ങളുടെയും, സമീപനങ്ങളുടെയും, മുൻവിധികളുടെയും രംഗവേദികളായി പുതിയ കാലത്തെ ക്യാമ്പസുകൾ മാറുന്നുണ്ട്. ഇതേ കാലത്തിന്റെ ഇരകൾ തന്നെയാണ് ഗുരുവയുരപ്പൻ കോളേജിലെ വിദ്യാർത്ഥികൾ. വ്യത്യസ്ത ജാതികളിലും സമുദായങ്ങളിലും പ്രദേശങ്ങളിലും ലിംഗങ്ങളിലുമുള്ള വിദ്യാർത്ഥികൾ പരസ്പരം ഇടപഴകുമ്പോൾ രൂപപ്പെടേണ്ട സഹിഷ്ണുതയുടെ പാഠമാണ് ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നും നാം ആദ്യം ഉൾക്കൊള്ളേണ്ടത്. എന്നാൽ ഇക്കാര്യം ഈ ക്യാമ്പസിന് ഇതുവരെ ബോധ്യമായിട്ടില്ല. ശ്വാസ വായുവിൽ പോലും ജാതി മണത്തിരുന്ന നമ്മുടെ പൂർവകാല കലാലയാന്തരീക്ഷങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ജാതിയും വർണവും ലിംഗവുമെല്ലാം ഇവിടുത്തെ ക്ലാസ്മുറികളിലും വരാന്തകളിലും ഇരകളെ തേടി റോന്ത് ചുറ്റുകയാണ്.

ഗുരുവായുരപ്പൻ കോളേജും കാന്റീനും

2013ൽ കോളേജിൽ ഇറങ്ങിയ ‘നരകത്തിന്റെ ലിസ്റ്റ് അവസാനിക്കുന്നെയില്ല ബ്രോ’ എന്ന മാഗസിനിൽ ‘ആരാണ് കോളേജ് കാന്റീനിൽ മൂന്നടുപ്പുകൾ കൂട്ടിയത്?’ എന്ന പേരിൽ കാന്റീനുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ ഒരു അഭിപ്രായ സർവേയിലെ പ്രതികരണങ്ങൾ ഞങ്ങളെ ഞെട്ടിച്ചിരുന്നു. കോളേജ് കാന്റീനിലെ മത്സ്യ മാംസ നിരോധനത്തോടും ഇരിപ്പിടങ്ങളിലെ ആൺ പെൺ വിവേചനത്തോടും വലിയ എതിർപ്പായിരുന്നു ഭൂരിഭാഗം വിദ്യാർത്ഥികളും പ്രകടിപ്പിച്ചത്. എന്നാൽ ഹിന്ദി വിഭാഗം മേധാവിയായ ഒരു തലമുതിർന്ന അധ്യാപികയുടെ മറുപടി രസകരമായിരുന്നു. പുരുഷന്റെ എച്ചിലിലയിൽ നിന്നും ഭക്ഷണം കഴിക്കേണ്ടവളാണ് സ്ത്രീയെന്നും, അതിനാൽ അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും അവർ പറഞ്ഞു. മത്സ്യ മാംസാദികൾ ഈ ക്യാമ്പസിൽ പ്രവേശിക്കുന്ന ദിവസം ഈ ക്യാപസിന്റെ വിശുദ്ധി നശിക്കുമെന്നും ആ അദ്ധ്യാപിക പറഞ്ഞുവച്ചു.

സാമൂതിരി രാജവംശത്തിന്റെയും ബ്രാഹ്മണ ജാതിയുടെയും സംവരണാനുകൂല്യങ്ങളുടെയും ശുപാർശകളുടെയും പിൻബലത്തിൽ ഇവിടുത്തെ അധ്യാപകരായി മാറുന്ന മിക്കവരും താരതമ്യേന അക്കാദമിക് നിലവാരം കുറഞ്ഞവരും അങ്ങേയറ്റത്തെ യാഥാസ്ഥിതിക ബോധം ഉള്ളിലെ സൂക്ഷിക്കുന്നവരുമാണ്. അനധ്യാപക ജീവനക്കാരിലും സ്ഥിതി ഒട്ടും വിപരീതമല്ല. വർഷാവർഷം കമ്മ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ നേടിയെത്തുന്ന ഉന്നത കുലജാതരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ പിൻബലവും കൂടിയാകുമ്പോൾ ഇവിടുത്തെ സവർണ ഭരണ വ്യവസ്ഥകൾക്ക് ചിറകുകൾ ലഭിക്കുകയാണ്.

ഈ സവർണാധിപത്യം ഇവിടുത്തെ ഇതര വിഭാഗക്കാർക്ക് മേൽ അവരുടെ രീതികൾ അടിച്ചേൽപ്പിക്കുകയാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇവിടെ കോളേജ് കാന്റീനിലേക്ക് രണ്ടു വഴികൾ ഉണ്ടായിരുന്നു. മുൻഭാഗത്തുകൂടെ ആൺകുട്ടികൾക്കും പിറകിലൂടെ പെൺകുട്ടികൾക്കും കയറാം എന്നതായിരുന്നു ചട്ടം. ഏതാനും വിദ്യാർത്ഥികൾ അന്ന് നടത്തിയ സമരത്തോട് ഐക്യപ്പെട്ട് കുറച്ചു അധ്യാപകർ രംഗത്തെത്തിയതിനാലാണ് ആ രീതി മാറിയതും വഴികൾ രണ്ടും ഒന്നായതും. ആ അധ്യാപകരാകട്ടെ അന്നത്തെ എ.ബി.വി.പി പ്രവർത്തകരാൽ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. 2009ൽ ചില എസ്.എഫ്.ഐ വിദ്യാർത്ഥികൾ പ്രിൻസിപ്പൽ ഓഫീസിനു കീഴെ നടത്തിയ ഉണക്കമീൻ ചുട്ടു പ്രതിഷേധവും, ഈയിടെ ക്യാമ്പസിൽ നടന്ന ചലച്ചിത്രോത്സവത്തിന്റെ അവസാന ദിവസം ചിക്കൻ വിളമ്പിയതും, പല മാഗസിനുകളിലായി വന്ന പ്രതിഷേധ ലേഖനങ്ങളും എല്ലാം ഒറ്റപ്പെട്ട സമരങ്ങളായി അവസാനിക്കുകയല്ലാതെ ഫലം ഒന്നും ഉണ്ടായിട്ടില്ല.

മാംസ നിരോധനത്തിന് പുറകിൽ

ഭാരതീയ സംസ്‌കാരത്തെ മുൻ നിർത്തിയാണ് മാംസാഹാരത്തിനെതിരെ സംഘപരിവാർ പ്രസ്ഥാനങ്ങൾ മുന്നിട്ടിറങ്ങുന്നത്. എന്നാൽ സിന്ധു നാഗരികത മുതൽ തന്നെ ഇന്ത്യൻ ജനത മത്സ്യമാംസ സസ്യഭോജികൾ ആയിരുന്നു എന്ന് കാണാൻ കഴിയും. മാത്രവുമല്ല വേദ കാലഘട്ടത്തിൽ മാംസ ഭക്ഷണത്തിനു ഉന്നതമായ സ്ഥാനം കല്പ്പിക്കപ്പെട്ടിരുന്നു.

ദൈവത്തെ പ്രീതിപ്പെടുത്തുവാൻ ബ്രാഹ്മണരും വൈശ്യരും മൃഗബലി നടത്തണം എന്ന് ഋഗേദം ആവശ്യപ്പെട്ടിരുന്നു. ഇപ്രകാരം ബലിയർപ്പിക്കപെട്ട മൃഗങ്ങളുടെ മാംസം ബ്രാഹ്മണർ വീതിച്ചു ഭക്ഷിച്ചതിനും തെളിവുകള ഉണ്ട്. പുരാതന ബ്രാഹ്മണിക സാഹിത്യങ്ങളിൽ എല്ലാം തന്നെ മൃഗ ബലിയെകുറിച്ചും മാംസ ഭോജനത്തേക്കുറിച്ചും കൃത്യമായി വിവരങ്ങൾ ലഭ്യമാണ്.

ഇനി ഭാരതീയ സംസ്‌കാരത്തെ മാറ്റി നിർത്തി ഇതിനു വേണ്ടി വാദിക്കുന്ന സംഘ പരിവാർ പ്രസ്ഥാനങ്ങളെ പരിശോധിച്ചാലും സ്ഥിതി വ്യത്യസ്തമല്ല. ഹിന്ദുത്വ വാദികളുടെ ആദ്യകാല ആചാര്യൻമാരിൽ ഒരാളായ വി ഡി സവർക്കർ ഗാന്ധിജിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ ഗാന്ധിജിക്ക് വറുത്ത മീൻ നല്കുകയുണ്ടായി. താൻ സസ്യാഹാരിയാണെന്നു പറഞ്ഞ ഗാന്ധിജിയോട് സവർക്കറുടെ പ്രതികരണം ഇങ്ങനെയായിരുന്നു, ബ്രിട്ടീഷുകാരെ ജീവനോടെ തിന്നാൻ തയ്യാറുള്ളവരെയാണ്, അല്ലാതെ മത്സ്യം തിന്നാൻ മടിയുള്ളവരെയല്ല ഞാൻ അന്വേഷിക്കുന്നത്’. സ്വാമി വിവേകാനന്ദനും അരബിന്ദ് ഘോഷുമൊക്കെ മാംസാഹാരത്തിനു അനുകൂലമായ നിലപാട് സ്വീകരിച്ചവരുമായിരുന്നു. പൂർവ കാലത്ത് മാംസ ഭോജനം നടത്തിയിരുന്ന ബ്രാഹ്മണർ പിന്നീടെപ്പോഴോ മാംസ ഭക്ഷണം നിന്ദ്യമായി കരുതുകയും പൂർണമായും സസ്യാഹാരത്തിലേക്ക് മാറുകയും ആയിരുന്നു.

ഡോ.അംബദ്കറുടെ അഭിപ്രായത്തിൽ, യജ്ഞങ്ങൾക്കായി ഗോവധം നടത്തുന്നവരെ എതിർക്കുക വഴി ജനങ്ങളുടെ മനസ്സിൽ ആദരവും ബഹുമാനവും നേടിയിരുന്ന ബൗദ്ധരെ തൽസ്ഥാനത്ത് നിന്നും മാറ്റിനിർത്താനാണ് ബ്രാഹ്മണർ മാംസ ഭക്ഷണമുപേക്ഷിച്ച് സസ്യ ഭക്ഷണം സ്വീകരിക്കുകയും ഗോവധ നിരോധകരാവുകയും ചെയ്തത്. എന്തായാലും കാലാന്തരത്തിൽ ബ്രാഹ്മണ്യത്തിന്റെ ഭാഗമായ മാംസ നിരോധനത്തെ സംഘപരിവാർ ഏറ്റെടുത്തത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമാണ്. അതിനു നിരവധി തെളിവുകളും ഉണ്ട്. 1966 നവംബർ ആറിനു ഗോവധം നിരോധിക്കണം എന്നാവശ്യപ്പെട്ടു ഡൽഹിയിലെ തെരുവുകളിൽ പ്രകടനം നടത്തിയത് ഒരു ലക്ഷത്തിലധികം പേരാണ്. ഇതിനെ തുടർന്ന് ഗോവധവുമായി ബന്ധപ്പെട്ട കാര്യങ്ങളേക്കുറിച്ചു പഠിക്കാൻ കേന്ദ്ര സർക്കാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ എ.കെ സർക്കാരിന്റെ അധ്യക്ഷതയിൽ 1967 ജൂണിൽ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. ആർ.എസ്.എസിന്റെ രണ്ടാമത്തെ സർ സംഘ ചാലക് ആയിരുന്ന എം.എസ് ഗോൾവാർക്കർ അടക്കം ഈ കമ്മിറ്റിയിൽ ഉണ്ടായിരുന്നു.

മഹാരാഷ്ട്രയേക്കുറിച്ച് വിലപിക്കുന്നവർ കേരളത്തിലെ ഈ ക്യാംപസ് കാണുന്നുണ്ടോ?

ഇതേ കമ്മിറ്റിയിൽ ഉണ്ടായിരുന ഡോ. വർഗീസ് കുര്യൻ തന്റെ ആത്മകഥയിൽ ഗോൾ വാർക്കരും അദ്ദേഹവും തമ്മിൽ നടന്ന സംഭാഷണങ്ങളെ കുറിച്ചു പറയുന്നുണ്ട്. മാംസ ഭോജനത്തിന്റെ ശാസ്ത്രീയ വശങ്ങൾ മുന്നോട്ടു വെച്ച കുര്യനോട് ഗോൾവാർക്കർ പറഞ്ഞത് ഇതൊരു രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭമാണ്, ദയവു ചെയ്തു സഹകരിക്കണം എന്നാണ്. ഹൈന്ദവ വിശ്വാസപ്രകാരം പശു ദൈവമായതിനാൽ പശു എന്ന പ്രതീകത്തിന്റെ സാധ്യത കണക്കിലെടുത്ത് ഗോമാംസ നിരോധനത്തിലൂടെ ഇന്ത്യയിൽ അങ്ങോളമിങ്ങൊളമുള്ള ഹിന്ദുക്കളെ സംഘടിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമായിരുന്നു സംഘ പരിവാറിനുണ്ടായിരുന്നത്.

മഹാരാഷ്ട്രയിൽ പ്രഖ്യാപിത നിയമമായി ഗോവധ നിരോധനം വന്നെങ്കിലും ഒരു അപ്രഖ്യാപിത നിയമമെന്നവണ്ണം ഇത് ഇന്ത്യയിൽ പലയിടങ്ങളിലും മുൻപേ തന്നെ ഉണ്ടായിരുന്നു. ഗുജറാത്തിലും മധ്യപ്രദേശിലും യു.പി യിലും രാജസ്ഥാനിലും ബീഹാറിലും എല്ലാം ഒെേട്ടറയിടങ്ങളിൽ ബീഫ് എന്ന വാക്കുപോലും ഉച്ചരിക്കാൻ പാടില്ലാത്ത നിലയിലാണ് കാര്യങ്ങൾ. ഗോമാതാവിനോടുള്ള ഭക്തിക്കപ്പുറം ഇത് അയിത്തത്തെയും സൂചിപ്പിക്കുന്നു. യഥാർത്ഥത്തിൽ നരേന്ദ്ര മോഡിക്കും എത്രയോ മുൻപ് ആർ.എസ്.എസ്. നമ്മെ ഭരിച്ചു തുടങ്ങിയിരുന്നു എന്നോർക്കണം. പ്രതിേഷധമുയരേണ്ടത് നിയമ നിരോധനത്തിനെതിരെ മാത്രമല്ല. ഭക്ഷണം സ്വയം തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുമേൽ നടത്തുന്ന കൈയേറ്റമാണിത് എന്നതിൽ തർക്കമൊന്നുമില്ല. അതിനുമപ്പുറം ചെറുക്കപ്പെടേണ്ടത് ഭക്ഷണത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ശ്രമങ്ങളെയാണ്.