ഒന്നാം ചുംബനസമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ഭരിക്കുന്ന തീവ്ര വലതുപക്ഷ സർക്കാരിനെതിരായ സർഗാത്മക സമരം എന്ന രാഷ്ട്രീയ പ്രസക്തിയോടെയാണ് 2014 നവംബർ 2 ന് കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ഒന്നാം ചുംബന സമരം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക. ഒന്ന് കൂടെ വിശദീകരിച്ചാൽ വർഗീയവും പിന്തിരിപ്പനുമായ സംഘപരിവാര സർക്കാരിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിനെതിരായിരുന്നു ആത്യന്തികമായി ആ സമരം. സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയ്ക്കെതിരായ സമരമായിരുന്നു അത്. പലതരത്തിലും അടഞ്ഞ് കിടക്കുന്ന സമൂഹത്തോട് ആധുനികമാകാൻ ആവശ്യപ്പെട്ടുള്ളത്. സമൂഹം അടഞ്ഞതും, സ്ത്രീ വിരുദ്ധമായതും ഈ സർക്കാരിന്റെ കാലത്തോ അവരുടെ
 | 

ഒന്നാം ചുംബനസമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ഭരിക്കുന്ന തീവ്ര വലതുപക്ഷ സർക്കാരിനെതിരായ  സർഗാത്മക സമരം എന്ന രാഷ്ട്രീയ പ്രസക്തിയോടെയാണ്  2014 നവംബർ 2 ന് കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ഒന്നാം ചുംബന സമരം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക. ഒന്ന് കൂടെ വിശദീകരിച്ചാൽ  വർഗീയവും പിന്തിരിപ്പനുമായ സംഘപരിവാര സർക്കാരിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിനെതിരായിരുന്നു ആത്യന്തികമായി ആ സമരം.  സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയ്‌ക്കെതിരായ സമരമായിരുന്നു അത്. പലതരത്തിലും അടഞ്ഞ് കിടക്കുന്ന  സമൂഹത്തോട് ആധുനികമാകാൻ ആവശ്യപ്പെട്ടുള്ളത്.

സമൂഹം അടഞ്ഞതും, സ്ത്രീ വിരുദ്ധമായതും ഈ സർക്കാരിന്റെ കാലത്തോ അവരുടെ  കുറ്റം കൊണ്ട് മാത്രമോ അല്ല, ശരിതന്നെ. എന്നാൽ ആ അടഞ്ഞ അവസ്ഥയിൽ നിന്ന് പിടഞ്ഞുണർന്ന് രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി, പിന്നിലേക്ക് വലിക്കാനുള്ള ശ്രമങ്ങൾ ഈ സർക്കാരിന്റെ കാലത്ത് ഉണ്ടാകുമായിരുന്നു. അതിലേക്ക് നാടിനെ നയിക്കുന്നതാണ് സംഘപരിവാര നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം. സദാചാര ഗുണ്ടായിസത്തിനെതിരായി നല്ല രാഷ്ട്രീയ ബോധമുള്ള ഒരു കൂട്ടം ചെറുപ്പക്കാർ നടത്തിയ സമരം അങ്ങനെ യഥാർത്ഥത്തിൽ സംഘപരിവാര രാഷ്ട്രീയ ശക്തിയെ എതിർക്കുന്നതായി തന്നെ മാറി. ഇനി ഭാവിയിൽ ഉയർന്ന് വരേണ്ട ശരിയായ സമരങ്ങൾക്ക് വഴികാണിക്കുന്നതുമാണ് അത്.

അടിച്ചമർത്തപ്പെട്ട മറ്റെല്ലാ വിഭാഗങ്ങൾക്കുമെന്ന പോലെ സ്ത്രീകൾക്കും നമ്മുടെ കാലത്ത് താരതമ്യേന  വലിയ തുറസ്സ് ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ വരവ്  ഒരളവോളം അതിന് കാരണവുമാണ്. സമമാണ് ഞങ്ങളും എന്ന സ്ത്രീകളുടെ ശരിയായ വാദത്തിന് പൊതു സമൂഹത്തിൽ വലിയ പിന്തുണ ലഭിച്ച് വരികയായിരുന്നു. ആണിന് പിന്നിൽ നിൽക്കേണ്ടവളാണ് സ്ത്രീ എന്ന  പരമ്പരാഗത നിലപാട്  സ്വീകരിക്കുന്നവർ പുച്ഛിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യും എന്ന നിലയുണ്ട് ഇപ്പോൾ പൊതു ഇടത്തിൽ.  സിനിമയടക്കമുള്ള ജനപ്രിയ കലകളിലും അതിന്റെ പ്രതിഫലനം പോസിറ്റീവായി തന്നെ ഉയർന്ന് വരുന്നുണ്ടായിരുന്നു. സ്ത്രീവിരുദ്ധം എന്ന പരാമർശം ഇപ്പോൾ പരിഹാസ്യമായിട്ടല്ല ഉപയോഗിക്കപ്പെടുന്നത്. സ്ത്രീ അനുകൂലമോ, പ്രതികൂലമോ എന്ന നിലയ്ക്ക് കവിതയും കഥയും മാത്രമല്ല മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ  പ്രസ്താവനകൾ പോലും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഒന്നാം ചുംബനസമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം
എന്നുവെച്ച് എല്ലാം ഗംഭീരമാണ് എന്നൊന്നുമല്ല പറഞ്ഞ് വരുന്നത്. എങ്കിലും പുരുഷൻ മുതലാളിയായിരിക്കുന്ന ശരീരം മാത്രമാണ് സ്ത്രീ എന്ന മട്ടിൽ ആളുകൾക്ക് അലക്ഷ്യമായി പറഞ്ഞ് പോകാവുന്ന അവസ്ഥ എന്തായാലും സമൂഹത്തിൽ വലിയൊരളവോളം ഇല്ലാതായിട്ടുണ്ട്.   സോഷ്യൽ മീഡിയയിൽ മാത്രമല്ല, പുറത്തും. താരതമ്യേന പുരോഗമനപരമായ ഈ സാമൂഹ്യ സാഹചര്യത്തിന്   വലിയൊരളവ് വരെ ഊർജ്ജമേകിയത് ക്രൂരമായ  ഡെൽഹി ബലാത്സംഗത്തിന് ശേഷം പൊതുസമൂഹത്തിലുണ്ടായ വലിയ ചർച്ചയാണ് എന്ന് കൂടെ കാണണം.  ഭരണകൂടം പേര് പറയാൻ ഇപ്പോഴും മടിക്കുന്ന ആ പെൺകുട്ടിയുടെ രക്തസാക്ഷിത്വം അത്രത്തോളം വലുതും, ഗുണപരവുമായ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. അങ്ങനെ, സ്ത്രീകൾക്ക് കുറേക്കൂടി മാന്യത ലഭിക്കുന്ന സമൂഹം എന്ന നിലയിലേക്ക് നാട് ഉയർന്നേക്കും എന്ന തോന്നലൊക്കെ ഉണ്ടാകുന്ന കാലത്താണ്  നമുക്കറിയാവുന്ന പോലെ  നരേന്ദ്ര മോദിയുടെ വർഗീയാടിത്തറയിലുള്ള, തീവ്ര വലതുപക്ഷ സർക്കാർ രാജ്യത്ത് അധികാരത്തിലേക്ക് വരുന്നത്.

അതോടെ  സ്ലീപ്പിംഗ് സെൽസ് ആയി കിടക്കുകയായിരുന്ന പിന്തിരിപ്പൻ ഭൂരിപക്ഷ മനസ്സിന് ഒരു രക്ഷാകർതൃ രൂപത്തെ കിട്ടുകയായി. നരേന്ദ്ര മോഡി എന്ന അതിമാനുഷ രക്ഷാകർതൃ പുരുഷരൂപത്തെ. ഈ രക്ഷാകർത്താവിന് കിഴിൽ നമ്മെ ഭരിക്കുന്ന ഭരണകൂടം എന്താണ്.  സ്ത്രീ പുരുഷ ബന്ധങ്ങളിലൊക്കെ പുരോഗമനപരമായ നിലപാടുള്ളവരാണോ ഈ കൂട്ടർ.  അമാനുഷികരായ പുരുഷരൂപങ്ങളും അവർക്ക് വഴങ്ങി നിൽക്കുന്ന സർവ്വംസഹയും ദേവീസമാനയുമായ സ്ത്രീ എന്നതാണ് അവരുടെ ചിന്തയിലെ ആൺ പെൺ വാർപ്പുകൾ. നാട്ടിൽ നിലനിൽക്കുന്ന ആണധികാര കുടുംബം ആണ്  അവരുടെ ദേശീയസങ്കൽപ്പത്തിന്റെ  ആദ്യയൂണിറ്റ് തന്നെ. രാമായണവും, മഹാഭാരതവും യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളുടെ ആവിഷ്‌കാരമാണ് എന്ന് ഉറച്ച് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളാണ് ഈ ഭരണാധികാരികൾ.

ഗണപതി ഭഗവാൻ എന്ന കെട്ടുകഥാപാത്രത്തെ പ്ലാസ്റ്റിക് സർജറി എന്ന ശാസ്ത്ര സംഗതിയുമായി സീരിയസ് ആയി തന്നെ ചേർത്ത് നിർത്തി പ്രചരിപ്പിക്കുന്ന തനി പിന്തിരിപ്പനാണ് തലവൻ. പുരോഗമന സംഘടനകളും വ്യക്തികളും അന്തംവിട്ട് നിൽക്കെ കേരളത്തിലും സംഘപരിവാര പ്രാകൃത ഫാസിസ്റ്റ്  മനസ്സ് ഈ വൻരൂപത്തിന്റെ കരുത്തിൽ പുതിയ ഉണർവ്വോടെ എഴുന്നേറ്റ് നിന്നു. വർഗീയവും, പിന്തിരിപ്പനുമായ ഫാസിസ്റ്റ് മനസ്സിന് സടകുടഞ്ഞെഴുന്നേൽക്കാൻ  ഈ ഭരണകാലത്ത് കേരളത്തിൽ കിട്ടിയ ആദ്യ അവസരം അവർ ഉപയോഗിക്കുന്നതാണ് കോഴിക്കോട്ടെ ഡൗൺ ടൗൺ ആക്രമണത്തിൽ കണ്ടത്. ആക്രമണത്തിനിരയായ ഹോട്ടൽ അന്ന് വൈകിട്ട് തന്നെ തുറന്ന് പ്രവർത്തിച്ചതോടെ  യുവമോർച്ചക്കെതിരായ പ്രതിഷേധം പ്രകടിപ്പിക്കപ്പെട്ടു കഴിഞ്ഞില്ലേ, പിന്നെന്തിനീ അരാജകസമരം എന്ന് പുച്ഛിക്കുന്നവർക്ക് തെറ്റുന്നത് ഈ വിശാല രാഷ്ട്രീയ സാഹചര്യത്തെ നേരാംവണ്ണം പരിഗണിക്കാത്തതിനാലാണ്.

ആ ഹോട്ടലിൽ പരസ്യമായി പെൺകുട്ടികളും ആൺകുട്ടികളും ചുംബിക്കുകയല്ല ചെയ്തത്. രഹസ്യമായ ഒരിടത്ത് ആരുടെയും ശ്രദ്ധയിൽ പെടാതെ പ്രണയിക്കുകയായിരുന്നു. ഹോമോസാപിയൻസ് വർഗത്തിൽ പെട്ടവർ പരസ്പരം ശരീരത്തെ ലാളിച്ചാണ് പ്രണയിക്കുക പതിവ്. അത് അസ്വാഭാവികതയല്ല. അതിന് നേരെ ക്യാമറ രഹസ്യമായി തുറന്ന് വെക്കുന്നതാണ് അസ്വാഭാവികതയും ക്രിമിനൽ കുറ്റവും. അത് ചെയ്തത്  കോൺഗ്രസ്സുകാരനായ മാധ്യമ പ്രവർത്തകനാണല്ലോ എന്ന് ചോദിക്കരുത്. സംഘപരിവാര മനസ്സ് ആ സംഘടനയ്ക്കകത്ത് നിൽക്കുന്നവർക്ക് മാത്രമുള്ള ഒന്നല്ല, പ്രത്യക്ഷത്തിൽ അതിനെ രാഷ്ട്രീയമായി എതിർക്കുന്നവരെന്ന് തോന്നുന്നവരിൽ പോലും സംഘപരിവാരത്തിന്റെ തീവ്രവലത് പക്ഷ, വർഗീയ നിലപാടുകൾ മനസ്സിൽ പേറുന്നവരുണ്ട്.

ഒന്നാം ചുംബനസമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം

ടിവി ചാനൽ റിപ്പോർട്ടർക്ക് ആളുകൾ പ്രണയിക്കുന്നതിന് നേരെ ക്യാമറ വെക്കാൻ തോന്നിയതും അങ്ങേയറ്റം വയലൻസ് ഉൾച്ചേർത്ത് അതിനെ നാട്ടുകാർക്കിടയിൽ പ്രചരിപ്പിക്കാൻ തോന്നിയതും ഈ പിന്തിരിപ്പൻ മനസ്സുള്ളതിനാലാണ്. ആ മനസ്സിന് ഊർജ്ജത്തോടെ പ്രവർത്തിക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണ് നാട്ടിലുള്ളത് എന്ന് കൊണ്ട് കൂടെയുമാണ്. വർഗീയമായ കാരണങ്ങൾ ഉണ്ടായിരുന്നില്ല ഇതിന് എന്ന് വിചാരിക്കരുത്. കോഴിക്കോട്ടെ ഒരു പോറ്റി ഹോട്ടലിന് നേർക്കായിരുന്നു ആ  ക്യാമറ തിരിഞ്ഞ് നിന്നിരുന്നതെങ്കിൽ ഈ അക്രമം ഉണ്ടാകുമായിരുന്നില്ല. ഇതു പോലുള്ള സംഭവങ്ങൾ നേരത്തെയും ഉണ്ടായിരുന്നെങ്കിലും ഇത്ര  തുറന്ന് അക്രമം അഴിച്ചുവിട്ട് സമീപകാലത്തൊന്നും സംഘപരിവാര സംഘടനകൾ രംഗത്ത് വന്നിരുന്നില്ല എന്നോർക്കണം. നേരത്തെ പറഞ്ഞ ഞങ്ങളാണ് ഭൂരിപക്ഷം, ഞങ്ങൾക്കാണ് അധികാരം എന്ന ആത്മവിശ്വാസം തന്നെയാണ് ഈ അക്രമം നടത്തുന്നതിലേക്ക് അവരെ നയിച്ചത്.

ഇതൊക്കെയാണ് രാഷ്ട്രീയമായ സാഹചര്യം എന്നിരിക്കെ, ചിലർ വാദിക്കും പോലെ ഹോട്ടൽ അന്ന് തന്നെ തുറന്നതോടെ പ്രശ്‌നപരിഹാരമായി എന്ന് വിചാരിക്കുന്നത് മൗഢ്യമായിരിക്കും.  കടുത്ത ആത്മവിശ്വാസത്തോടെ പരിവാരമനസ്സുള്ളവർ നയിച്ച സദാചാര ക്ലീനിംഗിനെ എതിർക്കാൻ മുഖത്തടിക്കുന്നത് പോലുള്ള ഒരു സമരരൂപം തന്നെ വേണമായിരുന്നു. സദാചാരത്തിന്റെ പേര് പറഞ്ഞുള്ള ഇരട്ടത്താപ്പൻ നിലപാടിനും, രാജ്യത്ത് മുഴുവൻ തങ്ങളുടെ പിന്തിരിപ്പൻ ആശയങ്ങൾ പടർത്താൻ യത്‌നിക്കുന്ന പരിവാര സംഘങ്ങൾക്കുമെതിരായ സമരം തൊലിപ്പുറമെ നടന്നാൽ പോരായിരുന്നു. കേരളത്തിൽ നല്ല രാഷ്ട്രീയ ബോധമുള്ള ചെറുപ്പക്കാർ ബാക്കിയുണ്ട് എന്ന സന്തോഷം നൽകിക്കൊണ്ടാണ് സോഷ്യൽ മീഡിയയുടെ സാധ്യത തന്നെ ഉപയോഗിച്ച് കിസ്സ് ഓഫ് ലവ് എന്ന ക്യാംപെയ്‌നും രണ്ടാം തീയതിയിലെ സമരവും ഉയർന്ന് വന്നത്.

പരസ്യമായി ചുംബിക്കും  എന്ന പ്രഖ്യാപനം ആത്മവിശ്വാസാധിക്യമുള്ള ഫാസിസ്റ്റുകൾക്ക് അർഹിക്കുന്ന ആഘാതമായി. സമരം വൻ വിജയമായിരുന്നു. അത് എളുപ്പത്തിലും അങ്ങേയറ്റം ലളിതമായും സകല പിന്തിരിപ്പന്മാരെയും ഒന്നിപ്പിച്ച് പുറംലോക പരിചയമുള്ളവരും പുരോഗമനവാദിയുമായ മലയാളിക്ക് എതിരായി നിർത്തി. അവർ, ‘ഇതാ ഇതാണ്’ എന്ന നേരായ ചിത്രം നാടിന് നൽകി. എസ്.ഡി.പി.ഐയും കെ.എസ്.യുവും, പരിവാര സംഘടനകൾക്കൊപ്പം തോൾ ചേർന്ന് നിന്നത്  ഈ സമൂഹത്തിൽ ഇവരുടെ നില ഇതാ ഇങ്ങനെയാണ് എന്ന നല്ല ചിത്രം തന്നെ നൽകി.

സമരം ആത്യന്തികമായി സംഘപരിവാര വിരുദ്ധമാണെങ്കിൽ മുസ്ലീം സംഘടനകൾ എന്തിന് അവർക്കൊപ്പം നിൽക്കണം. പിന്തിരിപ്പൻ മനസ്സ് പരിവാരത്തിന്റെ മാത്രം കുത്തകയല്ല എന്നതാണ് അതിനുത്തരം. യഥാർത്ഥത്തിൽ രാജ്യത്ത് നരേന്ദ്രമോഡി സർക്കാർ ഭരണത്തിലിരിക്കുന്നതിൽ സന്തോഷിക്കുന്നവർ കൂടിയാണ് ഇക്കൂട്ടർ. ഭൂരിപക്ഷം അവരെങ്കിൽ പ്രതിപക്ഷം ന്യൂനപക്ഷമായ ഞങ്ങൾ തന്നെ എന്നാണ് അവരുടെ കണക്ക് കൂട്ടൽ. ഇത് രണ്ടുമല്ലാത്ത, ഇവരുടെ രണ്ട് പേരുടെയും സദാചാര തീർപ്പുകളെ അംഗീകരിക്കാത്തവരെ അവർ തെരുവിൽ തല്ലുക തന്നെ ചെയ്യും. പെണ്ണുങ്ങൾ നടുനിരത്തിലേക്കിറങ്ങുന്നതിനെ ഇരുവരും എതിർക്കും. പെണ്ണുങ്ങളെ പുറത്ത് കാണുന്നത് രണ്ട് പേർക്കും ചതുർഥിയാണ്. അത് കൊണ്ട് അവർ വന്നു, തോളോട് തോൾ ചേർന്ന് നിന്നു,  പുതിയ തലമുറയെ തെരുവിൽ തല്ലി.

ഈ സമരത്തിന്റെ മേൽപറഞ്ഞ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയാൻ ശേഷിയുണ്ട്  എന്നതുകൊണ്ട് ഡി.വൈ.എഫ്.ഐ. ഇപ്പോഴും പ്രസക്തമായ സംഘടനയാണ്. എം.ബി.രാജേഷ് നാളെയും നാടിനുതകുന്ന നേതാവാകും എന്നത് വ്യക്തമായി. സംഘപരിവാര മനസ്സ് ഉള്ളിൽ അടച്ച് വെച്ചിരിക്കുന്ന ഖദർ ശരീരങ്ങൾ അല്ല എല്ലാ കോൺഗ്രസ് ചെറുപ്പക്കാരും എന്ന ആശ്വാസത്തിന് വക നൽകുന്നുണ്ട് നല്ല ആർജ്ജവത്തോടെയുള്ള വി.ടി.ബൽറാമിന്റെ നിൽപ്പ്. സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റുകളായ സമരത്തിന്റെ യഥാർത്ഥ സംഘാടകർ ഒരു സംഘടനയുടെ കീഴിലും അല്ലെങ്കിലും അവർക്കുള്ള  രാഷ്ട്രീയ ശേഷി കേരളത്തിന് മുന്നിൽ തെളിയിച്ചു. സംഘപരിവാര മനസ്സിന്റെ വ്യാപനം കേരളത്തിൽ ചിലരൊക്കെ പ്രചരിപ്പിക്കും പോലെ അത്രയ്‌ക്കെളുപ്പമാവുകയില്ല എന്നതിന് തെളിവ് നൽകുന്നു ഇക്കൂട്ടരുടെ പൊതുമണ്ഡലത്തിലേക്കുള്ള വരൽ. ഇതുകൊണ്ടൊക്കെ പ്രസക്തമാണ് ഒന്നാം ചുംബനസമരം.

ബാക്കിയുള്ള ചില ചോദ്യങ്ങൾ, ഉത്തരങ്ങൾ സഹിതം

ഒരു രാഷ്ട്രീയ ബന്ധവുമില്ല എന്ന് പറഞ്ഞല്ലോ സമര നേതാക്കൾക്ക്?

അങ്ങനെ പറഞ്ഞോ. പറഞ്ഞെങ്കിൽ അത് ശരിയാണല്ലോ, നമുക്ക് പരിചയുമുള്ള ഒരു രാഷ്ട്രീയ സംഘടനയും അവർക്കൊപ്പമുണ്ടായിരുന്നില്ല തുടക്കത്തിൽ. അവരൊറ്റയ്ക്കായിരുന്നു. നാളെ പല വിധ സംഘടനകൾ അവരവർക്ക് വേണ്ടി ഈ സമരത്തെ ഉപയോഗപ്പെടുത്തുകയാണെങ്കിൽ  ഇക്കാര്യം നേരത്തെ വ്യക്തമാക്കേണ്ടത് അവരുടെ ചുമതലയാണ്. അവരത് ചെയ്തു. രാഷ്ട്രീയ ബന്ധമില്ല എന്നത് കൊണ്ട് രാഷ്ട്രീയമില്ല എന്നാകില്ല അവർ ഉദ്ദേശിച്ചിട്ടുണ്ടാവുക. ഒരു നിർണായക ചരിത്രഘട്ടത്തിൽ ഉയർന്ന് വരുന്ന സമരം അതിന് മുന്നിൽ നിൽക്കുന്ന വ്യക്തികളാൽ അല്ല പ്രസക്തമാവുക. അതിന് കാരണമാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളാലും അതുണ്ടാക്കുന്ന രാഷ്ട്രീയ ഫലങ്ങളാലുമാണ്. നേതാക്കൾ പിന്നീട് തള്ളിപ്പറഞ്ഞാൽ പോലും അതിലെ രാഷ്ട്രീയം അതായി തന്നെ നിൽക്കും. ക്ഷേത്രപ്രവേശന സമരത്തിന് നേതൃത്വം കൊടുത്ത ആരെങ്കിലും പിന്നീട് പിന്തിരിപ്പൻ നിലപാടുകൾ സ്വീകരിച്ചത് കൊണ്ട് ക്ഷേത്രപ്രവേശനത്തിന്റെ പ്രാധാന്യം ഇല്ലാതാവുകയില്ല.

സ്ത്രീ അനുകൂല സമരമാണ് ഇതെങ്കിൽ ഉമ്മ വെക്കാനുള്ള സ്വാതന്ത്ര്യമായിരുന്നോ സ്ത്രീകൾക്ക് ആദ്യം വേണ്ടിയിരുന്നത്. എന്തൊക്കെ കാരണങ്ങളാൽ അടിച്ചമർത്തപ്പെടുന്നവളാണ് അവൾ. അത്തരം കാര്യങ്ങൾക്ക് വേണ്ടിയല്ലേ ആദ്യം സമരം നടത്തേണ്ടിയിരുന്നത്?

മുൻഗണനാക്രമങ്ങൾ വെച്ചല്ല സമരങ്ങൾ നടക്കുക. ഇത് ഉമ്മാവകാശത്തിന് വേണ്ടി മാത്രമുള്ള സമരം ആയിരുന്നില്ല താനും. ഒന്ന് കൂടെ മേൽ എഴുതിയത് വായിച്ച് നോക്കുക, സ്ത്രീയെ രണ്ടാംകിടയാക്കുന്ന എല്ലാ ശക്തികൾക്കുമെതിരായിരുന്നു ഈ സമരം.

തീരെ കുറഞ്ഞ ആളുകൾ മാത്രമല്ലേ പങ്കെടുത്തുള്ളൂ. കൂടുതൽ പേരും കാഴ്ചക്കാരായിരുന്നു?

1947 ആഗസ്റ്റ് 15ന് ശേഷം സ്വാതന്ത്ര്യം അനുഭവിക്കുകയും അതിൽ ആഹ്ലാദിക്കുകയും ചെയ്തവരെല്ലാവരും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരായിരുന്നില്ല. സ്വാതന്ത്ര്യം വേണമെന്ന ആഗ്രഹമുണ്ടായിരുന്നിട്ടും, സമരാനുകൂല മനസ്സ് വലിയ തോതിൽ ഉണ്ടായിരുന്നിട്ടും പല കാരണങ്ങളാൽ പങ്കെടുക്കാൻ പറ്റാത്തവർ കൂടെയുണ്ടായിരുന്നു. അവരുടെ ശബ്ദായമാനമല്ലാത്ത പിന്തുണ കൂടെയാണ് സ്വാതന്ത്യം സാധ്യമാക്കിയത്.

നിങ്ങളിതിനെ സ്വാതന്ത്യസമരത്തോടും ക്ഷേത്രപ്രവേശന സമരങ്ങളോടുമൊക്കെ ചേർത്ത് നിർത്തുന്നത് കടന്ന കയ്യല്ലേ?

1947 ആഗസ്റ്റ് അഞ്ചാം തീയ്യതി തൊട്ട് പതിനഞ്ച് വരെ എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി ചേർന്ന് നടത്തി  അവസാന ദിവസം വിജയത്തിലെത്തിയ ഒന്നിനെയല്ല ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്ന് വിളിക്കുന്നത്. അത് വർഷങ്ങൾ എടുത്ത ചെറുതും വലുതുമായ ചെറു ചെറു മുന്നേറ്റങ്ങളുടെ ആകെത്തുകയാണ്. അതുപോലെ ഇതും കുറെകാലങ്ങൾക്ക് ശേഷം മാത്രം പൂർണതയിലെത്തുന്ന സമത്വം എന്ന ആശയത്തിന്റെ ആദ്യകാല സംഗതികളിലൊന്നാണ്. ഇപ്പോഴിത് സ്ത്രീ സമത്വത്തിന് വേണ്ടിയാണ്, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾക്കും ഇത് മുന്നോടിയാകും.

ആത്യന്തികമായ ഇത് ലൈംഗികതയ്ക്ക് മേൽ പുരുഷാധിപത്യ ലോകം അടിച്ചേൽപ്പിച്ച അനാവശ്യ ഓറയെ ഇല്ലാതാക്കും. അതിനെ അതായി മാത്രം നിർത്തും, അതിന്റെ വിശുദ്ധമായ ആനന്ദം അങ്ങനെ തന്നെ ഉണ്ടായിരുക്കുമ്പോൾ തന്നെ ആ വിശുദ്ധിയുടെ പേരിലുള്ള പിന്തിരിപ്പൻ ഹിഡൻ അജണ്ടകളെ കയ്യൊഴിച്ച് കളയും. മനുഷ്യനെ സ്വതന്ത്രനും സമതയുള്ളവരാക്കും. ആ സമരങ്ങളുടെ ആദ്യ പാർട്ട് എന്ന നിലയ്ക്കാണ് കേരളം ഇതിനെ ഒന്നാം ചുംബനസമരം എന്ന് രേഖപ്പെടുത്തുക.

* മീഡിയാ വൺ ചാനലിൽ സീനിയർ ന്യൂസ് എഡിറ്ററാണ് ലേഖകൻ