ഫാസിസത്തിനെതിരെ സ്‌നേഹത്തിന്റെ രാഷ്ട്രീയവുമായി ലൗ ഫെസ്റ്റോ

നിങ്ങൾ പോലും അറിയാതെ നിങ്ങളെ കലാകാരനും കലാപകാരിയും ആക്കാൻ പ്രണയത്തിന് കഴിയും. പ്രണയത്തിലാവുമ്പോൾ പ്രകൃതി നെയ്തു നൽകുന്ന ഉന്മാദത്തിന്റെ ഉണർച്ചയിൽ നിങ്ങൾ കഥകളും കവിതകളും മഹാകാവ്യങ്ങളും രചിക്കും. ആകാശത്തേയും ഭൂമിയേയും ക്യാൻവാസിലേക്ക് പകർത്തും. കിളികളെ പോലെ മധുരമായി പാട്ടുകൾ മൂളും.
 | 

ഫാസിസത്തിനെതിരെ സ്‌നേഹത്തിന്റെ രാഷ്ട്രീയവുമായി ലൗ ഫെസ്റ്റോ
നിങ്ങൾ പോലും അറിയാതെ നിങ്ങളെ കലാകാരനും കലാപകാരിയും ആക്കാൻ പ്രണയത്തിന് കഴിയും. പ്രണയത്തിലാവുമ്പോൾ പ്രകൃതി നെയ്തു നൽകുന്ന ഉന്മാദത്തിന്റെ ഉണർച്ചയിൽ നിങ്ങൾ കഥകളും കവിതകളും മഹാകാവ്യങ്ങളും രചിക്കും. ആകാശത്തേയും ഭൂമിയേയും ക്യാൻവാസിലേക്ക് പകർത്തും. കിളികളെ പോലെ മധുരമായി പാട്ടുകൾ മൂളും.

പ്രണയിക്കപ്പെടാനുള്ള തീവ്രമായ ആഗ്രഹം നമ്മളെ ആവിഷ്‌ക്കാരത്തിന്റെ പുതിയ അക്ഷാംശങ്ങളും രേഖാംശങ്ങളും തേടി യാത്ര ചെയ്യാൻ പ്രേരിപ്പിക്കും. മനസ്സ്, ഒരു പക്ഷിയെ പോലെ പറന്ന നടക്കും. പി.പി.രാമചന്ദ്രന്റെ കവിതയിലെ പക്ഷി ജീവിതത്തെ പോലെ വളരെ ലളിതമായെങ്കിലും തന്റെ ജീവിതത്തെ അടയാളപ്പെടുത്താൻ പ്രണയിക്കുന്നവരുടെ ഉള്ളം തുടിക്കും. ഒരു പാട്ടിന്റെ ഈണമോ, അടയിരുതിന്റെ ചൂടോ, ഒരു തൂവൽ പൊഴിച്ചതിന്റെ ശേഷിപ്പുകളോ മതിയാകും പ്രണയത്തിന് മുമ്പിൽ തന്റെ ജീവിതത്തെ തുറുകാട്ടാനെന്ന് ഓരോ നിമിഷവും പ്രണയത്തിലായ മനുഷ്യന്റെ ഹൃദയം തുടിച്ചുകൊണ്ടിരിക്കും. ഏറ്റവും ലളിതമായി കവി പക്ഷിയുടെ ജീവിതത്തെ ആവിഷ്‌ക്കരിച്ചതുപോലെ തന്റെ പ്രണയത്തെ ആവിഷ്‌ക്കരിക്കാൻ നിങ്ങൾ പേനയും പേപ്പറും എടുക്കും. എത്ര എഴുതിയാലും തൃപ്തി വരാതെ നിലാവിലിരുന്ന് നിങ്ങൾ നിലാവിലേക്ക് പ്രണയത്തിന്റെ വഴിവെട്ടൽ ആരംഭിക്കും.

ഹൃദയരക്തത്തിൽ പേന മുക്കിയെടുത്ത് അവൾക്ക് വേണ്ടി, അവന് വേണ്ടി നിങ്ങൾ പ്രണയലേഖനങ്ങൾ എഴുതും. ഒരു ജീവിതം മുഴുവനുള്ള കഥയും കവിതയും നോവലും പാട്ടുമായി നിങ്ങളുടെ പ്രണയലേഖനങ്ങൾ മാറിക്കഴിയുമ്പോൾ അവിടെ, പ്രകൃതിയിൽ പ്രണയം നിങ്ങളുടെ പേരും എഴുതിച്ചേർക്കും. ഞാനും ഈ പ്രകൃതിയിൽ ജീവിച്ചിരുന്നെന്ന് ലോകത്തോട് നിങ്ങളുടെ പ്രണയാക്ഷരങ്ങൾ വിളിച്ചു പറയും. നിങ്ങളുടെ കൂട്ടുകാരി അല്ലെങ്കിൽ കൂട്ടുകാരൻ നിങ്ങൾ നൽകിയ പ്രണയലേഖനത്തിന് ഒരു ചെറുചിരിയോടെ മറുപടി തരുമ്പോൾ ലോകത്ത് ഏത് പ്രതിബന്ധത്തേയും നേരിടാമെന്നും പ്രതിരോധിക്കാമെന്നുമുള്ള ഉൾക്കരുത്ത് നിങ്ങൾ അറിയാതെ നിങ്ങളിൽ വന്നുചേരും. അതെ, പ്രണയത്തിൽ പ്രകൃതിയും പ്രതിരോധവും ഇഴചേർന്ന് കിടപ്പുണ്ട്.

മറ്റൊരാളുടെ ഹൃദയത്തിൽ നിങ്ങൾക്ക് സ്ഥാനം നേടിത്ത ലോകത്തിന്റെ നെറുകയിൽ നിറുത്തിച്ച പ്രണയാക്ഷരങ്ങൾക്ക് ചരിത്രപരമായ ചിലദൗത്യങ്ങൾ നിറവേറ്റാനുണ്ട്. ഫാസിസം വെറുപ്പിന്റെ വിത്തുപാകുന്ന കാലത്ത് സ്‌നേഹത്തിന്റെ രാഷ്ട്രീയം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ലൗഫെസ്റ്റോ.

ഫാസിസത്തിനെതിരെ സ്‌നേഹത്തിന്റെ രാഷ്ട്രീയവുമായി ലൗ ഫെസ്റ്റോമാതൊരു ഭാഗൻ (അർധ നാരി) എന്ന നോവലിന്റെ പേരിൽ തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ വേട്ടയാടപ്പെടുന്ന സമകാലിക സാഹചര്യത്തിൽ ഫാസിസത്തിനെതിരെ കഥകളും കവിതകളും സിനിമകളുമായി യുവത തലമുറ ഫാസിസത്തെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്. രാം കേ നാം, ജയ് ഭീം കോമ്രേഡ്, എന്നീ ഡോക്യുമെന്ററികളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സവർണ്ണതയേയും ഫാസിസ്റ്റ് മുഖത്തേയും അടയാളപ്പെടുത്തിയ ആനന്ദ് പട്‌വർധൻ തന്റെ ഫാദർ സൺ ആന്റ് ദി ഹോളി വാർ എന്ന ഡോക്യുമെന്ററിയുമായി ലൗ ഫെസ്റ്റോ വേദിയിൽ എത്തുന്നുണ്ട്. ഫാദർ സൺ ആന്റ് ദി ഹോളി വാർ എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം സംവിധായകനുമായുള്ള സംവാദത്തിനും ലൗഫെസ്റ്റോ വേദി ഒരുക്കുന്നുണ്ട്.

ഫാസിസം മറവിയെ കുറിച്ച് മാത്രം സംസാരിക്കുമ്പോൾ, ഭരണകൂടം അച്ചടക്കവും നിശബ്ദതയും നിർബന്ധമാക്കുമ്പോൾ, വരിതെറ്റിക്കുന്ന ആവിഷ്‌ക്കാരങ്ങൾ ആവശ്യമാണെന്ന് തെളിയിക്കാനുള്ള ശ്രമമാണ് സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലൂടെ ലൗ ഫെസ്റ്റോ മുന്നോട്ട് വെക്കുന്നത്.

രാജ്കുമാർ ഹിരാനിയുടെ പി.കെ.എന്ന സിനിമയ്ക്ക് നേരെ നടന്ന ഹൈന്ദവ ഫാസിസ്റ്റുകളുടെ ആക്രമണവും മുൻപ് വിശ്വരൂപത്തിന്റെ പേരിൽ മുസ്ലീം തീവ്രവാദികളിൽ നിന്നും നേരിടേണ്ടി വന്ന ആക്രമണവും ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്ന പക്ഷമാണ് ലൗഫെസ്റ്റോയുടെ രാഷ്ട്രീയം. വോട്ട് ബാങ്കുകളോ (ന്യൂനപക്ഷ/ഭൂരിപക്ഷ) പ്രീണനമോ ലൗ ഫെസ്റ്റോയുടെ നയമല്ല. തസ്ലീമാ നസ്രിൻ, പെരുമാൾ മുരുകൻ, കമലഹാസൻ, സൽമാൻ റുഷ്ദി, ആവിഷ്‌ക്കാര സ്വാതന്ത്രത്തിനെതിരെ നീളുന്ന വാളുകൾക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കുക എന്നത് ലൗഫെസ്റ്റോയുടെ പ്രഖ്യാപിത ലക്ഷ്യമാണ്.

ഗുജറാത്ത് വംശഹത്യാ കാലത്ത് രക്ഷിതാക്കളിൽ നിന്നും വേർപ്പെട്ടു പോയ മൊഹ്‌സിൻ ശരീഫ് അഹമ്മദ് ഖാൻ ലൗ ഫെസ്റ്റോയിൽ പങ്കെടുക്കുന്നുണ്ട്. മോഡിവൽക്കരിക്കപ്പെട്ട ഇന്ത്യയിൽ ഫാസിസത്തിനെതിരെ ഓർമ്മകൊണ്ട് പ്രതികരിക്കാനുള്ള ശ്രമം മൊഹ്‌സിന്റെ സാന്നിദ്ധ്യം പൊതുസമൂഹത്തിന് നൽകുന്നുണ്ട്. നൃത്തം അഭ്യസിച്ചതിന് മുസ്ലീം വർഗ്ഗീയവാദികളുടെ വിവേചനത്തിന് ഇരയായ മൻസിയയും ലൗഫെസ്റ്റോയ്ക്ക് എത്തുന്നുണ്ട്. മകളെ നൃത്തം പഠിപ്പിച്ചതിന് ഖബറിടം നിഷേധിക്കപ്പെട്ട തന്റെ ഉമ്മയെ കുറിച്ചുള്ള ഓർമ്മയാൽ മൻസിയ വർഗ്ഗീയതയെ പ്രതിരോധിക്കുകയാണ്.

പ്രണയം കൊണ്ട് വർഗ്ഗീയതയേയും ഫാസിസത്തേയും അതിജീവിച്ച അൻഷിതയും ഗൗതമും അടക്കും നൂറ് കണക്കിന് കൂട്ടുകാരും കൂട്ടുകാരികളും ലൗ ഫെസ്റ്റോയ്ക്ക് എത്തുന്നുണ്ട്. പ്രണയിച്ചതിന്റെ പേരിൽ ജാതിക്കോമരങ്ങൾ കൊന്നുതള്ളിയ ഇളവരശന്റെ ഓർമ്മകളുമായി പിതാവ് ഇളങ്കോയും ലൗ ഫെസ്റ്റോയിൽ പങ്കെടുക്കും. ജാതിരാഷ്ട്രീയക്കാലത്ത് ഇരയാക്കപ്പെട്ട പ്രണയത്തിന്റെ രക്തസാക്ഷിയായ ഇളവരശന്റെ ജീവിതവും പ്രണയവും അടയാളപ്പെടുത്തുന്ന ‘ജാതി രാഷ്ട്രീയക്കാലത്തെ പ്രണയം’ എന്ന നദീറ അജ്മൽ നിർമ്മിച്ച ഫീച്ചറിന്റെ പ്രദർശനത്തിനും ലൗ ഫെസ്റ്റോ വേദി ഒരുക്കുന്നുണ്ട്.

ഫാസിസത്തിനെതിരെ സ്‌നേഹത്തിന്റെ രാഷ്ട്രീയവുമായി ലൗ ഫെസ്റ്റോപ്രണയിക്കപ്പെടുന്നവരും, ഫാസിസിസ്റ്റുകളാലും വർഗ്ഗീയവാദികളാലും വേട്ടയാടപ്പെട്ടവരും, ഫാസിസ്റ്റുകൾക്കും വർഗ്ഗീയവാദികൾക്കും എതിരെ നിലപാടെടുക്കുന്നവരും ലൗഫെസ്റ്റോയുടെ ഭാഗമാകുന്നു. പ്രണയം-ശരീരം-രാഷ്ട്രീയം, പ്രണയം-സദാചാരം-വർഗ്ഗീയത, പ്രണയം-കല-സംസ്‌ക്കാരം, പ്രണയം-പ്രതിബന്ധങ്ങൾ-പ്രതിരോധം എന്നീ വിഷയങ്ങളിൽ സ്‌നേഹത്തിന്റെ രാഷ്ട്രീയത്തെ വ്യക്തമാക്കുന്ന ഓപ്പൺ ഫോറം ലൗ ഫെസ്റ്റോയുടെ മാനിഫസ്റ്റോ പൊതുജനങ്ങൾക്ക് മുമ്പിൽ സമർപ്പിക്കും. നിലാവ് കൂട്ടായ്മയും, ബാവുൽ സംഗീതവും, നാടകങ്ങളും, പ്രണയ നടത്തവും അടക്കം വിവിധ പരിപാടികൾ ലൗ ഫെസ്റ്റോയുടെ ഭാഗമായി അരങ്ങേറും.

നമുക്കിടയിൽ സന്ദേശങ്ങളുടെ ദൂരമോ കാത്തിരിപ്പിന്റെ മടുപ്പോ ഇല്ലെെന്നനിക്കറിയാം, അതിനുമപ്പുറം  വാചാലമാകുന്ന മൗനം നമുക്കിടയിലുണ്ട്. എന്നാൽ മതം, വർഗ്ഗം, ജാതി, കുടുംബം എന്നീ അധികാര സ്ഥാപനങ്ങൾ നമുക്കിടയിൽ വേലികളും മതിലുകളും പണിത് അകറ്റി നിറുത്തിയിരിക്കുകയാണ്. നമുക്കിടയിൽ അവർ പണിത മതിൽകെട്ടുകളാണ് ഏകാന്തതയുടെ മഹാമൗനങ്ങളെ സൃഷ്ടിക്കുന്നത്. വർഗ്ഗീയതയും ഫാസിസവും എല്ലാകാലത്തും പ്രണയിക്കുന്നവരെ അടർത്തി മാറ്റി ഇരുട്ടറകളിൽ അടക്കുകയും കൊന്നുകളയുകയും ചെയ്തിട്ടുണ്ട്. അധികാര സ്ഥാപനങ്ങൾ വേർപ്പെടുത്തി മൗനത്തിന്റെ ആഴങ്ങളിലേക്ക് കാമുകീ കാമുകന്മാരെ തള്ളിയിടും. ഏകാന്തതയിൽ അവർക്ക് കൂട്ടിരിക്കുന്ന മൗനങ്ങളുടെ ഇണയുടെ അടുത്തേക്ക് അവർ പറത്തിവിടും. ഈ മൗനങ്ങളെ കാറ്റും ആകാശവും ഏറ്റെടുത്താണ്  പ്രണയത്തിന്റെ മേഘസന്ദേശങ്ങൾ എഴുതപ്പെട്ടിട്ടുള്ളത്.

പ്രണയിക്കുന്നവർക്കായി മരംകൊത്തികളും അരിപ്രാവുകളും ദൂത് പോയിട്ടുണ്ട്. പണ്ട്…. പണ്ട്….പ്രണയത്തിന്റെ വിരഹകാലങ്ങളെ വാചാലമാക്കിയത് പ്രകൃതിയായിരുന്നു. പ്രണയത്തിന് കൂട്ടായിരുന്ന പ്രകൃതിയുടെ സ്പന്ദനങ്ങൾ, വിരഹത്തിന്റെ വേദനകളും, കാത്തിരിപ്പിന്റെ സ്വപ്‌നങ്ങളും, ഓർമ്മകളിൽ ആയിരം ഋതുക്കളായി കടുപോയിട്ടുണ്ട്. മഴയും വെയിലും മഞ്ഞും അവന്റെ നിശ്വാസമായും അവളുടെ മുടിച്ചുരുളുകളായും നമ്മുടെ ആദ്യചുംബനമായും മനസ്സിൽ പായൽപോലെ പറ്റിപ്പിടിച്ചിരിക്കും.  ഓർമ്മകളും അനുഭവങ്ങളും കാലത്തിന്റെ ഭരണിയിൽ പ്രകൃതി ഉപ്പിലിട്ട് വെച്ചിട്ടുണ്ട്. ജീവിതത്തെ പലപ്പോഴും രുചികരമാക്കുത് പ്രണയകാലത്തെ ഈ ഓർമ്മകളായിരിക്കും. തടവറകളേയും മരണത്തേയും പ്രണയം കൊണ്ട് അതിജീവിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത് ഈ ഓർമ്മകളാണ്.

ഫാസിസത്തിന്റെ കൊടിയടയാളം മറവിയാണ്, സൗഹൃദങ്ങളെ, പ്രണയങ്ങളെ ഇല്ലായ്മ ചെയ്യലാണ്… ആശയവിനിമയങ്ങളെ, സംവാദങ്ങളെ കൊന്നുകളയലാണ്… നവമാധ്യമങ്ങൾ പോലും ഇന്ന് ഫാസിസ്റ്റുകളുടേയും വർഗ്ഗീയവാദികളുടേയും പോർനിലമായി മാറിയിരിക്കുന്നു. ഇവിടെ നമുക്ക് ഓർമ്മ കൊണ്ട്, പ്രണയം കൊണ്ട്, സൗഹൃദം കൊണ്ട് പ്രതിരോധം തീർക്കാം. പ്രണയാനുഭവങ്ങൾക്കും ഓർമ്മകൾക്കും, പ്രണയകഥകൾക്കും കവിതകൾക്കും, പ്രണയ ചിത്രങ്ങൾക്കുമായി, നമുക്ക് പ്രണയത്തിന്റെ ഉത്സവത്തിൽ പങ്കാളിയാകാം… വരൂ, നമുക്ക് പ്രണയിച്ചുകൊണ്ട് ഫാസിസത്തെ നേരിടാം….