വായനക്കാരെ വിഡ്ഢികളാക്കി കേരളകൗമുദിയുടെ ഏപ്രില്‍ ഫൂള്‍ വാര്‍ത്തകള്‍

വായനക്കാരെ വിഡ്ഢികളാക്കി കേരളകൗമുദിയുടെ ഏപ്രിൽ ഫൂൾ വാർത്തകൾ. യാഥാർഥ്യവുമായി ബന്ധമില്ലാത്ത രണ്ടു വാർത്തകളാണ് കേരളകൗമുദി ഇന്ന് നൽകിയിരിക്കുന്നത്. വാർത്ത വായിച്ചു കഴിഞ്ഞ് മാത്രമെ വായനക്കാരന് മനസ്സിലാകുകയുള്ളു ഇത് ഏപ്രിൽ ഫൂൾ വാർത്തയാണെന്ന്. ഏപ്രിൽ ഫൂൾ ദിനത്തിൽ ആദ്യമായിട്ടാണ് ഒരു മലയാള പത്രം ഇത്തരത്തിൽ വാർത്ത നൽകുന്നത്. വിദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും മലയാളിക്ക് ഇത് പുതുമയാണ്
 | 
വായനക്കാരെ വിഡ്ഢികളാക്കി കേരളകൗമുദിയുടെ ഏപ്രില്‍ ഫൂള്‍ വാര്‍ത്തകള്‍

കൊച്ചി: വായനക്കാരെ വിഡ്ഢികളാക്കി കേരളകൗമുദിയുടെ ഏപ്രിൽ ഫൂൾ വാർത്തകൾ. യാഥാർഥ്യവുമായി ബന്ധമില്ലാത്ത രണ്ടു വാർത്തകളാണ് കേരളകൗമുദി ഇന്ന് നൽകിയിരിക്കുന്നത്. വാർത്ത വായിച്ചു കഴിഞ്ഞ് മാത്രമേ വായനക്കാരന് മനസ്സിലാകുകയുള്ളു ഇത് ഏപ്രിൽ ഫൂൾ വാർത്തയാണെന്ന്. ഏപ്രിൽ ഫൂൾ ദിനത്തിൽ ആദ്യമായിട്ടാണ് ഒരു മലയാള പത്രം ഇത്തരത്തിൽ വാർത്ത നൽകുന്നത്. വിദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും മലയാളിക്ക് ഇത് പുതുമയാണ്.

വാർത്തകൾ താഴെ വായിക്കാം.

ഒബാമയും ഭാര്യയും തമ്മിൽ പൊരിഞ്ഞ വഴക്ക്

വായനക്കാരെ വിഡ്ഢികളാക്കി കേരളകൗമുദിയുടെ ഏപ്രില്‍ ഫൂള്‍ വാര്‍ത്തകള്‍

വാഷിങ്ടൺ: എല്ലാ ദാമ്പത്യ ബന്ധങ്ങളിലും സൗന്ദര്യ പിണക്കങ്ങൾ പതിവാണ്. ചില സമയങ്ങളിൽ പൊരിഞ്ഞ അടിവരെ നടക്കാറുണ്ട്. ഇടിവെട്ടിയുള്ള മഴയ്ക്ക് ശേഷം എല്ലാം ശാന്തമാവുന്നത് പോലെ അതങ്ങ് അവസാനിക്കുകയും ചെയ്യും. എന്നാൽ വഴക്കുണ്ടാവുന്നത് ലോകം അറിയപ്പെടുന്ന ഒരു കുടുംബത്തിലാണെങ്കിൽ എന്തു ചെയ്യും?? അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.

അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലുമാണ് ഈ അടിപിടിക്കേസിലെ പ്രതികൾ. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ നിന്ന് പാത്രങ്ങൾ വീണുടയുന്ന ശബ്ദം കേട്ടാണ് സുരക്ഷാ ജീവനാക്കാരും ജോലിക്കാരും സംഭവം അറിഞ്ഞത്. കനത്ത സുരക്ഷാ വലയത്തെ ഭേദിച്ച് പ്രസിഡന്റിന്റെ വസതിയിലേക്ക് കടന്നു കയറി ആരെങ്കിലും ആക്രമണം നടത്തിയെന്നാണ് എല്ലാവരും കരുതിയത്. ഉടൻ തന്നെ കൂടുതൽ സുരക്ഷാ സേന പാഞ്ഞെത്തി കൊട്ടാരം വളഞ്ഞു. അതിനിടെ സൈനികരിൽ ഒരാളുടെ ആത്മഗതം,? കൊല്ലപ്പെട്ട ഒസാമ ബിൻലാദന്റെ ആൾക്കാർ വല്ലതും പ്രസിഡന്റിനെ ആക്രമിക്കാൻ വന്നതാണോ? ഇത് കേട്ട മറ്റൊരു സൈനികൻ പറഞ്ഞത് ചുമ്മാ മണ്ടത്തരം പറയല്ലേ, ഇത് റഷ്യയിൽ നിന്നുള്ള ആക്രമണവമാവാനാണ് സാധ്യത എന്നാണ്.

അപ്പോൾ വീണ്ടും ടപ്പേ എന്നൊരു ശബ്ദം കേട്ടു. ദേ കിടക്കുന്നു പാത്രങ്ങൾ നാലെണ്ണം. പിന്നെ ഒരു ആക്രോശവും. സുരക്ഷാ സൈനികർ പതിയെ ശബ്ദം കേട്ട ഭാഗത്ത് എത്തി. നിങ്ങൾ എന്തു കരുതി ഞാൻ വെറും ഭാര്യയാണെന്നോ?? കുറെ നാളായി കേൾക്കുന്നു. സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ. കൂടുതൽ കളിച്ചാലേ പ്രസിഡന്റിന്റെ ഭാര്യയാണൊന്നും നോക്കില്ല,? എന്റെ തനി സ്വഭാവം ഞാനങ്ങ് കാണിക്കും പറഞ്ഞേക്കാം? ഒബാമയുടെ ഭാര്യ മിഷേൽ തണുക്കുന്ന ലക്ഷണമില്ല.

ഇത് കണ്ട ഒബാമ അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ നിൽക്കുകയാണ്. എന്താ മനുഷ്യാ നിങ്ങളുടെ നാവിറങ്ങിപ്പോയോ? ഞാൻ ചോദിച്ചതിന് മറുപടിയൊന്നും ഇല്ലേ. അതോടെ ഒബാമയുടെ കൺട്രോൾ പോയി. നീ ആരാന്നാടീ നിന്റെ വിചാരം. ലോകം മൊത്തം കറങ്ങാൻ പോവുമ്പോൾ നിന്നെയും കൂടെ എഴുന്നള്ളിച്ച എന്നെ വേണം പറയാം. ഇപ്പോൾ ഞാൻ മോശക്കാരൻ, നിനക്ക് എന്നെ പിടിക്കുന്നില്ല അല്ലേ. ഒരു കൊല്ലം കൂടി കഴിയുമ്പോൾ പ്രസിഡന്റ് സ്ഥാനമങ്ങ് പോവും. അപ്പോൾ നീയൊക്കെ പഠിക്കും. മേലും കീഴും നോക്കാതെ അഹങ്കരിക്കുകയാ. ഇത് കേട്ട് അരിശം മൂത്ത മിഷേൽ ഡൈനിംഗ് ടേബിളിലിരുന്ന കുപ്പി ഗ്ലാസ് വലിച്ചൊരേറ്. ഇതെല്ലാം കണ്ട് സൈനികർ നിൽക്കുന്ന ജനാലയ്ക്കരികിൽ വീണാണ് ഗ്ലാസ് പൊട്ടിയത്. ജനാലയ്ക്ക് സമീപം നിന്ന് സൈനികനാവട്ടെ എല്ലാം തന്റെ ഫോണിൽ റെക്കാഡ് ചെയ്യുകയായിരുന്നു. നാളെ വാട്‌സ് ആപ്പിൽ ഇടാനുള്ളതാ. ഫേസ്ബുക്കിലിട്ടാൽ അതിനും കിട്ടും കുറെ ലൈക്കും കമന്റും.

എല്ലാം എറിഞ്ഞ് പൊട്ടിക്ക്. പോവുമ്പോൾ ഇതിന്റെയെല്ലാം നഷ്ടപരിഹാരം അവര് വാങ്ങിച്ചോളും. പൊതു മുതൽ തല്ലിപ്പൊട്ടിച്ച ശേഷം നഷ്ടപരിഹാരം കൊടുക്കാതെ പോവാൻ ഇത് ഇന്ത്യയൊന്നുമല്ല? ഒബാമ അലറുകയാണ്. പിന്നെ കേട്ടത് ഡും ഡും എന്ന ശബ്ദം മാത്രമാണ്. എന്താണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥർക്ക് മനസിലായതുമില്ല.

മൂന്ന് മിനിട്ടോളം നിശബ്ദത. സൂചി വീണാൽ കേൾക്കാം. അപ്പോഴാണ് ഉദ്യോഗസ്ഥർക്ക് കാര്യം മനസിലായത്. ഒബാമയുടെ മുതുകത്ത് മിഷേൽ ചപ്പാത്തി പരത്തുകയായിരുന്നു. ഇടപെടണോ വേണ്ടയോ എന്ന് ആലോചിച്ച് സൈനികർ തല പുണ്ണാക്കുന്നതിനിടെ ഒബാമ തറയിൽ നിന്ന് എഴുന്നേറ്റു. മിഷേൽ തന്നെ അദ്ദേഹത്തെ താങ്ങിപ്പിടിച്ചു കൊണ്ട് മുറിയിലേക്ക് പോയി. അതിനിടെ മിഷേലിന്റെ കമന്റ് മുടിഞ്ഞ ഭാരം തന്നെ….

ഏതായാലും അമേരിക്കയുടെ പ്രഥമ പൗരന്റെ കുടുംബത്തിലുണ്ടായ ഈ വഴക്ക് വാട്‌സ്ആപ്പ് വഴി ചൂടപ്പം പോലെ പ്രചരിക്കുകയാണ്. വൈറ്റ് ഹൗസിലുള്ളവർ പൊടിപ്പും തൊങ്ങലും വച്ച് വായ്‌മൊഴിയായും സംഭവം പ്രചരിപ്പിക്കുന്നുണ്ട്. ഏറ്റവും വലിയ പ്രശ്‌നം അതല്ല,? ഈ വാട്‌സ് ആപ്പ് ദൃശ്യങ്ങൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ കൈയിലും എത്തിയിട്ടുണ്ട്.

(ഈ വാർത്തയ്ക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല)
മോഡി ക്ഷണിച്ചു, യശോദ ബെൻ ഇനി പ്രധാനമന്ത്രിയുടെ ഭാര്യ

 

വായനക്കാരെ വിഡ്ഢികളാക്കി കേരളകൗമുദിയുടെ ഏപ്രില്‍ ഫൂള്‍ വാര്‍ത്തകള്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യയായി ജീവിക്കാനുള്ള യശോദ ബെന്നിന്റെ ആഗ്രഹം സഫലമാവുന്നു. എല്ലാ ഭിന്നതകളും മറന്ന് മോഡി തന്നെയാണ് യശോദയെ തന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. മേയിൽ തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രധാനമന്ത്രിയായ ശേഷം മോഡി ക്ഷണിച്ചാൽ താൻ ഒപ്പം ജീവിക്കാൻ തയ്യാറാണെന്ന് യശോദ വ്യക്തമാക്കിയിരുന്നു.

ബാല്യകാലത്താണ് ഇരുവരുടെയും സമുദായാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നത്. ബാല്യത്തിലും പതിമ്മൂന്നാമത്തെ വയസിലുമുള്ള ചടങ്ങുകൾ കഴിഞ്ഞിരുന്നു. ഒരുമിച്ച് താമസം തുടങ്ങാനുള്ള മൂന്നാമത്തെ ചടങ്ങായ ഗുന നടത്തുന്നതിനായി ഇരുകുടുംബങ്ങളും തയ്യാറെടുക്കവെ പതിനെട്ടാം വയസിൽ മോഡി വീടുവിട്ടു പോവുകയായിരുന്നു. ഇതിനിടെ 1987ൽ മാത്രമാണ് ഇരുവരും പരസ്പരം കണ്ടത്. പഠിക്കാനും ജോലി നേടി സ്വന്തം കാലിൽ നിൽക്കാനും തന്നെ പ്രേരിപ്പിച്ചത് മോഡിയാണെന്ന് യശോദ ബെൻ നേരത്തെ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് യശോദയെ തേടി മോഡിയുടെ ക്ഷണം എത്തിയത്. വിവരമറിഞ്ഞ യശോദ ആദ്യമൊന്ന് അമ്പരന്നു. എന്നാൽ ഉടൻ തന്നെ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി. അദ്ദേഹം തന്നെ ഒരിക്കൽ ജീവിതത്തിലേക്ക് ക്ഷണിക്കും എന്ന് ഉറപ്പുണ്ടായിരുന്നു എന്നായിരുന്നു ഇത് സംബന്ധിച്ച് യശോദയുടെ പ്രതികരണം. മോഡി ക്ഷണിച്ച സാഹചര്യത്തിൽ മുടങ്ങിപ്പോയ ഗുന വീണ്ടും നടത്താനും തീരുമാനിച്ചു. ചടങ്ങിലേക്ക് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ള ദക്ഷിണേഷ്യയിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.

(ഈ വാർത്തയ്ക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല)