ഷാർളി ഹെബ്ദോയെ വിമർശിച്ച് മാധ്യമം; കൊലയെ ന്യായീകരിക്കുന്ന കാർട്ടൂണും

അല്ലെങ്കിലും അതങ്ങനെയെ വരു. ഉരച്ചുരച്ച് വരുമ്പോൾ ചെമ്പ് തെളിയുന്നതാണ് ഇത്തരം സ്വർണ്ണ ഉരുപ്പടികളുടെപതിവ്. മുറിച്ച് മുറിച്ച് അകത്തേക്ക് ചെല്ലുമ്പോൾ പച്ചതെളിയുന്ന തണ്ണിമത്തനെപ്പോലെ! തീവ്രവാദമെന്നാൽ കേരളത്തിലൊന്നും കാണാൻ കിട്ടാത്ത സാധനമാണെന്ന് കരുതുന്ന ചില ശുദ്ധമനസ്കരുണ്ട്. അവരുടെ സിറിൽ റാഡ് ക്ലിഫ് ലൈനാണ് ഇത്. ഇതിനപ്പുറം പാക്കിസ്ഥാനാണ്.
 | 

ആർ. ധർമൻ

ഷാർളി ഹെബ്ദോയെ വിമർശിച്ച് മാധ്യമം; കൊലയെ ന്യായീകരിക്കുന്ന കാർട്ടൂണും
അല്ലെങ്കിലും അതങ്ങനെയെ വരു. ഉരച്ചുരച്ച് വരുമ്പോൾ ചെമ്പ് തെളിയുന്നതാണ് ഇത്തരം സ്വർണ്ണ ഉരുപ്പടികളുടെപതിവ്. മുറിച്ച് മുറിച്ച് അകത്തേക്ക് ചെല്ലുമ്പോൾ പച്ചതെളിയുന്ന ചില കമ്മ്യൂണിസ്റ്റ് തണ്ണിമത്തനുകളുണ്ടല്ലോ. അതുപോലെ. തീവ്രവാദമെന്നാൽ കേരളത്തിലൊന്നും കാണാൻ കിട്ടാത്ത സാധനമാണെന്ന് കരുതുന്ന ചില ശുദ്ധമനസ്‌കരുണ്ട്. അവരുടെ സിറിൽ റാഡ് ക്ലിഫ് ലൈനാണ് ഇത്. ഇതിനപ്പുറം പാക്കിസ്ഥാനാണ്.

സ്വർണത്തെക്കുറിച്ചാണല്ലൊ പറഞ്ഞു വന്നത്. അവിടേക്ക് തന്നെ മടങ്ങാം. മലയാളത്തിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് സുവർണ ശോഭ പരത്തുന്ന മാധ്യമ ശിങ്കമാണ് മാധ്യമം പത്രം. ചില സമയങ്ങളിലൊഴികെ എക്കാലവും അവർ തങ്ങളുടെ നിലപാടിലുറച്ച് നിന്നിട്ടുണ്ട്. ദളിതുകളുടെ, ആദിവാസികളുടെ, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടിട്ടുണ്ട്. ഒരു ഉദാഹരണത്തിന് പറയുകയാണെങ്കിൽ ഒരൊറ്റ വനിതാ ജേണലിസ്റ്റിനെ പോലും ജോലിക്ക് പ്രവേശിപ്പിക്കാതിരുന്ന കാലത്തു പോലും മാധ്യമം വീക്കിലി കമനീയമായ കവറുകളോടെ സ്ത്രീവാദ പതിപ്പുകൾ അച്ചടിച്ചിട്ടുണ്ട്. തങ്ങളുടെ മതത്തിന് നോവാത്ത തരം ആവിഷ്‌കാരത്തിന്റെ കാര്യം വരുമ്പോഴെല്ലാം ആ ജിഹ്വ കുരച്ച് പുറത്ത് ചാടിയിട്ടുമുണ്ട്.

ഷാർളി ഹെബ്ദോയെ വിമർശിച്ച് മാധ്യമം; കൊലയെ ന്യായീകരിക്കുന്ന കാർട്ടൂണുംഅവർ ഇന്ന് അച്ചടിച്ച മുഖപ്രസംഗം എടുത്ത് ചില്ലിട്ട് വക്കേണ്ട ഒന്നാണ്. ഷാർലി ഹെബ്ദോയാണ് വിഷയം. ഫ്രഞ്ച് വാരികയിൽ ഒരു കാർട്ടൂൺ അച്ചടിച്ച പേരിൽ മുസ്ലീം മതത്തിൽ പെട്ട ചിലർ 12 പേരെ വെടിവെച്ച് കൊന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടേയുള്ളു. ഷാർലി ഹെബ്ദോയിൽ നടത്തിയ നരനായാട്ട് മുഴുഭ്രാന്താണ് എന്ന കാര്യത്തിൽ മാധ്യമത്തിന് സംശയമൊന്നുമില്ല. പക്ഷെ ആ വാരിക തന്നെയാണ് ഈ സംഭവങ്ങൾക്കെല്ലാം കാരണമെന്ന് അർത്ഥ ശങ്കക്കിടയില്ലാത്ത വിധം മാധ്യമത്തിന്റെ പത്രാധിപർ പറഞ്ഞുവെയ്ക്കുന്നു. ആ വാക്കുകൾ ഇങ്ങനെയാണ് ‘ഭ്രാന്തിളകുന്നവരെ പിന്നെയും ആവേശം കൊള്ളിച്ച് ആളാകാനും പത്രത്തിന് പ്രചാരം കൂട്ടാനും തുടർ പ്രകോപനവുമായി മുന്നോട്ട് വന്നതിന്റെ ഫലമാണ് കഴിഞ്ഞ ആഴ്ച കണ്ട തേർവാഴ്ച്ച. ആക്രമികൾക്ക് കലിയിളക്കിയപ്പോഴും വിജയിച്ചത് കലിയിളക്കിയവർ തന്നെയാണ്.’

ഷാർളി ഹെബ്ദോയെ വിമർശിച്ച് മാധ്യമം; കൊലയെ ന്യായീകരിക്കുന്ന കാർട്ടൂണുംഅതായത് ഉത്തമാ, പാരീസിൽ വെടിവെച്ച് കൊല്ലാൻ വന്ന ആക്രമികൾ പാവങ്ങളായിരുന്നു, സാധുക്കൾ. അവർ അങ്ങനെ സമാധാനപരമായി ജീവിച്ച് പോകുന്നതിനിടയിലാണ് ഒരിക്കൽ പ്രകോപനവുമായി ഷാർലി എബ്ദോ വരുന്നത്. അതോടെ അവർ അക്രമികൾ ആയി മാറാൻ നിർബന്ധിതരാവുകയായിരുന്നു. ഈ നിലയ്ക്ക് വേണം മാധ്യമത്തിന്റെ മുഖപ്രസംഗം മനസ്സിലാക്കാൻ. അതിന് ഒരു കാരണവും പത്രാധിപർ കണ്ട് പിടിക്കുന്നുണ്ട്.

’44 വർഷത്തെ പാരമ്പര്യമുള്ള ഫ്രഞ്ച് വാരിക അച്ചടിക്കുന്ന 60,000 കോപ്പിയിൽ പകുതി പോലും വിൽക്കാനാകാതെ കുത്തുപാളയെടുക്കുന്ന ഘട്ടമെത്തിയപ്പോൾ നിന്നുപിഴയ്ക്കാൻ കണ്ടെത്തിയ മാർഗമാണ് പ്രവാചകനെ പഴിച്ചും പരിഹസിച്ചുമുള്ള കാർട്ടൂണുകൾ.’ എന്ന് എഡിറ്റോറിയലിൽ പറയുന്നു. പറയുന്നത് കേട്ടാൽ തോന്നും ഷാർലി എബ്ദോയിലെ സർക്കുലേഷൻ മാനേജരായിരുന്നു മാധ്യമം പത്രത്തിന്റെ എഡിറ്റർ എന്ന്. വിൽക്കുന്നതെത്ര, വിൽക്കാത്തതെത്ര എന്നിങ്ങനെ ഇനം തിരിച്ചൊക്കെയാണല്ലോ കണക്ക്.

താരിഖ് അലി എന്ന ഇടത് ചിന്തകന്റെ ലേഖനവും ഇന്ന് മാധ്യമം പത്രം എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഖപ്രസംഗത്തിന് പറയാൻ പരിമിതി ഉള്ള കാര്യങ്ങൾ മറ്റൊരാളെക്കൊണ്ട് പറയിക്കുകയായിരിക്കും ലക്ഷ്യം. അതേതായാലും നന്നായി, നാളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായി നടിച്ച് രംഗത്തെത്തുമ്പോൾ മാധ്യമം അങ്ങനെ പറഞ്ഞില്ലേ, ഇങ്ങനെ പറഞ്ഞില്ലേ എന്നൊന്നും സംഘപരിവാർ പ്രഭൃതികൾ ആഘോഷിക്കില്ലല്ലോ!

താരിഖ് അലിയുടെ കാര്യം കഷ്ടമാണ്. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ വിവർത്തനം വായിച്ചാൽ തോന്നും താരിഖ് അലി തോക്ക് കിട്ടാത്തതുകൊണ്ടാണ് വെടിവെയ്പിന് ഇറങ്ങാത്തതെന്ന്. യാഥാർത്ഥ ലേഖനവും മലയാള പരിഭാഷയും തമ്മിൽ ഒത്തുനോക്കി അംഗീകാരം നൽകിയതിന് ശേഷമാകുമോ ഇതൊക്കെ പ്രസിദ്ധീകരിക്കുന്നതെന്ന് ന്യായമായും സംശയം തോന്നും. അദ്ദേഹത്തിന്റെ ഈ വാചകം ശ്രദ്ധിക്കുക. ‘ മുസ്ലീം യുവാക്കളുടെ ആക്രമണോത്സുകതയുടെ പ്രേരണ പരിശോധിക്കാതെ നടത്തുന്ന നിഗമനങ്ങൾ അർത്ഥ ശൂന്യമാണ്. പാശ്ചാത്യർ സൃഷ്ടിച്ച സവിശേഷ സാഹചര്യങ്ങളാണ് യുവാക്കളെ സമരോത്സുകതയിലേക്ക് ആകർഷിക്കുന്നത് ‘

എങ്ങനുണ്ട് താരിഖിന്റെ വാദഗതി. എന്തായാലും യുവാക്കളെ പട്ടുംവളയും കൊടുത്ത് ആദരിക്കണമെന്ന് അദ്ദേഹം പറയുന്നില്ല, ഭാഗ്യം. പക്ഷെ, താരിഖ് അലിയുടെ ലേഖനം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത മാധ്യമത്തിന്റെ ഡസ്‌കിലെ മഹാന് ഒരു അവാർഡ് ഉറപ്പായും കൊടുക്കണം. യുവാക്കളെ സമരോത്സുകതയിലേക്ക് നയിക്കുന്നത് എന്നൊക്കെ എഴുതി വയ്ക്കാൻ വല്ലാത്ത ചങ്കൂറ്റം വേണമെന്റെ കോയാ… ആളുകളെ പോയിന്റ് ബ്‌ളാങ്കിൽ വെടിവെച്ച് കൊല്ലുന്ന പരിപാടിയാണ് ഈ സമരോത്സുകത.

തീർന്നില്ല… അല്പം കൂടി ഉരയ്ക്കാനുണ്ട്. ചെമ്പ് ഇത്തിരികൂടി തെളിയും. അമേരിക്കൻ കാർട്ടൂണിസ്റ്റായ ജോയ് സാക്കായുടെ കാർട്ടൂണും ഇന്ന് മാധ്യമം വിവർത്തനം ചെയ്ത് അച്ചടിച്ചിട്ടുണ്ട്. അതിലെ ആദ്യത്തെ കോളത്തിൽ തന്നെ നിലപാട് തെളിയുന്നു. കഥാപാത്രം ചോദിക്കുകയാണ് ‘ നെഞ്ചത്തടിച്ച് കരയേണ്ടതായി കാട്ടേണ്ടതായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യമല്ലേ അപകടത്തിൽ പെട്ടിരിക്കുന്നത് ? എന്ന്.

ആ പരിഹാസത്തിൽ എല്ലാമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമം ഉൾപ്പെടെയുള്ള പത്രങ്ങളിൽ പാരീസ് ആക്രമണത്തെ അപലപിച്ചെഴുതിയ വരികളിലെ ആത്മാർത്ഥത എന്തായിരുന്നുവെന്ന് ഈ വാചകം സൂചിപ്പിക്കുന്നു.

ഷാർളി ഹെബ്ദോയെ വിമർശിച്ച് മാധ്യമം; കൊലയെ ന്യായീകരിക്കുന്ന കാർട്ടൂണുംമുഴുവൻ വായിച്ചു കഴിയുമ്പോൾ, പ്രവാചകനെ വരച്ചാൽ മതത്തിന്റെ മൂല്യങ്ങൾ എല്ലാം തകർന്നുവെന്ന് ആവർത്തിക്കുന്ന എഡിറ്റോറിയൽ നയമാണ് മാധ്യമം പോലൊരു പത്രം പുലർത്തുന്നത് എന്ന് ഉറപ്പാകും. കേരളം പോലൊരു ബഹുസ്വര സമൂഹത്തിൽ പോലും ഇതാണ് സ്ഥിതിയെങ്കിൽ മറ്റുള്ളിടത്ത് അവസ്ഥ എന്താകും എന്നൂഹിക്കാം. വിശ്വാസികളിലേക്ക് ഇത്തരം നിഗമനങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നത് ആ മതത്തെ കൂടുതൽ കലുഷിതമാക്കുകയേയുള്ളു. അങ്ങനെ ആരെങ്കിലും എന്തെങ്കിലും വരച്ചാൽ തകരാത്ത വിധം മാനവവികതയിൽ അടിയുറച്ചതാണ് ഇസ്ലാമിന്റെ ദർശനമെന്ന് പറയാനുള്ള പക്വത മാധ്യമം പോലൊരു പത്രത്തിന് പോലും ഇല്ലാതെ പോയത് സങ്കടകരമാണ്. ഇതാണ് നിലപാടെങ്കിൽ തോക്കെടുക്കുന്നവർ ന്യൂനപക്ഷമാകില്ല സർ; അവർ ന്യൂനപക്ഷമാകാൻ നിങ്ങളേപ്പോലുള്ളവർ സമ്മതിക്കില്ല.

വാൽക്കഷ്ണം: മാധ്യമപ്രവർത്തകനായ പി.ടി.നാസർ ഫേസ്ബുക്കിൽ എഴുതിയ ഈ വരികൾക്ക് പ്രസക്തിയുണ്ട്. ഷാർലി ഹെബ്ദോയുടെ കാർട്ടൂൺ ചിത്രത്തോടൊപ്പം നാസർ എഴുതി- ‘ഇതാണ് നബിയെന്ന് അവര് പറഞ്ഞെന്നുവെച്ച് ഇത് നമ്മളെ നബിയാകുമോ? ഇതാണ് നബിയെന്നു പറഞ്ഞ് നമ്മള് തുള്ളണേ? ഇത് കണ്ടാൽ കുഞ്ഞായിൻ മുസ്ല്യാരു പോലും ചിരിക്കൂലാ…’

ഷാർളി ഹെബ്ദോയെ വിമർശിച്ച് മാധ്യമം; കൊലയെ ന്യായീകരിക്കുന്ന കാർട്ടൂണും