ലാലിസത്തെ വിമർശിക്കുന്നവരെ മുക്കാലിയിൽ കെട്ടി അടിക്കണമെന്ന് മാതൃഭൂമി

മാക്സിസം, ഗാന്ധിസം എന്നിവയുടെ നിലവാരം ലാലിസത്തിന് കാണുമെന്ന് കരുതിയവരെയാണ് മുക്കാലിയിൽ കെട്ടിയിട്ട് അടിക്കണമെന്ന് മാതൃഭൂമി ദിനപത്രം. മാതൃഭൂമിയുടെ സ്പോർട്സ് പേജിൽ അമ്മു റോക്സ് എന്ന കോളത്തിലാണ് ലാലിസത്തെ പിന്തുണച്ചുകൊണ്ടുള്ള ലേഖനം പ്രത്യക്ഷപ്പെട്ടത്. അഭിനയത്തിന്റെ മറുകര കണ്ട പ്രതിഭ അവതരിപ്പിക്കുന്ന പരിപാടി അഭിനയമാവരുതെന്ന് പറയുന്നവരെ കേരളത്തിലേക്ക് തന്നെ നാടുകടത്തണം. അരലക്ഷത്തോളം പേർ കാണനെത്തിയ പരിപാടി പിഴച്ചു പോകാതിരിക്കാൻ റിക്കോർഡ് ചെയ്ത് അവതരിപ്പിച്ചതിലെന്താണ് തെറ്റെന്നും മാതൃഭൂമി ചോദിക്കുന്നു
 | 
ലാലിസത്തെ വിമർശിക്കുന്നവരെ മുക്കാലിയിൽ കെട്ടി അടിക്കണമെന്ന് മാതൃഭൂമി

കൊച്ചി: മാക്‌സിസം, ഗാന്ധിസം എന്നിവയുടെ നിലവാരം ലാലിസത്തിന് കാണുമെന്ന് കരുതിയവരെയാണ് മുക്കാലിയിൽ കെട്ടിയിട്ട് അടിക്കണമെന്ന് മാതൃഭൂമി ദിനപത്രം പറയുന്നു. മാതൃഭൂമിയുടെ സ്‌പോർട്‌സ് പേജിൽ അമ്മു റോക്‌സ് എന്ന കോളത്തിലാണ് ലാലിസത്തെ പിന്തുണച്ചുകൊണ്ടുള്ള ലേഖനം പ്രത്യക്ഷപ്പെട്ടത്. അഭിനയത്തിന്റെ മറുകര കണ്ട പ്രതിഭ അവതരിപ്പിക്കുന്ന പരിപാടി അഭിനയമാവരുതെന്ന് പറയുന്നവരെ കേരളത്തിൽ നിന്ന് നാടുകടത്തണം. അരലക്ഷത്തോളം പേർ കാണനെത്തിയ പരിപാടി പിഴച്ചു പോകാതിരിക്കാൻ റിക്കോർഡ് ചെയ്ത് അവതരിപ്പിച്ചതിലെന്താണ് തെറ്റെന്നും മാതൃഭൂമി ചോദിക്കുന്നു.

ഗെയിംസിലെ കുറ്റവും കുറവും ആർക്കും വേണ്ട എല്ലാവരും ലാലിസത്തിന്റെ പിന്നാലെയാണ്. സോഷ്യൽ മീഡിയയിലാണെങ്കിൽ ലാലിസത്തെക്കുറിച്ച് പറയാത്തവനെ പുറത്താക്കുന്ന അവസ്ഥയും. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന്റെ പൊലിമ കുറച്ചത് ലാലിസമാണെന്നാണ് സംഘാടകർ വരെ പാടി നടക്കുന്നത്. വേദികളിൽ വെള്ളവും വെളിച്ചവും ഒന്നും ഇല്ലാത്തതൊന്നും ആർക്കും പ്രശ്‌നമില്ല. മാവോവാദികളെക്കാൾ ഭീകരരായിട്ടാണ് ലാലിസ്റ്റുകളെ നാട്ടുകാർ ഇപ്പോ കാണുന്നത്.

രണ്ടു കോടി വാങ്ങിയാണ് പരിപാടി അവതരിപ്പിക്കുന്നതെന്ന് അസൂയക്കാർ പണ്ടെ പറഞ്ഞു പരത്തിയിട്ടുണ്ടല്ലോ. അരിക്കും പയറിനും വില കൂടുന്നതൊന്നും ആർക്കും പ്രശ്‌നമല്ല. സൂപ്പർതാരം കോട്ടുമിട്ട് രാത്രി ഉറക്കം കളഞ്ഞ് വേദിയിൽ സൗജന്യമായി പരിപാടി അവതരിപ്പിക്കണമത്രേ. കാരണം സച്ചിൻ പണം വാങ്ങാതെയാണ് വരുന്നത്. ലേഖനം പറയുന്നു.

സച്ചിനെയും നമ്മുടെ സ്വന്തം താരത്തെയും താരതമ്യപ്പെടുത്താൻ പറ്റുമോ, സച്ചിൻ കളി നിർത്തി വീട്ടിലിരിക്കുന്നയാളാണ്. ലാൽ ഇപ്പോഴും മലയാളത്തിന്റെ സൂപ്പർതാരം. പണം വാങ്ങിയിട്ടില്ല അണിയറ പ്രവർത്തകർക്ക് ചിലവിനുള്ളതാ മാത്രമെ വാങ്ങിയുള്ളുവെന്ന് നെഞ്ചിൽ കൈവെച്ച് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. പരിപാടി കഴിഞ്ഞപ്പോൾ ചിലർക്കെങ്കിലും വിശ്വാസമായിട്ടുണ്ട്.

എന്തായാലും ലാലിസം ദേശീയ ഗെയിംസിന്റെ മുഖഛായ തന്നെ മാറ്റിക്കളഞ്ഞു. ഒന്ന് ചീയുന്നത് മറ്റൊന്നിന് വളം എന്ന പഴഞ്ചൊല്ല് പോലെ ദേശീയ ഗെയിംസിന്റെ നടത്തിപ്പാണ് ഏറ്റവും മോശം എന്ന് പറഞ്ഞവർ ഒറ്റ രാത്രികൊണ്ടാണ് അഭിപ്രായം മാറ്റിയതെന്നും മാതൃഭൂമി പറയുന്നു.