മനോരമയ്ക്ക് 10 കോടി; തിരുവഞ്ചൂരിന്റെ വാർത്താ സമ്മേളനം മാധ്യമങ്ങൾ ബഹിഷ്‌കരിച്ചു

ദേശീയ ഗെയിംസിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തിന്റെ പേരിൽ 'മലയാള മനോരമ'യ്ക്ക് 10.61 കോടി രൂപയുടെ കരാർ നൽകിയ സംഭവത്തിൽ മറ്റ് മാധ്യമങ്ങളുടെ പ്രതിഷേധം. ഗെയിംസുമായി ബന്ധപ്പെട്ട് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ച വാർത്താസമ്മേളനം മാധ്യമങ്ങൾ ബഹിഷ്കരിച്ചു
 | 

മനോരമയ്ക്ക് 10 കോടി; തിരുവഞ്ചൂരിന്റെ വാർത്താ സമ്മേളനം മാധ്യമങ്ങൾ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം:
ദേശീയ ഗെയിംസിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തിന്റെ പേരിൽ ‘മലയാള മനോരമ’യ്ക്ക് 10.61 കോടി രൂപയുടെ കരാർ നൽകിയ സംഭവത്തിൽ മറ്റ് മാധ്യമങ്ങളുടെ പ്രതിഷേധം. ഗെയിംസുമായി ബന്ധപ്പെട്ട് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ച വാർത്താസമ്മേളനം മാധ്യമങ്ങൾ ബഹിഷ്‌കരിച്ചു. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യാ വിഷൻ, മാതൃഭൂമി ന്യൂസ് തുടങ്ങിയ ചാനലുകളും കൗമുദി, മാധ്യമം, മാതൃഭൂമി, ദീപിക തുടങ്ങിയ പത്രങ്ങളും വാർത്താ സമ്മേളനം ബഹിഷ്‌കരിച്ചതായി ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.

ഒരുകോടി പേരെ പങ്കെടുപ്പിച്ച് സംസ്ഥാനത്തെ 7,000 കേന്ദ്രങ്ങളിൽ കൂട്ടയോട്ടം സംഘടിപ്പിക്കാനാണ് സർക്കാർ മനോരമയ്ക്ക് കരാർ നൽകിയത്. കഴിഞ്ഞ 16ന് ചേർന്ന ഗെയിംസ് പബ്ലിസിറ്റി കമ്മിറ്റിയുടെ കോർ ഗ്രൂപ്പ് യോഗത്തിലാണ് ഇത് തീരുമാനിച്ചത്. കൂട്ടയോട്ടത്തിന് പശ്ചാത്തലമൊരുക്കാൻ 4.49 കോടി രൂപയും പ്രചാരണത്തിന് 6.12 കോടിയുമാണ് നീക്കി വച്ചിരിക്കുന്നത്. മറ്റ് മാധ്യമങ്ങൾക്ക് പരസ്യം നൽകാനുള്ള തുകയും ഇതിൽപ്പെടുമെങ്കിലും അതിലും ഉയർന്ന വിഹിതം മനോരമയ്ക്ക് ലഭിക്കുമെന്നും ദേശാഭിമാനി പറയുന്നു.

അതേസമയം, പരിപാടിയുടെ നടത്തിപ്പ് ചുമതല മനോരമയ്ക്ക് നൽകിയത് ടെൻഡർ നടപടികളിലൂടെയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പരസ്യ ടെൻഡർ ഓഗസ്റ്റ് 25-ന് പ്രമുഖ മാധ്യമങ്ങളിലും ദേശീയ ഗെയിംസിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. അന്തിമ ടെൻഡറിൽ മനോരമയുടെ ആഭിമുഖ്യത്തിലുള്ള ജംഗ്ഷൻ കെയും മറ്റൊരു ഏജൻസിയുമാണ് യോഗ്യത നേടിയത്. രണ്ടാമത്തെ കമ്പനി 22 കോടി ആവശ്യപ്പെട്ടതിനെ തുടർന്ന് കരാർ മനോരമയ്ക്ക് തന്നെ നൽകുകയായിരുന്നുവെന്ന് തിരുവഞ്ചൂർ വിശദീകരിച്ചു.