അപ്പുക്കുട്ടൻ വള്ളിക്കുന്ന് ആദ്യമായി കൈരളി ചാനലിൽ

മലയാളത്തിലെ മിക്കവാറും എല്ലാ ചാനലുകളിലും രാഷ്ട്രീയ ചർച്ചകളിൽ സ്ഥിര സാന്നിദ്ധ്യമാണ് അപ്പുക്കുട്ടൻ വളളിക്കുന്ന്. പക്ഷേ കൈരളിയിൽ മാത്രം ഒരിക്കലും അദ്ദേഹത്തിന് പ്രവേശനമുണ്ടായിരുന്നില്ല. മുൻപ് പാർട്ടിയംഗവും ദേശാഭിമാനിയിലെ ജേർണലിസ്റ്റുമായിരുന്ന അപ്പുക്കുട്ടൻ കൈരളി ചാനൽ തുടങ്ങും മുൻപേ ദേശാഭിമാനിയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.
 | 

അപ്പുക്കുട്ടൻ വള്ളിക്കുന്ന് ആദ്യമായി കൈരളി ചാനലിൽ
തിരുവനന്തപുരം: മലയാളത്തിലെ മിക്കവാറും എല്ലാ ചാനലുകളിലും രാഷ്ട്രീയ ചർച്ചകളിൽ സ്ഥിര സാന്നിദ്ധ്യമാണ് അപ്പുക്കുട്ടൻ വളളിക്കുന്ന്. പക്ഷേ കൈരളിയിൽ മാത്രം ഒരിക്കലും അദ്ദേഹത്തിന് പ്രവേശനമുണ്ടായിരുന്നില്ല. മുൻപ് പാർട്ടിയംഗവും ദേശാഭിമാനിയിലെ ജേർണലിസ്റ്റുമായിരുന്ന അപ്പുക്കുട്ടൻ കൈരളി ചാനൽ തുടങ്ങും മുൻപേ ദേശാഭിമാനിയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ചാനലിന്റെ പതിനാലു വർഷത്തെ പ്രവർത്തനത്തിനിടയിൽ ഒരിക്കൽ പോലും അപ്പുക്കുട്ടൻ വളളിക്കുന്നിന് അവിടെക്ക് പ്രവേശനം ലഭിക്കുകയും ചെയ്തില്ല.

അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയിൽ വച്ച് മരിച്ച രാജനുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കാനാണ് അപ്പുക്കുട്ടനെ കൈരളി ചാനൽ ഇന്നലെ വിളിച്ചത്. രാജനെ കൂത്താട്ടുകുളത്തെ മാംസ സംസ്‌കരണ ഫാക്ടറിയിൽ യന്ത്രത്തിലരച്ച് പന്നികൾക്ക് തീറ്റയായി ഇട്ടുക്കൊടുത്തു എന്ന് അക്കാലത്ത് പോലീസ് ഡ്രൈവറായ ബെന്നി എന്നയാൾ കൈരളി പീപ്പിൾ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഈ വിഷയം ചർച്ച ചെയ്യുന്നതിനാണ് അപ്പുക്കുട്ടൻ വളളിക്കുന്നിനെ കൈരളി വിളിച്ചത്.

ദേശാഭിമാനിയിൽ ലേഖകനായിരുന്ന കാലത്ത് അദ്ദേഹം എഴുതിയ ‘കക്കയം ക്യാമ്പ് കഥ പറയുന്നു’ എന്ന പരമ്പര രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. രാജൻ കേസ് ജനശ്രദ്ധയിൽ കൊണ്ട് വന്ന ഈ പരമ്പര പിന്നീട് ഇതേ പേരിൽ പുസ്തകമാവുകയും ചെയ്യ്തു. രാജൻ കൊല്ലപ്പെട്ട സംഭവത്തിൽ ദീർഘകാലം അന്വേഷണം നടത്തി എന്നതാകാം അപ്പുക്കുട്ടനെ ചർച്ചയ്ക്ക് വിളിക്കാൻ കാരണമായത്.

കൂത്താട്ടുകുളത്ത് കൊല്ലപ്പെട്ടത് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത രാജൻ ആയിരിക്കില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത അപ്പുക്കുട്ടൻ വളളിക്കുന്ന് പറഞ്ഞു. സാഹചര്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കക്കയം ക്യാമ്പിലാണ് രാജനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. കൂത്താട്ടുകുളത്ത് കൊണ്ടുവന്നു എന്ന് പറയുന്നത് മറ്റാരെയെങ്കിലും ആയിരിക്കും. ഇതേക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.