ഇന്ത്യാവിഷനിലെ പ്രതിഷേധങ്ങൾക്ക് ഏകീകൃത രൂപം; കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു

ദിവസങ്ങളായി ഇന്ത്യാവിഷൻ ചാനലിൽ തുടർന്ന് വന്നിരുന്ന ജീവനക്കാരുടെ പ്രതിഷേധങ്ങൾക്ക് ഏകീകൃത രൂപം. മുഴുവൻ ജീവനക്കാരും യോഗം ചേർന്ന് കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം എറണാകുളം ഹൈവേ ഗാർഡൻ ഹോട്ടലിൽ ചേർന്ന യോഗത്തിൽ സ്ഥാപനത്തിലെ ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ ന്യൂസ് ബ്യൂറോകളിൽ നിന്നുള്ളവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
 | 
ഇന്ത്യാവിഷനിലെ പ്രതിഷേധങ്ങൾക്ക് ഏകീകൃത രൂപം; കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു


കൊച്ചി:
ദിവസങ്ങളായി ഇന്ത്യാവിഷൻ ചാനലിൽ തുടർന്ന് വന്നിരുന്ന ജീവനക്കാരുടെ പ്രതിഷേധങ്ങൾക്ക് ഏകീകൃത രൂപം. മുഴുവൻ ജീവനക്കാരും യോഗം ചേർന്ന് കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം എറണാകുളം ഹൈവേ ഗാർഡൻ ഹോട്ടലിൽ ചേർന്ന യോഗത്തിൽ സ്ഥാപനത്തിലെ ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ ന്യൂസ് ബ്യൂറോകളിൽ നിന്നുള്ളവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

നാലുമാസമായി ശമ്പളം നൽകാത്ത മാനേജ്‌മെന്റ് നടപടിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് യോഗത്തിലുയർന്നത്. മുഴുവൻ പേർക്കും ഒരു മാസത്തെയെങ്കിലും ശമ്പളം ലഭിക്കാതെ ബുള്ളറ്റിനുകൾ ആരംഭിക്കാനാകില്ലെന്ന് ജീവനക്കാർ പറഞ്ഞു. ഇത് യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു. പിന്നീട് ജേണലിസ്റ്റ് യുണിയൻ ഭാരവാഹികളുടെ ഇടപെടലിനേത്തുടർന്ന് മുടങ്ങിയ ശമ്പളം പൂർണമായി ലഭിച്ചാലേ ചാനലിന്റെ പ്രവർത്തനം ആരംഭിക്കാനാകൂ എന്ന് മാനേജ്‌മെന്റിനെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ടോടെ 25,000 രൂപയിൽ താഴെ പ്രതിമാസ ശമ്പളമുള്ള ജീവനക്കാർക്ക് അവസാന മാസത്തെ ശമ്പളം ലഭിച്ചു. ബാക്കിയുള്ളവർക്കു കൂടി ശമ്പളം നൽകിയാൽ വാർത്തകൾ പുനരാരംഭിച്ച് സ്ഥാപനത്തെ പിടിച്ച് നിർത്താനാണ് ഒരു വിഭാഗം ജീവനക്കാർ ശ്രമിക്കുന്നത്. ജേണലിസ്റ്റുകൾ, ക്യാമറാമാൻമാർ, വീഡിയോ എഡിറ്റർമാർ, മാർക്കറ്റിംഗ് മാനേജർമാർ, ഡ്രൈവർമാർ, അക്കൗണ്ടന്റുമാർ, ഡി.ടി.പി. ഓപ്പറേറ്റർമാർ, ഓഫീസ് അസിസ്റ്റന്റുമാർ തുടങ്ങി 250ഓളം ജീവനക്കാരാണ് ഇന്ത്യാവിഷനിൽ ജോലി ചെയ്യുന്നത്.

നിലവിൽ മൂന്ന് ദിവസമായി വാർത്താ ബുള്ളറ്റിനുകൾ മുടങ്ങിയ നിലയിലാണ്. നേരത്തെ ചിത്രീകരിച്ച പരിപാടികൾ മാത്രം ആവർത്തിച്ച് കാണിച്ചാണ് ചാനൽ പ്രവർത്തിക്കുന്നത്. വാർത്താ ബുള്ളറ്റിനുകളും ലൈവ് പരിപാടികളും പൂർണമായി മുടങ്ങിയിട്ടുണ്ട്.

കെ.യു.ഡബ്യൂ.ജെയെ പ്രതിനിധീകരിച്ച് എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.രവികുമാർ യോഗത്തിനെത്തിയിരുന്നു. കോർഡിനേഷൻ കമ്മറ്റിയുടെ കൺവീനറായി വീഡിയോ എഡിറ്റർ ജോഷിയെയും ജോയിന്റ് കൺവീനറായി ആർ.ശ്രീജിത്തിനെയും തെരഞ്ഞെടുത്തു. നേരത്തെ മാനേജ്‌മെന്റ് അനുകൂല നിലപാട് എടുത്തിരുന്നവർ ഉൾപ്പെടെ യോഗത്തിനെത്തിയിരുന്നു.

ഇതിനിടെ, ഇന്ത്യാവിഷൻ പ്രവർത്തിക്കുന്ന എറണാകുളം പാടിവട്ടത്തെ ടുട്ടൂസ് ടവർ ഉടമകൾ ഇന്ത്യാവിഷൻ മാനേജ്‌മെന്റിനെതിരെ കെട്ടിടം ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട് നൽകിയ കേസ് അവസാന ഘട്ടത്തിലാണെന്ന് സൂചനകളുണ്ട്. വർഷങ്ങളായി വാടക നൽകാത്ത ഇനത്തിൽ കോടിക്കണക്കിന് രൂപയുടെ കുടിശികയാണ് നൽകാനുള്ളത്. സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റുക എന്നത് ജീവനക്കാർ സമരത്തിലായിരിക്കുന്ന ഘട്ടത്തിൽ ദുഷ്‌കരമാകുമെന്നും പറയപ്പെടുന്നു.

ജീവനക്കാരുടെ പി.എഫ് അടക്കാത്തതിന്റെ പേരിൽ മറ്റൊരു കേസും സ്ഥാപനം നേരിടുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഈ ഇനത്തിലുള്ളത്. ഇന്ത്യാവിഷനെ വലക്കുന്ന വലിയ പ്രതിസന്ധികളിലൊന്ന് ഈ പി.എഫ് കേസാണ്.