വിവാദ ഡോക്യുമെന്ററി ബിബിസി യൂട്യൂബിൽ നിന്നും നീക്കി

ഡൽഹി കൂട്ട ബാലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗിന്റെ അഭിമുഖം അടങ്ങിയ ഡോക്യുമെന്ററി യൂട്യൂബിൽ നിന്നും ബിബിസി നീക്കം ചെയ്തു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ നിർദേശത്തെത്തുടർന്നാണ് ഡോക്യുമെന്ററി ബിബിസി നീക്കം ചെയ്തത്.
 | 

വിവാദ ഡോക്യുമെന്ററി ബിബിസി യൂട്യൂബിൽ നിന്നും നീക്കി

ന്യൂഡൽഹി: ഡൽഹി കൂട്ട ബാലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗിന്റെ അഭിമുഖം അടങ്ങിയ ഡോക്യുമെന്ററി യൂട്യൂബിൽ നിന്നും ബിബിസി നീക്കം ചെയ്തു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നിർദേശത്തെത്തുടർന്നാണ് ഡോക്യുമെന്ററി ബിബിസി നീക്കം ചെയ്തത്.

ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയ്ക്ക് യുകെയിൽ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തിരുന്നു. ഇതിന് പിന്നാലെ യൂട്യൂബിൽ ഡോക്യുമെന്ററി പ്രത്യക്ഷപ്പെടുകയും ചെയ്തു. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ‘ഇന്ത്യയുടെ മകൾ’ എന്ന ഡോക്യുമെന്ററി കണ്ടത്. പലരും ഇത് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുകയും ചെയ്തു. അതുകൊണ്ടുതന്നെ ബിബിസിയുടെ യൂട്യൂബ് ചാനലിൽനിന്ന് നീക്കം ചെയ്‌തെങ്കിലും കേന്ദ്രസർക്കാരിന്റെ പ്രദർശന നിരോധനം മറികടന്ന് ഈ ചിത്രം ഇന്ത്യയുടെ സൈബറിടങ്ങളിലുണ്ടാവും.

അതേസമയം കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടി കേന്ദ്ര സർക്കാർ ബിബിസിക്ക് നോട്ടീസ് അയച്ചു. പഠനാവശ്യത്തിനെന്ന പേരിൽ ചിത്രീകരിച്ച പ്രതിയുടെ അഭിമുഖം വാണിജ്യ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്.