വാട്‌സാപ്പ് തട്ടിപ്പ്; മലപ്പുറത്ത് യുവാവില്‍ നിന്ന് വിദേശ വനിത വെട്ടിച്ചത് 1 ലക്ഷം രൂപ

ഇക്കാലത്ത് ഇന്റര്നെറ്റ് തട്ടിപ്പുകളുമായി നിരവധി പേര് സോഷ്യല് മീഡിയയില് സജീവമാണ്. ഫെയിസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിത മലപ്പുറത്തുള്ള യുവാവില് നിന്നും തട്ടിയെടുത്തത് ഒരു ലക്ഷം രൂപ. ഫെയിസ്ബുക്കിലൂടെയാണ് അജ്ഞാതയായ വിദേശ വനിതയെ യുവാവ് പരിചയപ്പെടുന്നത്. സൗഹൃദം വളര്ന്നപ്പോള് ഇരുവരും വാട്സാപ്പ് വഴി ചാറ്റിങ് ആരംഭിച്ചിരുന്നു.
 | 

വാട്‌സാപ്പ് തട്ടിപ്പ്; മലപ്പുറത്ത് യുവാവില്‍ നിന്ന് വിദേശ വനിത വെട്ടിച്ചത് 1 ലക്ഷം രൂപ

മലപ്പുറം: ഇക്കാലത്ത് ഇന്റര്‍നെറ്റ് തട്ടിപ്പുകളുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഫെയിസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിത മലപ്പുറത്തുള്ള യുവാവില്‍ നിന്നും തട്ടിയെടുത്തത് ഒരു ലക്ഷം രൂപ. ഫെയിസ്ബുക്കിലൂടെയാണ് അജ്ഞാതയായ വിദേശ വനിതയെ യുവാവ് പരിചയപ്പെടുന്നത്. സൗഹൃദം വളര്‍ന്നപ്പോള്‍ ഇരുവരും വാട്‌സാപ്പ് വഴി ചാറ്റിങ് ആരംഭിച്ചിരുന്നു.

അടുത്തിടെ യുവാവിന്റെ വിലാസം യുവതി ആവശ്യപ്പെട്ടു. വിലാസം നല്‍കാന്‍ ആദ്യം മടിച്ചെങ്കിലും ഒരു സമ്മാനം അയക്കാനാണെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു. തുടര്‍ന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് വഴി സമ്മാനം എത്തുമെന്ന് യുവാവിന് നിര്‍ദേശം ലഭിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ ചിലര്‍ വിളിച്ച് വിലകൂടിയ പാഴ്‌സലാണ് ഡ്യൂട്ടി അടക്കേണ്ടി വരുമെന്ന് യുവാവിനെ അറിയിച്ചു. കൈയ്യിലുണ്ടായിരുന്ന മുഴുവന്‍ തുകയും ഒപ്പിച്ച് അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് 25000 രൂപ അയക്കുകയും ചെയ്തു.

പക്ഷേ പിന്നീട് വീണ്ടും അതേ നമ്പറില്‍ നിന്ന് കോള്‍ വരികയും പാഴ്‌സലില്‍ ഡോളറാണെന്നും നിയമലംഘനത്തിന് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. പാര്‍സല്‍ വേണ്ടെന്നും തിരിച്ചയച്ചോളൂവെന്നും യുവാവ് മറുപടി പറഞ്ഞെങ്കിലും നിയമ നടപടിയെക്കുറിച്ച് പറഞ്ഞ് ഭീഷണി തുടര്‍ന്നു. ഇതോടെ മറ്റൊരു വഴിയുമില്ലാതായ യുവാവ് സഹോദരിയുടെ സ്വര്‍ണം പണയം വച്ചും മറ്റും 70,000 രൂപ സമാഹരിച്ച് ഇതേ അക്കൗണ്ടിലേക്കിട്ടു. അമേരിക്കന്‍ എംബസിയുടെ എന്‍ഒസി ഇല്ലാത്തതിനാല്‍ വീണ്ടും 1,35,000 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടതോടെ തട്ടിപ്പ് യുവാവിന് മനസിലായി. മിസോറാമിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരിക്കുന്നത്. യുവാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.