റിലയൻസിന്റെ മൾട്ടിപ്ലെക്‌സുകൾ കേരളത്തിൽ നിന്നുള്ള കാർണിവൽ ഗ്രൂപ്പ് ഏറ്റെടുക്കുന്നു

അനിൽ അംബാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മൾട്ടിപ്ലെക്സുകൾ കേരളത്തിൽ നിന്നുള്ള കാർണിവൽ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. 700 കോടിയിലധികം വരുന്ന തുകയുടെ ഏറ്റെടുക്കലാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇരു കമ്പനികളും തുക വ്യക്തമാക്കിയിട്ടില്ല.
 | 

റിലയൻസിന്റെ മൾട്ടിപ്ലെക്‌സുകൾ കേരളത്തിൽ നിന്നുള്ള കാർണിവൽ ഗ്രൂപ്പ് ഏറ്റെടുക്കുന്നു
കൊച്ചി: അനിൽ അംബാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മൾട്ടിപ്ലെക്‌സുകൾ കേരളത്തിൽ നിന്നുള്ള കാർണിവൽ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. 700 കോടിയിലധികം വരുന്ന തുകയുടെ ഏറ്റെടുക്കലാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇരു കമ്പനികളും തുക വ്യക്തമാക്കിയിട്ടില്ല.

ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ കാർണിവൽ ഗ്രൂപ്പ് 300 സ്‌ക്രീനുകളുമായി രാജ്യത്തെ മൂന്നാമത്തെ മൾട്ടിപ്ലെക്‌സ് ശൃംഖലയായി മാറും. റിലയൻസ് മീഡിയ വർക്‌സിന്റെ ഉടമസ്ഥതയിലുള്ള തീയേറ്റർ ശൃംഖലയാണ് കാർണിവൽ സ്വന്തമാക്കുന്നത്.

റിലയൻസ് ക്യാപ്പിറ്റലിന് കീഴിൽ വരുന്ന മീഡിയ വർക്‌സിന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സാന്നിധ്യമുണ്ട്. ഏകദേശം 250ഓളം സ്‌ക്രീനുകളാണ് ഇവർക്ക് നിലവിലുള്ളത്.

അങ്കമാലി കേന്ദ്രമായി പ്രവർത്തിക്കുന്ന കാർണിവൽ ഗ്രൂപ്പിന് നിലവിൽ കേരളത്തിൽ മാത്രമാണ് തീയേറ്ററുകൾ ഉള്ളത്. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ എന്നാണ് സൂചന. 2017 ആകുമ്പോഴേക്കും 1000 സ്‌ക്രീനുകൾ ഉള്ള മൾട്ടിപ്ലെക്‌സ് ശൃംഖലയാണ് കാർണിവൽ ലക്ഷ്യമിടുന്നതെന്ന് ഗ്രൂപ്പ് ചെയർമാൻ ശ്രീകാന്ത് ഭാസി പറയുന്നു.

മാധ്യമ രംഗത്തും മുതൽമുടക്ക് നടത്താൻ ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്. ഫാരിസ് അബുബക്കറിന്റെ ഉടമസ്ഥതയിൽ പ്രവർത്തനം ആരംഭിച്ച മെട്രോ വാർത്ത ദിനപ്പത്രത്തെ അടുത്ത കാലത്ത് കാർണിവൽ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.