അട്ടപ്പാടിയിലെ ശിശുമരണനിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കുറവെന്ന് വിദഗ്ധ സമിതി

അട്ടപ്പാടിയിലെ ശിശുമരണനിരക്കും ഗർഭസ്ഥ ശിശു മരണനിരക്കും സംസ്ഥാനത്തെ നിരക്കിനേക്കാൾ കുറവാണെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ ഡോക്ടർമാരടങ്ങിയ സമിതിയുടെ റിപ്പോർട്ട്.
 | 

അട്ടപ്പാടിയിലെ ശിശുമരണനിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കുറവെന്ന് വിദഗ്ധ സമിതി

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണനിരക്കും ഗർഭസ്ഥ ശിശു മരണനിരക്കും സംസ്ഥാനത്തെ നിരക്കിനേക്കാൾ കുറവാണെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ ഡോക്ടർമാരടങ്ങിയ സമിതിയുടെ റിപ്പോർട്ട്. ആദിവാസി സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള പ്രധാന കാരണമായി സമിതി ചൂണ്ടിക്കാണിക്കുന്നത് അയൺ, ഫോളിക് ആസിഡ് ഗുളികകൾ കഴിക്കാൻ മടികാണിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആദിവാസി സ്ത്രീകളിലെ മദ്യത്തിന്റ ഉപയോഗവും ശിശുമരണത്തിന് കാരണമാകുന്നുണ്ട്. ആദിവാസി സ്ത്രീകളിൽ അധികവും പ്രസവം ആശുപത്രികളിൽ നടത്താൻ കൂട്ടാക്കാറില്ല. വയറ്റാട്ടിയുടെ മേൽനോട്ടത്തിലുള്ള പ്രസവവും ശിശുമരണത്തിന് കാരണമാകുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ശിശുമരണത്തിന് കാരണം നിരോധിത കീടനാശിനി എൻഡോസൾഫാന്റെ ഉപയോഗമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തലയോട്ടിയും തലച്ചോറുമില്ലാതെ അനെൽഷെഫാലി എന്ന രോഗാവസ്ഥയിൽ കുട്ടികൾ ജനിച്ച സാഹചര്യത്തിലാണ് മരണ കാരണം കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ രോഗാവസ്ഥയിൽ ജനിച്ച കുട്ടിയുടെ അമ്മ കൃഷിയിടങ്ങളിൽ പണിയെടുത്തതായോ വീടിന്റെ പരിസരത്ത് കൃഷി നടത്തുന്നതായോ സമിതിക്ക് കണ്ടെത്താനായിട്ടില്ല. ഇത്തരത്തിൽ കുട്ടി ജനിച്ച മറ്റ് അമ്മമാരെയും കണ്ടെത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ എൻഡോസൾഫാന്റെ ഉപയോഗമാണോ മരണ കാരണമെന്ന് വ്യക്തമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

തൃശ്ശൂർ മെഡിക്കൽ കോളേജിലെ അഡീഷണൽ പ്രൊഫസർമാരായ ഡോ. നീലിമ കോശി, ഡോ.കെ.ആർ.രാധ, അസോഷ്യേറ്റ് പ്രൊഫസർ ഡോ.ടി.എ ഷീല, അസിസ്റ്റന്റ് പ്രൊഫസർ ഡോ.എം.വി സജ്‌ന എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.