പത്തനംതിട്ട സീറ്റ് തര്‍ക്കം; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ അണികളുടെ പ്രതിഷേധം

പത്തനംതിട്ട സ്ഥാനാര്ത്ഥി തര്ക്കത്തെ തുടര്ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് പി.എസ് ശ്രീധരന്പിളളയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില് ബിജെപി അണികളുടെ പ്രതിഷേധം. ദേശീയ അധ്യക്ഷന് അമിത് ഷാ യുടെ ഫെയിസ്ബുക്ക് പേജിലാണ് അണികളുടെ പ്രതിഷേധം അരങ്ങേറുന്നത്. പിള്ളയെ മത്സരിപ്പിക്കരുതെന്നും കെ. സുരേന്ദ്രനെ സീറ്റിലേക്ക് പരിഗണിക്കണമെന്നുമാണ് പ്രവര്ത്തകരുടെ ആവശ്യം. പിള്ള മത്സരിച്ചാല് പത്തനംതിട്ടയില് കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ചിലര് മുന്നറിയിപ്പ് നല്കുന്നുണ്ട്.
 | 
പത്തനംതിട്ട സീറ്റ് തര്‍ക്കം; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ അണികളുടെ പ്രതിഷേധം

കൊച്ചി: പത്തനംതിട്ട സ്ഥാനാര്‍ത്ഥി തര്‍ക്കത്തെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളളയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി അണികളുടെ പ്രതിഷേധം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുടെ ഫെയിസ്ബുക്ക് പേജിലാണ് അണികളുടെ പ്രതിഷേധം അരങ്ങേറുന്നത്. പിള്ളയെ മത്സരിപ്പിക്കരുതെന്നും കെ. സുരേന്ദ്രനെ സീറ്റിലേക്ക് പരിഗണിക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം. പിള്ള മത്സരിച്ചാല്‍ പത്തനംതിട്ടയില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പത്തനംതിട്ട സീറ്റില്‍ മല്‍സരിക്കാനുളള മോഹം ശ്രീധരന്‍ പിള്ള മാറ്റിവെക്കണമെന്നും സുരേന്ദ്രനാണ് അവിടെ സാധ്യതയെന്നുമാണ് മറ്റു ചിലരുടെ വാദം. സുരേന്ദ്രന്റെ പക്ഷത്ത് നില്‍ക്കുന്ന ചിലരാണ് സൈബര്‍ ക്യാംപെയിനിന് തുടക്കം കുറിച്ചതെന്നാണ് സൂചന. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അമിത് ഷാ പോസ്റ്റ് ചെയ്ത കുറിപ്പിനടിയില്‍ പോലും സുരേന്ദ്രന് വേണ്ടി അണികള്‍ മുറവിളി കൂട്ടുന്നുണ്ട്.

മുരളീധരപക്ഷവും കെ. സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ട സീറ്റിനായി പിടിവലി നടത്തുകയാണ്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. കോട്ടയം സീറ്റ് നല്‍കി പ്രശ്ന പരിഹാരത്തിന് പാര്‍ട്ടി ശ്രമിക്കുന്നുണ്ടെങ്കിലും സമവായത്തിന് കണ്ണന്താനം തയ്യാറായിട്ടില്ല. ആവശ്യപ്പെട്ട സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കണ്ണന്താനം, ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍.

പത്തനംതിട്ടയില്‍ കണ്ണന്താനത്തിനെയാണ് ദേശീയ നേതൃത്വത്തിനും താല്‍പ്പര്യം. എന്നാല്‍ തിരുവനന്തപുരം സീറ്റിലേക്ക് കുമ്മനം രാജശേഖരന്‍ എത്തിയതോടെ പിന്തള്ളപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ നിര്‍ത്തണമെന്നാണ് ചില നേതാക്കളുടെ ആവശ്യം. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാല്‍ പത്തനംതിട്ടക്ക് വേണ്ടി കെ സുരേന്ദ്രന്‍ സമ്മര്‍ദം തുടരുകയാണ്. പിന്നാലെയാണ് സൈബര്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.