പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില് പ്രതിപ്പട്ടികയില് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ നല്കിയ ഹര്ജി തള്ളി.
 | 
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി

കൊച്ചി:

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ നല്‍കിയ ഹര്‍ജി തള്ളി. കൊച്ചിയിലെ വിചാരണക്കോടതിയാണ് ഹര്‍ജി തള്ളിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയത്.

ഇതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ വിചാരണ ആരംഭിക്കുന്നതിന് മുമ്പായി കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിന് മുന്നോടിയായുള്ള വാദം കഴിഞ്ഞയാഴ്ച കോടതിയില്‍ നടന്നിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയത്.

കേസിലെ ഡിജിറ്റല്‍ തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപ് സാങ്കേതിക വിദഗ്ദ്ധന്റെ സാന്നിധ്യത്തില്‍ കണ്ടതിന് ശേഷമാണ് തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന വാദം ഉന്നയിച്ച് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഹര്‍ജിയില്‍ ഉണ്ടായിരുന്നതിനാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടരുതെന്ന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് ഹര്‍ജിയില്‍ വാദം കേട്ടത്.

കേസുമായി ബന്ധപ്പെട്ട് നിരന്തരം ഹര്‍ജികള്‍ നല്‍കിക്കൊണ്ട് വിചാരണാ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. മെയ് മാസത്തിന് മുന്‍പ് കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്.