ആനക്കൊമ്പ് കേസ്; മോഹന്‍ലാലിന് കോടതിയുടെ സമന്‍സ്

അനധികൃതമായി ആനക്കൊമ്പുകള് കൈവശം വെച്ചതിന് മോഹന്ലാലിന് സമന്സ്.
 | 
ആനക്കൊമ്പ് കേസ്; മോഹന്‍ലാലിന് കോടതിയുടെ സമന്‍സ്

കൊച്ചി: അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചതിന് മോഹന്‍ലാലിന് സമന്‍സ്. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മോഹന്‍ലാലിനും മറ്റ് മൂന്ന് പേര്‍ക്കും സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്. ഡിസംബര്‍ 6ന് ഹാജരാകണമെന്ന് കാട്ടിയാണ് സമന്‍സ്. 2012ലാണ് രേഖകളില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ചതിന് മോഹന്‍ലാലിനെതിരെ വനംവകുപ്പ് കേസെടുത്തത്.

ഇതില്‍ നടത്തിയ അന്വേഷണത്തില്‍ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേസ് പിന്‍വലിച്ചിരുന്നു. യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് അന്നത്തെ വനംമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആനക്കൊമ്പുകള്‍ മോഹന്‍ലാലിന് തിരികെ നല്‍കുകയും ചെയ്തു. കൊമ്പ് സൂക്ഷിക്കാന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പിന്നീട് അനുമതി നല്‍കി.

ഇതിനെതിരെ എറണാകുളം സ്വദേശിയായ പി.പി. പൗലോസ് നല്‍കിയ കേസിലാണ് ഇപ്പോള്‍ സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് കോംപ്ലക്സില്‍ ഹില്‍ ഗാര്‍ഡനില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍.എസ്. ഗേറ്റില്‍ നയനം വീട്ടില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയ്‌ലേഴ്സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്ട്മെന്റില്‍ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കൃഷ്ണകുമാറിന്റെ ‘കൃഷ്ണന്‍കുട്ടി’ എന്ന ആന ചരിഞ്ഞപ്പോള്‍ ആ കൊമ്പ് ലാലിന് നല്‍കിയതാണെന്നും കൊമ്പ് കാട്ടാനയുടേത് അല്ലെന്നുമാണ് വനംവകുപ്പ് വാദിച്ചത്.