സമ്മേളനത്തിന് തുടക്കമായി; വി.എസ് പതാക ഉയർത്തി

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു. ഇഎംഎസ് സ്റ്റേഡിയത്തിലെ പികെ ചന്ദ്രാനന്ദന്റെ പേരിലുള്ള പൊതുസമ്മേളന നഗറിൽ വി.എസ് അച്യുതാനന്ദൻ പതാക ഉയർത്തി. 21-ാം പാർടി കോൺഗ്രസിനു മുന്നോടിയായി നാലുദിവസം നീളുന്ന പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച രാവിലെ ആരംഭിക്കും.
 | 
സമ്മേളനത്തിന് തുടക്കമായി; വി.എസ് പതാക ഉയർത്തി

ആലപ്പുഴ:
സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു. ഇഎംഎസ് സ്റ്റേഡിയത്തിലെ പികെ ചന്ദ്രാനന്ദന്റെ പേരിലുള്ള പൊതുസമ്മേളന നഗറിൽ വി.എസ് അച്യുതാനന്ദൻ പതാക ഉയർത്തി. 21-ാം പാർടി കോൺഗ്രസിനു മുന്നോടിയായി നാലുദിവസം നീളുന്ന പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച രാവിലെ ആരംഭിക്കും.

രാവിലെ ഒമ്പതിനു വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പോളിറ്റ് ബ്യൂറോ അംഗങ്ങൾ, കേന്ദ്ര കമ്മിറ്റിയംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, സ്വാഗതസംഘം ഭാരവാഹികൾ എന്നിവർ പുഷ്പചക്രം സമർപ്പിക്കുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. തുടർന്ന് കളർകോട് ജങ്ഷനിൽ പ്രത്യേകം തയാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തിൽ സമ്മേളന പ്രതിനിധികൾ പുഷ്പാർച്ചന നടത്തും. 10.30ന് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. പൊളിറ്റ് ബ്യൂറൊ അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രൻപിള്ള, വൃന്ദ കാരാട്ട്, എ.കെ. പത്മനാഭൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി തുടങ്ങിയവർ പങ്കെടുക്കും. സ്വാഗത സംഘം ജനറൽ സെക്രട്ടറി ജി. സുധാകരൻ എംഎൽഎ സ്വാഗതം പറയും. ജില്ലാ സമ്മേളനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികൾക്കൊപ്പം 200 വിശിഷ്ട വ്യക്തികളും സമ്മേളനത്തിൽ പങ്കെടുക്കും. റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയും, മറുപടിയും, കമ്മിറ്റി തെരഞ്ഞടുപ്പും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. സമാപന ദിനമായ 23ന് 25,000 ചുവപ്പു സേനാംഗങ്ങളുടെ പരേഡും, ഒരു ലക്ഷം പേരുടെ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്. സമാപന സമ്മേളനത്തിൽ പൊളിറ്റ് ബ്യൂറൊ അംഗങ്ങളടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കും.