സച്ചിയുടെ മരണ കാരണം അനസ്‌തേഷ്യാ പിഴവല്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തിന് കാരണം അനസ്തേഷ്യാ പിഴവല്ലെന്ന് ഡോക്ടര്.
 | 
സച്ചിയുടെ മരണ കാരണം അനസ്‌തേഷ്യാ പിഴവല്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍

തൃശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തിന് കാരണം അനസ്‌തേഷ്യാ പിഴവല്ലെന്ന് ഡോക്ടര്‍. സച്ചിക്ക് ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോ.പ്രേംകുമാറാണ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയത്. അനസ്‌തേഷ്യ നല്‍കി 6 മണിക്കൂറിന് ശേഷമാണ് സച്ചിക്ക് ഹൃദയാഘാതം ഉണ്ടായതെന്നും സച്ചിയുടെ ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ ഇക്കാര്യം അറിവുള്ളതാണെന്നും ഡോക്ടര്‍ പറഞ്ഞു. ചികിത്സാപ്പിഴവാണ് സച്ചിയുടെ മരണത്തിന് കാരണമെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് വിശദീകരണവുമായി ഡോക്ടര്‍ രംഗത്തെത്തിയത്.

വ്യാഴാഴ്ച രാത്രിയാണ് തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സച്ചി മരിച്ചത്. മറ്റൊരു ആശുപത്രിയില്‍ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സച്ചിക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ഏതാനും ദിവസങ്ങളായി ഐസിയുവില്‍ കഴിയുകയായിരുന്നു. ചോക്കളേറ്റ് എന്ന പ്രിഥ്വിരാജ് ചിത്രത്തിന് വേണ്ടി സേതുവിനൊപ്പം തിരക്കഥയെഴുതിക്കൊണ്ടാണ് സച്ചി സിനിമയില്‍ എത്തിയത്. പിന്നീട് റോബിന്‍ഹുഡ്, മെയ്ക്കപ്പ്മാന്‍, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര തിരക്കഥാകൃത്തായത്.

ഷെര്‍ലക് ടോംസ്, ചേട്ടായീസ്, രാമലീല തുടങ്ങിയ ചിത്രങ്ങള്‍ക്കും സച്ചി തിരക്കഥയൊരുക്കി. പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അനാര്‍ക്കലിയാണ് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അയ്യപ്പനും കോശിയുമാണ് രണ്ടാമത്തെ ചിത്രം.