കിൻഫ്ര ഫുഡ് പാർക്കിലെ മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണശാലക്ക് ഹൈക്കോടതി സ്‌റ്റേ

മലപ്പുറം കാക്കഞ്ചേരി കിൻഫ്ര ഫുഡ് പാർക്കിലെ മലബാർ ഗോൾഡ് ആഭരണ നിർമ്മാണശാലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കേരള ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഫുഡ്പാർക്കിൽ അനധികൃതമായി ആഭരണ നിർമ്മാണശാലയ്ക്ക് അനുമതി നല്കിയ നടപടിക്കെതിരെ കാക്കഞ്ചേരി കിൻഫ്ര ഇൻഡസ്ട്രീസ് ചേംബർ നല്കിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ്.
 | 
കിൻഫ്ര ഫുഡ് പാർക്കിലെ മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണശാലക്ക് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: മലപ്പുറം കാക്കഞ്ചേരി കിൻഫ്ര ഫുഡ് പാർക്കിലെ മലബാർ ഗോൾഡ് ആഭരണ നിർമ്മാണശാലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കേരള ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഫുഡ്പാർക്കിൽ അനധികൃതമായി ആഭരണ നിർമ്മാണശാലയ്ക്ക് അനുമതി നല്കിയ നടപടിക്കെതിരെ കാക്കഞ്ചേരി കിൻഫ്ര ഇൻഡസ്ട്രീസ് ചേംബർ നല്കിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ്.

കോഴിക്കോട് സർവ്വകലാശാലക്ക് സമീപമുള്ള കാക്കഞ്ചേരി കിൻഫ്ര പാർക്ക് ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടെ വികസനത്തിമായി വിഭാവനം ചെയ്തതാണ്. രാജ്യത്തെ തന്നെ ആദ്യ ഭക്ഷ്യ സംസ്‌കരണ പാർക്കായ ഇവിടെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ആഭരണ നിർമ്മാണ പ്രവർത്തിക്കാൻ ഒരുങ്ങുന്നതെന്ന് ഹർജിക്കാർ ആരോപിച്ചു. ഇത്തരം വ്യവസായം ചുവപ്പു പട്ടികയിൽപ്പെടുന്നവയാണ്. മലിനീകരണ സാധ്യത കൂടുതലായ ആഭരണ നിർമ്മാണശാല, ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിൽ അനുദിക്കരുതെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. അനധികൃത അനുമതിക്കെതിരെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളാണ് ഹർജി നൽകിയത്. കിൻഫ്രാ മലബാർ ഗോൾഡിനു സ്ഥലം അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. പ്രസ്തുത യൂണിറ്റിനെതിരെ പരിസരവാസികളും സമരത്തിലാണ്. സമീപവാസികൾ നൽകിയ ഹർജി ചെന്നൈ ഗ്രീൻ ട്രൈബ്യൂണൽ ഫയലിൽ സ്വീകരിക്കുകയും, സർക്കാരിനു നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 500 കുടുംബങ്ങളെ കമ്പനി പ്രവർത്തനം ആരംഭിച്ചാൽ മലിനീകരണം നേരിട്ട് ബാധിക്കുമെന്നാണ് സമരസമിതിയുടെ ആരോപണം.

മാസങ്ങളായി ഇവിടെ നടക്കുന്ന സമരങ്ങളെ മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചിരുന്നു. ജൂൺ അഞ്ചിന് കിൻഫ്ര പാർക്കിലെ കമ്പനികൾ അടച്ചിട്ട് കരിദിനം ആചരിക്കുകയും ചെയ്തിരുന്നു. ഇതും വാർത്തയായില്ല. 60-ഓളം കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിൽ 27 എണ്ണം ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളാണ്. വലിയ തോതിലുള്ള മലിനീകരണം ഉണ്ടാക്കുന്ന ആഭരണ നിർമ്മാണ ശാല തങ്ങളുടെ കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം കുറക്കുമെന്നാണ് ഇവർ ആരോപിക്കുന്നത്.

ഇവിടെ പ്രവർത്തിക്കുന്ന ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടെ ലൈസൻസ് ഇനി പുതുക്കി കിട്ടില്ലെന്നാണ് പരാതിയിൽ പറയുന്ന മറ്റൊരു പ്രധാന കാര്യം. ഭക്ഷ്യസംസ്‌കരണ കമ്പനികളുടെ 100 മീറ്റർ ചുറ്റളവിൽ റെഡ് കാറ്റഗറി വ്യവസായങ്ങൾ പാടില്ലെന്നാണ് ചട്ടം. അമേരിക്കൻ കമ്പനിയായ എസ്സൻ ന്യൂട്രീഷൻ എന്ന സ്ഥാപനം ആഭരണ നിർമ്മാണശാല വരുന്നു എന്ന കാരണത്താൽ തങ്ങളുടെ സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന് ഇവിടുത്തെ വ്യവസായികൾ പറയുന്നു. എസ്സൻ ഫുഡീസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപനം പ്രവർത്തന സജ്ജമായിരുന്നു. 45 കോടി രൂപയാണ് ഈ പദ്ധതിയുടെ മുതൽ മുടക്ക്. അന്താരാഷ്ട്ര ഫുഡ് ക്യാറ്റഗറി നിർദ്ദേശങ്ങളുടെ ലംഘനമാകും ആഭരണ നിർമ്മാണ ശാലയുടെ സപീപത്ത് പ്രവർത്തിച്ചാൽ എന്നതിനാലാണ് ഇവർ ഉത്പാദനം ആരംഭിക്കാത്തത്. ഈ കമ്പനി തുറന്നാൽ സമീപവാസികളായ 100 പേർക്ക് തൊഴിൽ ലഭിക്കുമായിരുന്നു എന്നും സമരസമിതി പറയുന്നു.

200 കോടി രൂപ ചെലവിൽ അത്യാധുനിക ആഭരണ നിർമ്മാണ ശാല നിർമ്മിക്കാനാണ് മലബാർ ഗോൾഡ് ഗ്രൂപ്പ് ഇവിടെ ലക്ഷ്യമിടുന്നത്. കമ്പനി പൂർണ തോതിൽ പ്രവർത്തനമാരംഭിച്ചാൽ പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ വെള്ളം വേണ്ടിവരുമെന്നാണ് സമരസമിതി പറയുന്നത്. ഇതിനായി 30 കിണറുകൾ കുഴിക്കാനും പദ്ധതി ഉണ്ടത്രേ. പ്രദേശവാസികളുടെ കുടിവെള്ളം ഇതോടെ മുട്ടുമെന്നാണ് ആരോപണം. കാഡ്മിയം, ഇറിഡിയം, നിക്കൽ, സയനൈഡ്, മെർക്കുറി, സിങ്ക്, കോപ്പർ, വിവിധ ആസിഡുകൾ എന്നിവ വൻതോതിൽ ജലത്തിൽ കലരാൻ ഇടവരുമെന്നും കരുതപ്പെടുന്നു.