സ്‌കൂൾ കലോൽത്സവം: മാനാഞ്ചിറ വിട്ടുനൽകാനാവില്ലെന്ന് മേയർ

സംസ്ഥാന സ്കൂൾ കലോൽത്സവത്തിന്റെ മുഖ്യ വേദിയാക്കാൻ മാനാഞ്ചിറ മൈതാനം വിട്ടുനൽകാനാവില്ലെന്ന് കോഴിക്കോട് മേയർ എ.കെ.പ്രേമജം. മൈതാനത്ത് വേദി നിർമ്മിക്കാനുളള സാഹചര്യമില്ലെന്നും പുൽത്തകിടി നശിക്കുമെന്നും മേയർ പറഞ്ഞു.
 | 
സ്‌കൂൾ കലോൽത്സവം: മാനാഞ്ചിറ വിട്ടുനൽകാനാവില്ലെന്ന് മേയർ

 

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോൽത്സവത്തിന്റെ മുഖ്യ വേദിയാക്കാൻ മാനാഞ്ചിറ മൈതാനം വിട്ടുനൽകാനാവില്ലെന്ന് കോഴിക്കോട് മേയർ എ.കെ.പ്രേമജം. മൈതാനത്ത് വേദി നിർമ്മിക്കാനുളള സാഹചര്യമില്ലെന്നും പുൽത്തകിടി നശിക്കുമെന്നും മേയർ പറഞ്ഞു. ഇത്തരം പരിപാടികൾക്ക് മൈതാനം വിട്ടുകൊടുക്കാനാകില്ലെന്നാണ് നിലവിൽ കോർപ്പറേഷന്റെ തീരുമാനമെന്നും മേയർ വ്യക്തമാക്കി. എം.എൽ.എമാരുടെ മണ്ഡലം നോക്കി വേദി നിശ്ചയിക്കുന്നത് ശരിയല്ലെന്നും സംഘാടക സമിതി യോഗത്തിൽ വേണ്ടത്ര പരിഗണന നൽകിയില്ലെന്നും പ്രേമജം പറഞ്ഞു.

മാനാഞ്ചിറ, സ്വപ്‌നനഗരി, മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട് എന്നിവയാണ് സംഘാടകസമിതി പ്രധാനവേദികളായി പരിഗണിച്ചിരുന്നത്. എന്നാൽ, കോടികൾ ചെലവഴിച്ച് പുല്ലുപിടിപ്പിച്ച മാനാഞ്ചിറ പ്രധാന വേദിയാക്കുന്നതിനോട് കോർപ്പറേഷന് ആദ്യമേ അതൃപ്തിയുണ്ടായിരുന്നു. കലോൽത്സവത്തിന്റെ മുഖ്യവേദിയായി മാനാഞ്ചിറയെ വിട്ടുനൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കോർപ്പറേഷൻ നേരത്തെ നിലപാടറിയിച്ചിരുന്നു. മാനാഞ്ചിറ മൈതാനത്തിന് നടുവിൽ ശില്പം ഉള്ളത് പന്തലൊരുക്കുന്നതിന് തടസ്സമാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

കോഴിക്കോട് മാനാഞ്ചിറ മൈതാനം പ്രധാന വേദിയാക്കുമെന്ന പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കാതെ പ്രേമജം മടങ്ങിയിരുന്നു. മാനാഞ്ചിറയെ പ്രധാന വേദിയാക്കി പ്രഖ്യാപനമിറക്കിയത് തന്നോട് ആലോചിക്കാതെയാണെന്ന് ആരോപിച്ചായിരുന്നു മേയറുടെ ഇറങ്ങിപ്പോക്ക്. എറണാകുളത്ത് നടത്താനിരുന്ന കലോൽത്സവം മെട്രോ റെയിൽ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്നാണ് കോഴിക്കോട്ടേയ്ക്ക് മാറ്റിയത്.