മുല്ലപ്പെരിയാർ: പ്രശ്‌ന പരിഹാരം പുതിയ സംസ്ഥാനമെന്ന് പി.സി ജോർജ്

മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരമായി കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ജില്ലകളെ വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് ചീഫ് വിപ്പ് പി.സി.ജോർജ്. വി.എസ്.ഡി.പിയുടെ പത്താം പ്രതിനിധി സഭയിലാണ് പി.സി.ജോർജ് പ്രമേയം അവതരിപ്പിച്ചത്. രണ്ടു സംസ്ഥാനങ്ങളിൽ നിന്നായി പത്ത് ജില്ലകളെ കൂട്ടിച്ചേർത്ത് 'ചേരനാട്' എന്ന പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് പ്രമേയത്തിൽ പറയുന്നത്.
 | 

മുല്ലപ്പെരിയാർ: പ്രശ്‌ന പരിഹാരം പുതിയ സംസ്ഥാനമെന്ന് പി.സി ജോർജ്

തിരുവനന്തപുരം: മുല്ലപ്പെരിയാർ പ്രശ്‌നത്തിന് പരിഹാരമായി കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ജില്ലകളെ വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് ചീഫ് വിപ്പ് പി.സി.ജോർജ്. വി.എസ്.ഡി.പിയുടെ പത്താം പ്രതിനിധി സഭയിലാണ് പി.സി.ജോർജ് പ്രമേയം അവതരിപ്പിച്ചത്. രണ്ടു സംസ്ഥാനങ്ങളിൽ നിന്നായി പത്ത് ജില്ലകളെ കൂട്ടിച്ചേർത്ത് ‘ചേരനാട്’ എന്ന പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് പ്രമേയത്തിൽ പറയുന്നത്.

തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, വിരുദനഗർ, മധുര, തേനി എന്നീ ആറു ജില്ലകളും കേരളത്തിന്റെ നാലുജില്ലകൾ പൂർണ്ണമായും കോട്ടയം ജില്ലയുടെ പകുതി പ്രദേശങ്ങളും കൂടിച്ചേർന്നതാണ് പുതിയ സംസ്ഥാനത്തിന്റെ രൂപരേഖ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളും കോട്ടയം ജില്ലയിലെ മലയോര പഞ്ചായത്തുകളായ തീക്കോയി, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, ഈരാറ്റുപേട്ട, മുണ്ടക്കയം, കോരുത്തോട്, എരുമേലി, പാറത്തോട്, മുക്കൂട്ടുത്തറ എന്നിവയും ചേരനാട്ടിൽ കൂട്ടിച്ചേർക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

തൂത്തുക്കുടിയും വിഴിഞ്ഞവും പുതിയ സംസ്ഥാനത്തിൽ ആകുന്നതോടെ വികസനത്തിന് വേഗത കൂടും. കോവളം, കന്യാകുമാരി, ശബരിമല, വർക്കല ശ്രീനാരായണഗുരു സമാധി, പത്മനാഭസ്വാമിക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം എന്നിവ കൂടി ചേരുന്നതോടെ ചേരനാടിന്റെ സാംസ്‌കാരികപ്പെരുമ വർദ്ധിക്കുമെന്നും പി.സി.ജോർജ് പ്രമേയത്തിൽ പറഞ്ഞു.

30341.08 ചതുരശ്ര കിലോമീറ്ററായിരിക്കും സംസ്ഥാനത്തിന്റെ വിസ്തൃതി. 14 ലോക്‌സഭാ അംഗങ്ങളും അൻപത് നിയമസഭാ അംഗങ്ങളും പുതിയ സംസ്ഥാനത്തിൽ ഉണ്ടാകുമെന്നും ജോർജ് കണക്കുകൂട്ടുന്നു. പ്രതിനിധിസഭയുടെ ഭാഗമായി സംഘടിപ്പിച്ച ‘ചേരനാട് കാലഘട്ടത്തിന്റെ ആവശ്യം’ എന്ന സെമിനാറിലാണ് പി.സി.ജോർജ് പ്രമേയം അവതരിപ്പിച്ചത്. വ്യക്തമായ ആലോചനയ്ക്ക് ശേഷമാണ് താൻ ഈ പ്രമേയം അവതരിപ്പിച്ചതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പി.സി ജോർജ് പറഞ്ഞു.