നിസാമിന് ഫോൺ ചെയ്യാൻ പോലീസിന്റെ ഒത്താശ

ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിന് പോലീസ് വഴിവിട്ട സഹായങ്ങൾ ചെയ്തു കൊടുത്തതിന് കൂടുതൽ തെളിവുകൾ പുറത്ത്. ബംഗളുരുവിൽ തെളിവെടുപ്പിന് കൊണ്ടു പോയപ്പോൾ നിസാമിന് ഫോൺ ചെയ്യാൻ പോലീസ് അവസരമൊരുക്കി. നിസാം ഫോൺ ചെയ്യുന്നതിന്റെ ചിത്രവും ഇതിനകം പുറത്തായി.
 | 

നിസാമിന് ഫോൺ ചെയ്യാൻ പോലീസിന്റെ ഒത്താശ

തൃശൂർ: ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിന് പോലീസ് വഴിവിട്ട സഹായങ്ങൾ ചെയ്തു കൊടുത്തതിന് കൂടുതൽ തെളിവുകൾ പുറത്ത്. ബംഗളുരുവിൽ തെളിവെടുപ്പിന് കൊണ്ടു പോയപ്പോൾ നിസാമിന് ഫോൺ ചെയ്യാൻ പോലീസ് അവസരമൊരുക്കി. നിസാം ഫോൺ ചെയ്യുന്നതിന്റെ ചിത്രവും ഇതിനകം പുറത്തായി.

ബംഗളുരുവിൽ പ്രതിക്ക് എല്ലാ വിധ സുഖസൗകര്യങ്ങളും ചെയ്തുകൊടുത്തു എന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് പുതിയ തെളിവുകൾ. നിസാമിന്റെ ലഹരിമാഫിയാ ബന്ധവും അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചും അന്വേഷിക്കാനായിരുന്നു സംഘം ബംഗളൂരുവിൽ എത്തിയത്. ഫെബ്രുവരി നാല് മുതൽ എട്ട് വരെയായിരുന്നു തെളിവെടുപ്പ്.

കേസ് ആദ്യം അന്വേഷിച്ച മുൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണറും ഇപ്പോൾ പത്തനംതിട്ട എസ്പിയുമായിരുന്ന ജേക്കബ് ജോബിനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. റേഞ്ച ഐജി ടിജെ ജോസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി ജേക്കബ് ജോബിനെ സസ്‌പെൻഡ് ചെയ്തത്.

ചട്ട വിരുദ്ധമായി പ്രതിയായ നിസാമുമായി അടച്ചിട്ട മുറിയിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് ജോബ് സംസാരിച്ചത് കൈക്കൂലി ആവശ്യപ്പെടാനായിരുന്നു എന്നായിരുന്നു ആരോപണം. നിസാമിനെതിരേ കാപ്പ അടക്കമുള്ള വകുപ്പുകൾ ചുമത്തുമെന്നും ഒരു കാരണവശാലും രക്ഷപെടാൻ അനുവദിക്കില്ലെന്നും ചന്ദ്രബോസിന്റെ വീട് സന്ദർശിച്ച് അഭ്യന്തര മന്ത്രി ഉറപ്പുനൽകിയിരുന്നു. ചന്ദ്രബോസ് കൊലക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വെയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ഉടൻ തീരുമാനമാകുമെന്നാണ് സൂചന.