പ്രൊഫ.ബി ഹൃദയകുമാരി അന്തരിച്ചു

പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ.ബി ഹൃദയകുമാരി(84) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
 | 

പ്രൊഫ.ബി ഹൃദയകുമാരി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ.ബി ഹൃദയകുമാരി(84) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ഏറെ നാളായി വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. കവയിത്രിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയുടെ ഇളയ സഹോദരിയാണ്.

1930 സെപ്തംബറിലാണ് സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെയും വി.കെ കാർത്ത്യാനിയമ്മയുടെയും മകളായി ഹൃദയകുമാരി ജനിച്ചത്. യൂണിവേഴ്‌സിറ്റി കോളജ്, വിമൻസ് കോളജ് എന്നിവിടങ്ങളിൽ നിന്നായി ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടി. 1950 മുതൽ 1986 വരെ സംസ്ഥാനത്ത് വിവിധ ഗവൺമെന്റ് കോളേജുകളിൽ പ്രധാനമായും എറണാകുളം മഹാരാജാസ്, തലശ്ശേരി ബ്രണ്ണൻ, പാലക്കാട് വിക്‌ടോറിയ, യൂണിവേഴ്‌സിറ്റി കോളജ്, വിമൻസ് കോളജ് എന്നിവടങ്ങളിൽ അധ്യാപികയായി പ്രവർത്തിച്ചു.

ലേഖനങ്ങളുടെ സമാഹാരമായ ‘കാൽപനികത’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. സോവിയറ്റ് കൾച്ചറൽ സൊസൈറ്റി, ഗുപ്തൻ നായർ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ‘നന്ദിപൂർവം’ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.