സദാചാരവാദികൾക്കെതിരെ ഇന്ന് പുഞ്ചിരി ബുധൻ

വർഗീയവാദികളുടേയും സദാചാരപോലീസിന്റേയും ഇടപെടലിനെതിരെ തൃശൂർ തേക്കിൻകാട് മൈതാനത്ത് സാംസ്കാരികപ്രവർത്തകരും കലാവിദ്യാർത്ഥികളും ഇന്ന് ഒത്തുചേരുന്നു. പുഞ്ചിരി ബുധൻ എന്നാണ് പരിപാടിക്ക് നൽകിയിരിക്കുന്ന പേര്. പാട്ടും കവിതകളും ചിത്രങ്ങളുമായി തേക്കിൻകാട് മൈതാനിയിൽ പ്രതിഷേധക്കാർ ഒത്തുചേരും
 | 
സദാചാരവാദികൾക്കെതിരെ ഇന്ന് പുഞ്ചിരി ബുധൻ


തൃശൂർ:
വർഗീയവാദികളുടേയും സദാചാരപോലീസിന്റേയും ഇടപെടലിനെതിരെ തൃശൂർ തേക്കിൻകാട് മൈതാനത്ത് സാംസ്‌കാരികപ്രവർത്തകരും കലാവിദ്യാർത്ഥികളും ഇന്ന് ഒത്തുചേരുന്നു. പുഞ്ചിരി ബുധൻ എന്നാണ് പരിപാടിക്ക് നൽകിയിരിക്കുന്ന പേര്. പാട്ടും കവിതകളും ചിത്രങ്ങളുമായി തേക്കിൻകാട് മൈതാനിയിൽ പ്രതിഷേധക്കാർ ഒത്തുചേരും.

ജനകീയ സാംസ്‌കാരിക കൂട്ടായ്മകൾക്ക് വേദിയാകുന്ന തേക്കിൻകാട് മൈതാനത്തിൽ അഹിന്ദുക്കൾ പ്രവേശിക്കരുതെന്ന നിർബന്ധവുമായി ഹിന്ദു മഹാസഭ പ്രവർത്തകർ ഒരു കൂട്ടം വിദ്യാർത്ഥികളെ കൈയേറ്റം ചെയ്തിരുന്നു. തേക്കിൻകാട് മൈതാനത്തിൽ ഇരിക്കാൻ ദേവസ്വത്തിന്റെ അനുവാദം വേണമെന്നും ആണും പെണ്ണും കൂടി ഒന്നിച്ചിരിക്കാൻ പാടില്ലെന്നും ഹിന്ദുമഹാസഭാ നേതാക്കൾ ഭീഷണി മുഴക്കി. ഇതിനോടുള്ള പ്രതിഷേധമെന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള കോളേജുകളിലെ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി പരിപാടി വിപുലമാക്കാനും സംഘാടകർക്ക് പദ്ധതിയുണ്ട്. ഇതിനായി സൈക്കിളിൽ ഓരോ കോളേജുകളിലേക്കും കൂട്ടമായി ചെന്ന് ക്ഷണിക്കാനാണ് സംഘാടകരുടെ തീരുമാനം. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് ഐക്യദാർഢ്യവുമായി പ്രമുഖ ബാന്റായ ‘ഊരാളി’യും എത്തുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് അഞ്ചരക്കാണ് ഒത്തുചേരൽ.