പൃഥ്വിരാജിന്റെ കാറിന് 30 ലക്ഷം രൂപ വില കുറച്ച് കാട്ടി; രജിസ്‌ട്രേഷന്‍ തടഞ്ഞു

നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ പുതിയ കാറിന്റെ രജിസ്ട്രേഷന് തടഞ്ഞു.
 | 
പൃഥ്വിരാജിന്റെ കാറിന് 30 ലക്ഷം രൂപ വില കുറച്ച് കാട്ടി; രജിസ്‌ട്രേഷന്‍ തടഞ്ഞു

കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞു. യഥാര്‍ത്ഥ വില കുറച്ചു കാണിച്ചതിനെത്തുടര്‍ന്നാണ് നടപടി. 30 ലക്ഷം രൂപയാണ് വിലയില്‍ കുറച്ച് കാട്ടിയത്. താരം വാങ്ങിയ പുതിയ ആഢംബര കാറിന്റെ വില 1.34 കോടിയെന്നാണ് രജിസ്‌ട്രേഷനായി സമര്‍പ്പിച്ച ബില്ലില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ വാഹനത്തിന്റെ യഥാര്‍ത്ഥ വില 1.64 കോടിയാണെന്ന് പരിശോധനയില്‍ വ്യക്തമായി.

വാഹനത്തിന്റെ ഡീലറാണ് രജിസ്‌ട്രേഷനായി ഓണ്‍ലൈനില്‍ എറണാകുളം ആര്‍ടി ഓഫീസില്‍ അപേക്ഷ നല്‍കിയത്. വിലയില്‍ 30 ലക്ഷം രൂപ കുറച്ച് കാട്ടിയാണ് റോഡ് നികുതി അടച്ചത്. വാഹനത്തിന്റെ വിലയില്‍ 30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് നല്‍കിയെന്നാണ് ഡീലര്‍ വ്യക്തമാക്കിയത്.

അതേസമയം ഡിസ്‌കൗണ്ട് നല്‍കിയാലും യഥാര്‍ത്ഥ വിലയുടെ 21 ശതമാനം റോഡ് നികുതിയായി അടക്കണമെന്നാണ് നിയമം. ഇതനുസരിച്ച് ഈ കാറിന് രജിസ്‌ട്രേഷന്‍ നല്‍കണമെങ്കില്‍ 9 ലക്ഷം രൂപ കൂടി നികുതിയിനത്തില്‍ നല്‍കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.