Thursday , 28 May 2020
News Updates

നിങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ്; ശ്രീനിവാസന്റെ അശാസ്ത്രീയ ലേഖനത്തിന് ഡോക്ടറുടെ മറുപടി

കൊച്ചി: മാധ്യമം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച നടന്‍ ശ്രീനിവാസന്റെ അശാസ്ത്രീയ ലേഖനത്തിന് മറുപടിയുമായി ഡോ.ജിനേഷ് പി.എസ്. ശ്രീനിവാസന്‍ ചെയ്യുന്നത് സാമൂഹ്യദ്രോഹമാണെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ഡോക്ടര്‍ കുറ്റപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടന കൊറോണ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചനാ സിദ്ധാന്തമാണ് മാധ്യമത്തില്‍ ശ്രീനിവാസന്‍ എഴുതിയിരിക്കുന്നതെന്നും വൈറ്റമിന്‍ സി ശരീരത്തിലെ ജലാംശത്തെ ആല്‍ക്കലൈന്‍ ആക്കി മാറ്റുമെന്നും അങ്ങനെ വൈറസ് നശിക്കുമെന്നും ആരു പറഞ്ഞുവെന്നും ഡോ.ജിനേഷ് ചോദിക്കുന്നു.

പരിയാരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.എസ്.എം.അഷ്‌റഫിന്റെ പേരിലിറങ്ങിയ വ്യാജ വാട്‌സാപ്പ് സന്ദേശത്തെ അധികരിച്ചാണ് ശ്രീനിവാസന്റെ ലേഖനമെന്നും വ്യാജ സന്ദേശത്തിനെതിരെ ഡോ.അഷ്‌റഫ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പോസ്റ്റില്‍ ജിനേഷ് ചൂണ്ടിക്കാണിക്കുന്നു.

പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരടക്കം വിദഗ്ധര്‍ വിറ്റാമിന്‍ സി കോവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ടെന്നും വിറ്റാമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മാറ്റും. അപ്പോള്‍ ഒരു വൈറസിനും നിലനില്‍ക്കാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നുവെന്നുമാണ് മനുഷ്യന്‍ പഠിക്കാത്ത പാഠങ്ങള്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ശ്രീനിവാസന്‍ പറയുന്നത്.

പക്ഷേ, അമേരിക്കപോലുള്ള രാജ്യങ്ങള്‍ ആദ്യംതന്നെ ഈ വാദത്തെ എതിര്‍ത്തു. മരുന്നുണ്ടാക്കി വില്‍ക്കുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റിയിലെ ഭൂരിഭാഗം പേരും കൈക്കൂലിക്കാരാണ്. ലോകാരോഗ്യസംഘടനയും നമ്മുടെ ഐ.എം.എയും അതിനെ പ്രോത്സാഹിപ്പിക്കുന്നു. ചികിത്സയില്‍ നമ്മള്‍ പിന്തുടരുന്നത് അമേരിക്കന്‍ സമ്പ്രദായമാണ്. അത് സാമ്പത്തികലാഭത്തില്‍ അധിഷ്ഠിതമാണ്. ചൈനക്ക് തൊട്ടടുത്തുള്ള ജപ്പാനെ കോവിഡ് കാര്യമായി ബാധിച്ചില്ല. എന്തുകൊണ്ടാണെന്ന് നമ്മള്‍ പഠിക്കണം. എന്നിങ്ങനെയാണ് ശ്രീനിവാസന്റെ വാദങ്ങള്‍.

ജിനേഷിന്റെ പോസ്റ്റ് വായിക്കാം

പ്രിയപ്പെട്ട ശ്രീനിവാസൻ,
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് താങ്കളാണ്. എന്നെപ്പോലെ നിരവധി കുറവുകൾ ഉള്ള ധാരാളം കഥാപാത്രങ്ങളെ അഭ്രപാളികളിൽ രേഖപ്പെടുത്തിയ നടനാണ് താങ്കൾ.
പക്ഷേ നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് എന്ന് പറയാതെ വയ്യ.
വൈറ്റമിൻ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം പറഞ്ഞു എന്നാണ് നിങ്ങൾ മാധ്യമം പത്രത്തിൽ എഴുതിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന അസുഖ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.
സുഹൃത്തേ, വൈറ്റമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റും എന്ന്, അങ്ങനെ വൈറസ് നശിക്കുമെന്ന്… ഇതൊക്കെ നിങ്ങളോട് ആരു പറഞ്ഞു തന്നതാണ് ???
പരിയാരം മെഡിക്കൽ കോളജിലെ ഒരു ഡോക്ടറുടെ പേരിലിറങ്ങിയ വ്യാജ സന്ദേശം. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ എസ് എം അഷ്റഫിന്റെ പേരിലിറങ്ങിയ വ്യാജസന്ദേശം… ഇതിനെതിരെ ഡോക്ടർ തന്നെ സൈബർ സെല്ലിൽ പരാതി കൊടുത്തു കഴിഞ്ഞു എന്ന വാർത്ത വായിച്ചിരുന്നു. അതായിരിക്കും താങ്കൾ കേട്ടത്.
മുൻപൊരിക്കൽ മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്ന് പത്രത്തിൽ എഴുതിയ വ്യക്തി ആണ് നിങ്ങൾ. എന്നിട്ട് നിങ്ങൾക്ക് ഒരു അസുഖം വന്നപ്പോൾ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നിൽ ഏറ്റവും മികച്ച ചികിത്സ തേടിയ വ്യക്തിയാണ് നിങ്ങൾ.
ആ നിങ്ങളാണ് ഇപ്പോൾ വീണ്ടും വ്യാജപ്രചരണങ്ങൾ നടത്തുന്നത്.
ലോകത്തിൽ ആകെ മുക്കാൽ ലക്ഷത്തോളം പേർ മരിച്ച അസുഖമാണ്. അതിനെ തടയാൻ ലോകം പരമാവധി പൊരുതുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്താകമാനമുള്ള ആരോഗ്യപ്രവർത്തകരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അപ്പോഴാണ് നിങ്ങളെ പോലെ ഒരാൾ മണ്ടത്തരങ്ങൾ പറയുന്നത്. കഷ്ടമാണ് കേട്ടോ…
നിങ്ങൾക്ക് അറിയില്ലാത്ത വിഷയങ്ങൾ പറയാതിരുന്ന് കൂടേ ? നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. ആരോഗ്യ വിഷയങ്ങളിൽ നിങ്ങളുടെ അഭിപ്രായം ചോദിച്ച മാധ്യമം പത്രത്തോടാണ് പറയേണ്ടത്. എവിടെയാണ് നിങ്ങളുടെ ഒക്കെ മാധ്യമ ധർമ്മം എന്ന് അറിഞ്ഞാൽ കൊള്ളാം.
ജനങ്ങളോട്,
ദയവുചെയ്ത് ഈ മണ്ടത്തരങ്ങൾ വിശ്വസിച്ച് പണി വാങ്ങരുത്.
വ്യക്തിഗത ശുചിത്വ മാർഗങ്ങൾ സ്വീകരിക്കുക. അത് മാത്രമേ പറയാനുള്ളൂ. നിങ്ങൾ വൈറ്റമിൻ സി കഴിച്ചാലും ഇല്ലെങ്കിലും വ്യക്തിഗത ശുചിത്വ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ മറക്കരുത്. എന്ത് ഭക്ഷണം കഴിക്കണം എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇതൊക്കെ വിശ്വസിച്ച്, ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അവഗണിച്ചാൽ പണി വാങ്ങും. അപ്പോൾ ശ്രീനിവാസൻ കൂടെ കാണില്ല എന്നുമാത്രമേ പറയാനുള്ളൂ.
തനിക്ക് അസുഖം വരുമ്പോൾ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങൾ സ്വീകരിക്കുന്ന ഒരാൾ ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത് എന്ന് ഒരിക്കൽ കൂടി പറയാതെ വയ്യ.

പ്രിയപ്പെട്ട ശ്രീനിവാസൻ,

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് താങ്കളാണ്. എന്നെപ്പോലെ നിരവധി കുറവുകൾ ഉള്ള ധാരാളം…

Posted by Jinesh PS on Monday, April 6, 2020

DONT MISS