അഞ്ച് പൈസ കൊടുക്കാനില്ല, ചെക്ക് നാസില്‍ മോഷ്ടിച്ചതാണെന്ന് ആവര്‍ത്തിച്ച് തുഷാര്‍ വെള്ളാപ്പള്ളി

തുഷാറിനെതിരെ കേസ് കൊടുക്കാന് ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില് നിന്ന് പണം നല്കി സംഘടിപ്പിച്ചതാണെന്ന ആരോപണം നാസില് നിഷേധിച്ചിട്ടുണ്ട്.
 | 
അഞ്ച് പൈസ കൊടുക്കാനില്ല, ചെക്ക് നാസില്‍ മോഷ്ടിച്ചതാണെന്ന് ആവര്‍ത്തിച്ച് തുഷാര്‍ വെള്ളാപ്പള്ളി

ദുബായ്: നാസില്‍ അബ്ദുള്ളയ്ക്ക് അഞ്ച് പൈസ പോലും കൊടുക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ പ്രകാരം തന്നെ ചെക്ക് കേസില്‍ ബോധപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്ന് വ്യക്തമായെന്ന് തുഷാര്‍ വെള്ളാപ്പള്ളി അവകാശപ്പെട്ടു. ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു തുഷാറിന്റെ പ്രതികരണം.

നാസിലിന് പണമൊന്നും നല്‍കാനില്ല. അയാളെ കരാര്‍ ജോലികള്‍ ഏല്‍പ്പിച്ചത് പ്രകാരം തനിക്കാണ് നഷ്ടം വന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ എനിക്ക് ഇങ്ങോട്ടാണ് പണം നല്‍കേണ്ടത്. സാമ്പത്തിക പ്രശ്‌നമുള്ളതുകൊണ്ട് നാസിലിന് ഒരു ലക്ഷം ദിര്‍ഹം കൊടുക്കാമെന്ന് താന്‍ പറഞ്ഞതെന്നും അത് ദാനം പോലെയാണെന്ന് കരുതിയാല്‍ മതിയെന്നും തുഷാര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ നാസിലുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് തുഷാര്‍.

തന്റെ അറിവില്‍ ആര്‍ക്കും താന്‍ ചെക്ക് കൊടുത്തിട്ടില്ല. എവിടെനിന്നോ മോഷ്ടിച്ചതാണ്. താന്‍ ഒപ്പിട്ട ലെറ്റര്‍ഹെഡ് വരെ ഉണ്ടെന്ന് പറയുന്നു. ചെക്കിലെ ഒപ്പ് തന്റേത് തന്നെയാണ്. തന്റെ ഓഫീസില്‍ നിന്ന് ആരെങ്കിലും തന്നെ നല്‍കിയതാവാന്‍ സാധ്യതയുണ്ടെന്നും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തുഷാറിനെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് പണം നല്‍കി സംഘടിപ്പിച്ചതാണെന്ന ആരോപണം നാസില്‍ നിഷേധിച്ചിട്ടുണ്ട്. കടക്കെണിയിലായപ്പോള്‍ തുഷാറിന്റെ ചെക്കും പാസ്പോര്‍ട്ടും ഈട് നല്‍കി കുറച്ച് പണം സംഘടിപ്പിച്ചിരുന്നു. അത് തിരികെയെടുക്കാന്‍ മറ്റൊരു സുഹൃത്തിനോട് പണം ചോദിക്കുന്ന ഓഡിയോയാണ് ഇപ്പോള്‍ വളച്ചൊടിച്ചിരിക്കുന്നതെന്ന് നാസില്‍ പറഞ്ഞു.

തുഷാര്‍ ഏത് വിധേനയും നാട്ടിലേക്ക് പോകുമെന്നാണ് എനിക്ക് കിട്ടിയ വിവരം. അത് ഒഴിവാക്കാനാണ് സിവില്‍ കേസ് കൊടുത്തത്. ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കിയിട്ട് മാത്രമേ തുഷാറിനെ നാട്ടിലേക്ക് വിടാന്‍ കഴിയൂ എന്ന് കരുതി ഒരു മുന്‍കരുതലിനാണ് ചെയ്തത്. 29-ാം തീയതിയാണ് സിവില്‍ കേസ് ഫയല്‍ ചെയ്തതെന്നും നാസില്‍ അബ്ദുള്ള ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.