മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വില്‍ക്കുന്നവരുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്ന് യു.പ്രതിഭ എംഎല്‍എ

ഡിവൈഎഫ്ഐ പ്രവര്ത്തകരുമായുള്ള പോര് വാര്ത്തയായതിന് പിന്നാലെ മാധ്യമങ്ങള്ക്കെതിരെ പരാമര്ശവുമായി യു.പ്രതിഭ എംഎല്എ.
 | 
മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വില്‍ക്കുന്നവരുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്ന് യു.പ്രതിഭ എംഎല്‍എ

കായംകുളം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായുള്ള പോര് വാര്‍ത്തയായതിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ പരാമര്‍ശവുമായി യു.പ്രതിഭ എംഎല്‍എ. മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്ന പ്രതിഭ ഫെയിസ്ബുക്ക് ലൈവില്‍ പറഞ്ഞു. യുവജന പ്രസ്ഥാനത്തിനെതിരേ എം.എല്‍.എ എന്നും എം.എല്‍.എക്കെതിരേ യുവജനപ്രസ്ഥാനമെന്നുമാണ് വാര്‍ത്തകള്‍ വന്നതെന്നും ചില വ്യക്തികള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ സംഘടനയുടേതല്ലെന്നും പറഞ്ഞ പ്രതിഭ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നും പറഞ്ഞു.

കായംകുളത്തെ ഡിവൈഎഫ്‌ഐ നേതാക്കള്‍ എംഎല്‍എക്കെതിരെ രംഗത്തെത്തിയതായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തയായത്. കൊറോണക്കാലത്ത് എംഎല്‍എ വീട്ടില്‍ തന്നെ കഴിയുകയാണെന്നും എംഎല്‍എ ഓഫീസ് അടച്ചിട്ടിരിക്കുകയാണെന്നുമായിരുന്നു ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രവര്‍ത്തനം മതിയാക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്തയ്ക്ക് മറുപടിയായി ഫെയിസ്ബുക്കില്‍ ഇട്ട വീഡിയോയില്‍ കൊറോണ വൈറസിനെക്കാള്‍ മാരകമായ മനുഷ്യവൈറസുകളുണ്ടെന്നായിരുന്നു പ്രതിഭ പറഞ്ഞത്. ഇതും വിവാദമായതോടെ പാര്‍ട്ടി പ്രാദേശിക നേതൃത്വം ഇടപെട്ടിരുന്നു.

വീഡിയോ കാണാം

Posted by Prathibha on Friday, April 3, 2020