ദുരിതാശ്വാസ കാമ്പുകളിലെ ആവശ്യങ്ങളും നമുക്ക് ചെയ്യാവുന്നതും; ഔദ്യോഗിക അറിയിപ്പ് വായിക്കാം

ക്യാമ്പുകളിലെ ആവശ്യങ്ങളും പൊതുജനങ്ങള്ക്ക് അതിനായി ചെയ്യാവുന്നതുമായ കാര്യങ്ങള് ഔദ്യോഗികമായി വിശദീകരിക്കുകയാണ് റീബില്ഡ് കേരള സിഇഒ ഡോ.വി.വേണു ഐഎഎസ്.
 | 
ദുരിതാശ്വാസ കാമ്പുകളിലെ ആവശ്യങ്ങളും നമുക്ക് ചെയ്യാവുന്നതും; ഔദ്യോഗിക അറിയിപ്പ് വായിക്കാം

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 1123 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആകെ 1639 ക്യാമ്പുകളായിരുന്നു ആരംഭിച്ചത്. അവയില്‍ 1123 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളിലെ ആവശ്യങ്ങളും പൊതുജനങ്ങള്‍ക്ക് അതിനായി ചെയ്യാവുന്നതുമായ കാര്യങ്ങള്‍ ഔദ്യോഗികമായി വിശദീകരിക്കുകയാണ് റീബില്‍ഡ് കേരള സിഇഒ ഡോ.വി.വേണു ഐഎഎസ്.

പോസ്റ്റ് വായിക്കാം

ദുരിതാശ്വാസ കാമ്പുകളിലെ ആവശ്യങ്ങളും നമുക്ക് ചെയ്യാവുന്നതും..

പറയാൻ വരുന്നത് നമ്മുടെ ക്യാമ്പുകളെ പറ്റിയാണ്. ക്യാമ്പുകളിലെ പ്രവർത്തനങ്ങളും കലക്ഷനുകളും ഏകീകരിക്കേണ്ടുന്നതും ക്രോഡീകരിക്കേണ്ടുന്നതും അത്യാവശ്യമായിരിക്കുന്ന സാഹചര്യമാണിത് എന്ന് സർക്കാരിന്റെ ഭാഗത്തു നിന്നും നിങ്ങളെ ഔദ്യോഗികമായി അറിയിക്കുവാനാണീ പോസ്റ്റ്.

ആദ്യമേ ക്യാമ്പുകൾക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ച് ദുരന്ത നിവാരണ പ്രവർത്തനത്തെ ഏറ്റെടുത്ത് നടപ്പിലാക്കിയ എല്ലാ സുമനസ്സുകൾക്കും നന്ദി പറയുന്നു. പ്രത്യേകിച്ച് സ്ത്രീകളും യുവജനങ്ങളും. അവരാണു ഇത്തവണത്തെ ക്യാമ്പുകളുടെ യഥാർത്ഥ ശക്തിയും കരുത്തും. മുമ്പെങ്ങുമില്ലാത്ത വിധം സ്ത്രീകളും പെൺകുട്ടികളും കൈകോർത്തും ഒന്നായി നിന്നും രാപകൽ ഭേദമെന്യേ പ്രവർത്തിച്ചു. ഓഫ് ലൈൻ കൂട്ടയ്മയായും ഓൺലൈൻ കൂട്ടായ്മയായും കലക്ഷനായും സേവനമായും സ്നേഹമായും അവർ നമ്മുടെ ക്യാമ്പുകളിൽ പ്രകാശം വിതറി. ക്യാമ്പുകളിലെ പാചകം ഏറ്റെടുത്തവർ, ക്യാമ്പ് വൃത്തിയാക്കുന്നവർ, ഭക്ഷണം നൽകുന്നവർ… വലിയ തുക മുതൽ ഈർക്കിൽ ചൂൽ വരെ സമ്മാനിച്ചു കൊണ്ട് ക്യാമ്പുകളിൽ സ്ത്രീ ശാക്തീകരണത്തിന്റെ ശക്തി അറിയിച്ച എല്ലാ സ്ത്രീകൾക്കും പ്രത്യേക നന്ദി അറിയിക്കുന്നു.

ചിലകാര്യങ്ങൾ കൂടി നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

ഈ വർഷം ഇതുവരെ 1639 ക്യാമ്പുകളാണ് നമ്മൾ ആരംഭിച്ചത്. അവയിൽ കുറെയേറെ ക്യാമ്പുകൾ നിർത്തലാക്കി കഴിഞ്ഞു. ഇപ്പോൾ നിലവിൽ 1123 ക്യാമ്പുകളാണു പ്രവർത്തിക്കുന്നത്. ക്യാമ്പുകളുടെ എണ്ണം കുറഞ്ഞു എന്നത് നമ്മുടെ ജാഗ്രത കുറയ്ക്കുന്നില്ല. നമ്മുടെ ശ്രദ്ധയെ കുറയ്ക്കുന്നില്ല. ഇനിയും ഉണ്ടാകാൻ സാധ്യതയുള്ള ഏത് വെല്ലുവിളിയും നേരിടാൻ നമ്മൾ സുസജ്ജരാണു. കൂടുതൽ ക്യാമ്പുകൾ ആവശ്യമെങ്കിൽ നൊടിയിടയിൽ അവ സജ്ജമാക്കുവാൻ പര്യാപ്തമാണു നമ്മുടെ പ്രവർത്തനങ്ങൾ.

കഴിഞ്ഞ വർഷത്തെ പ്രളയം തീർത്തും അപ്രതീക്ഷിതമായിരുന്നു. കൂടുതൽ നാശകാരിയും ആയിരുന്നു. നമ്മളാവട്ടെ ആ ദുരന്തത്തെ പൂർണമായി നേരിടാൻ സജ്ജരായിരുന്നുമില്ല. ആളുകളെ പ്രളയക്കെടുതിമധ്യെയാണു നാം രക്ഷിച്ചെടുത്ത് ക്യാമ്പുകളിൽ എത്തിച്ചത്. ഒരു മുന്നൊരുക്കവും സാധ്യമാകാത്ത വിധം കഠിനതരമായിരുന്നു നമ്മുടെ ഓരോ പ്രവർത്തനങ്ങളും. ക്യാമ്പുകളിലും അതിന്റെ പ്രശ്നങ്ങൾ നമ്മളനുഭവിച്ചു.

എന്നാൽ ഇത്തവണ കാര്യങ്ങൾക്ക് നാം മുന്നൊരുങ്ങിയിരുന്നു. ഇത്തവണത്തെ ക്യമ്പുകളെല്ലാം ആളുകൾക്ക് ആപത്ത് വരും മുമ്പേ മാറ്റിയ ശേഷം മുൻകൂട്ടി ഉണ്ടാക്കിയവയാണു. ദുരന്ത സാധ്യതയുള്ള മേഖലയിൽ നിന്നും മുൻകൂട്ടി ആസൂത്രണം ചെയ്തു സുരക്ഷിത സ്ഥലങ്ങളിലേക്ക് പതിനായിരക്കണക്കിന് കുടുംബങ്ങളെ മാറ്റാൻ നമുക്ക് സാധിച്ചു. കൂടുതൽ ഫലപ്രദമായ രീതിയിൽ പ്രശ്നങ്ങൾ ഇല്ലാത്ത രീതിയിൽ നമുക്ക് കാര്യങ്ങൾ മാനേജ് ചെയ്യാനാകുന്നുണ്ട്. ദുരന്തമുഖത്തു നിന്നല്ലാത്തവയാണു ഭൂരിപക്ഷമെന്നതിനാൽ വ്യക്തിഗത മുന്നൊരുക്കങ്ങൾ നടത്താൻ ജനങ്ങൾക്കും സാധിച്ചു.

കാര്യങ്ങൾ നിയന്ത്രണത്തിൽ തന്നെയണ്. മുഴുവൻ ക്യാമ്പുകളുടെ വിവരങ്ങൾ, ആവശ്യങ്ങൾ, പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു വരുന്നു. നിലവിലുള്ള സാഹചര്യം ഇപ്രകാരമാണ്..

1. ഒരു ക്യാമ്പിലും ഭക്ഷണപദാർത്ഥങ്ങൾ ആവശ്യമില്ല. സർക്കാർ സ്രോതസ്സ്, പഞ്ചായത്ത്, മുനിസിപ്പൽ അധികൃതർ, ക്യാമ്പുകൾ നിലനിൽക്കുന്ന ഇടങ്ങളിലെ സാമൂഹ്യസേവകർ, സുമനസ്സുകൾ, വിവിധ വകുപ്പുകൾ, രാഷ്ട്രീയ പ്രവർത്തകർ എല്ലാപേരും ചേർന്ന് അത്തരത്തിലുള്ള ആവശ്യത്തെ പൂർത്തികരിക്കുന്നുണ്ട്. അതിനാൽ നിങ്ങളാരും ക്യാമ്പുകളിലേക്കായി ആഹാര പദാർത്ഥങ്ങൾ കലക്റ്റ് ചെയ്യേണ്ടതില്ല/ നൽകേണ്ടതില്ല.

2.എന്നാൽ ക്യാമ്പുകളില്‍ ചില കുറവുകൾ ഉണ്ട്. അവിടെ താമസിക്കുന്നവർക്ക് അവശ്യ വസ്തുക്കളും ആവശ്യമുണ്ട്. ഈ വിവരങ്ങളെയും കൃത്യ്മായി ക്രോഡീകരിച്ച് https://keralarescue.in/district_needs/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

സഹായമനസ്കർ ഈ പേജിലേക്ക് ചെന്നു ജില്ലാടിസ്ഥാനനത്തിൽ ആവശ്യങ്ങൾ മനസ്സിലാക്കാവുന്നതാണ്.

3. ഏറ്റവും ആവശ്യമായ സംഗതികൾ കണ്ടു കഴിഞ്ഞാൽ അവനവന്റെ പ്രാപ്തിയ്ക്കും താത്പര്യത്തിനും അനുസരിച്ച് കലക്ഷൻ സെന്റെറുകളിൽ എത്തിക്കാവുന്നതാണ്.

ഇപ്രകാരം ചെയ്യുമ്പോൾ നമ്മുടെ കലക്ഷൻ, വിതരണം, കൃത്യസമയത്തെ ഇടപെടൽ എന്നിവ സിസ്റ്റമാറ്റിക്കായി മാറും. ഗവണ്മെന്റ് സംവിധാനവും സുമനസ്സുകളുടെ പ്രവർത്തനങ്ങളും ക്രോഡീകരിക്കപ്പെടും. ഏകീകരണത്തോടെ പ്രവർത്തനങ്ങൾ ഏറെ കൃത്യവും സുതാര്യവുമായ് മാറുകയും ചെയ്യും.

ഇനി അതല്ല പണമായാണു നിങ്ങൾ ദുരിത ബാധിതരെ സഹായിക്കാൻ താത്പര്യപ്പെടുന്നത് എങ്കിൽ ഓർക്കുക – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ
https://donation.cmdrf.kerala.gov.in/
മുഖാന്തിരം മാത്രം. ഒപ്പം വ്യാജന്മാരെ സൂക്ഷിക്കുക എന്ന് ഓർമപ്പെടുത്തുന്നു.

ഈ പോസ്റ്റ് ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം

ദുരന്തനിവാരണ അതോറിറ്റിക്കു വേണ്ടി
Dr വേണു

ദുരിതാശ്വാസ കാമ്പുകളിലെ ആവശ്യങ്ങളും നമുക്ക് ചെയ്യാവുന്നതും..പറയാൻ വരുന്നത് നമ്മുടെ ക്യാമ്പുകളെ പറ്റിയാണ്….

Posted by Venu Vasudevan on Wednesday, August 14, 2019