ബി.ജെ.പി ക്ഷണിച്ചു; പക്ഷേ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഗാംഗുലി

ബി.ജെ.പി ഭാരവാഹികൾ പാർട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും തൽക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. രാഷ്ട്രീയത്തിൽ പ്രവേശിക്കാനോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ താത്പര്യമില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.
 | 
ബി.ജെ.പി ക്ഷണിച്ചു; പക്ഷേ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഗാംഗുലി

 

കൊൽക്കത്ത: ബി.ജെ.പി ഭാരവാഹികൾ പാർട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും തൽക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. രാഷ്ട്രീയത്തിൽ പ്രവേശിക്കാനോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ താത്പര്യമില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. ബി.ജെ.പി പ്രവേശനം സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം ബി.ജെ.പി.യിലെ മുതിർന്ന നേതാക്കൾ തന്നെ കണ്ട് ഇക്കാര്യം അവതരിപ്പിച്ചു എന്ന വാർത്ത ഗാംഗുലി സ്ഥിരീകരിച്ചു.

ഗാംഗുലിയെ മുൻ നിർത്തി പശ്ചിമ ബംഗാളിൽ സ്വാധീനമുറപ്പിക്കാനായി അദ്ദേഹത്തെ പാർട്ടിയിലേക്ക് ക്ഷണിക്കാൻ ബി.ജെ.പി നേതാക്കൾ ശ്രമിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗാംഗുലിക്ക് മത്സരിക്കാൻ ബി.ജെ.പി സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. 2008ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ടെലിവിഷൻ അവതാരകനും കമന്റേറ്ററുമായി പ്രവർത്തിച്ച് വരികയാണ് ഗാംഗുലി.

സർക്കാർ രൂപീകരിക്കാൻ അടുത്തതായി ബി.ജെ.പി ബംഗാളിലേക്കാണ് വരുന്നതെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമ്ത ബാനർജിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് ഗാംഗുലിയും ബി.ജെ.പി.യിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്.