മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമം; കങ്കണയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

മതവിദ്വേഷം ഉണ്ടാക്കാന് ശ്രമിച്ചതിന് ബോളിവുഡ് താരം കങ്കണ റണാവതിനെതിരെ കേസെടുക്കാന് ഉത്തരവിട്ട് കോടതി.
 | 
മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമം; കങ്കണയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

മുംബൈ: മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് ബോളിവുഡ് താരം കങ്കണ റണാവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. ബാന്ദ്ര മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ആണ് ഈ ഉത്തരവിട്ടത്. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ സാഹില്‍ അഷ്‌റഫ്‌ലി സയ്യിദ് നല്‍കിയ പരാതിയിലാണ് നടപടി. ട്വീറ്റുകളിലൂടെ ജനങ്ങള്‍ക്കിടയിലും ഹിന്ദുക്കളും മുസ്ലീങ്ങളുമായ സിനിമാ കലാകാരന്‍മാര്‍ക്കിടയിലും വിദ്വേഷം സൃഷ്ടിച്ചുകൊണ്ട് ബോളിവുഡിന് നിരന്തരം അപകീര്‍ത്തിയുണ്ടാക്കുകയാണ് നടിയെന്ന് പരാതിയില്‍ സയ്യിദ് ആരോപിക്കുന്നു. കങ്കണയുടെ സഹോദരി രംഗോലി ചന്ദേലിന് എതിരെയും പരാതിയുണ്ട്.

പ്രശസ്തയായ നടിയെന്ന നിലയില്‍ ട്വീറ്റുകള്‍ക്ക് ജനങ്ങളില്‍ സ്വാധീനമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണ് ഇത്തരം ട്വീറ്റുകള്‍ കങ്കണ നല്‍കുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു. ഇലക്ട്രോണിക് മീഡിയയിലും ട്വിറ്ററിലും അഭിമുഖങ്ങളിലും കങ്കണ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നതെന്നും ഇവയില്‍ വിഗഗ്ദ്ധാന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു. അതിനാല്‍ സിആര്‍പിസിയിലെ പ്രസക്തമായ വകുപ്പുകള്‍ അനുസരിച്ച് നടിക്കും സഹോദരിക്കും എതിരെ കേസെടുക്കാനാണ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തന്റെ എല്ലാ ട്വീറ്റുകളിലും മനഃപൂര്‍വം മതം തിരുകിക്കയറ്റുകയാണ് കങ്കണ. പാല്‍ഘര്‍ സംഭവത്തിലെ ട്വീറ്റുകള്‍ ഇതിന് ഉദാഹരണമാണ്. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനെ ബാബര്‍ സേനയെന്നാണ് ഈ വിഷയത്തില്‍ കങ്കണ വിളിച്ചതെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.