എന്തിനായിരുന്നു അമ്മയെ ഉപേക്ഷിച്ചു പോയത്; റാണു മോണ്ഡലിന്റെ മകള്‍ പറയുന്നു!

റാണുവിന് ലഭിക്കാന് പോകുന്ന പണത്തിന് വേണ്ടിയാണ് എലിസബത്ത് എത്തിയതെന്നും പ്രചരിപ്പിച്ചു.
 | 
എന്തിനായിരുന്നു അമ്മയെ ഉപേക്ഷിച്ചു പോയത്; റാണു മോണ്ഡലിന്റെ മകള്‍ പറയുന്നു!

ന്യൂല്‍ഡഹി: പ്രായമായ അമ്മയെ ഉപേക്ഷിച്ച് സ്വന്തം ജീവിതം തേടിപ്പോയ മകളെന്നാണ് സോഷ്യല്‍ മീഡിയ ദിവസങ്ങള്‍ക്ക് മുന്‍പ് വരെ എലിസബത്ത് സതി റോയിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറുകയാണ്. സോഷ്യല്‍ മീഡിയയില്‍ റാണു മോണ്ഡല്‍ സെന്‍സേഷനായതിന് പിന്നാലെയാണ് മകളായ എലിസബത്ത് സതി റോയിയെക്കുറിച്ചും വാര്‍ത്തകള്‍ പുറത്തുവരുന്നത്. റെയില്‍വേ സ്റ്റേഷനിലിരുന്ന് ഉപജീവനത്തിനായി പാട്ടുപാടിയ റാണു മോണ്ഡല്‍ വളരെ പെട്ടെന്ന് പ്രശ്‌സ്തിയുടെ കൊടുമുടിയിലെത്തി. പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പെട്ട മകള്‍ തിരികെയെത്തുകയും റാണു മകളെ സ്വീകരിക്കുകയും ചെയ്തു. റാണുവിന്റെ പ്രശസ്തിയാണ് മകളെ തിരികെ കൊണ്ടുവന്നതെന്നായിരുന്നു പലരുടെയും വാദം. റാണുവിന് ലഭിക്കാന്‍ പോകുന്ന പണത്തിന് വേണ്ടിയാണ് എലിസബത്ത് എത്തിയതെന്നും പ്രചരിപ്പിച്ചു.

അതേസമയം തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് എലിസബത്തിന് പറയാനുള്ളത് മറ്റൊരു കഥയാണ്. ‘അമ്മ റെയില്‍വേ സ്റ്റേഷനില്‍ പാടുന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക് അമ്മയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും തനിക്കൊപ്പം വരാന്‍ കൂട്ടാക്കിയിരുന്നില്ല. സാമ്പത്തികപരമായി ഞാന്‍ അത്ര ഉയര്‍ന്ന നിലയിലല്ല. ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം മകനെ നോക്കാനായി ഒരു ചെറിയ കടയുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന തുകയില്‍ ചെറിയൊരു പങ്ക് അമ്മാവന്‍ വഴി അമ്മയ്ക്ക് അയക്കാന്‍ ശ്രമിക്കാറുണ്ട്.’ എലിസബത്ത് പറഞ്ഞു.

‘അമ്മയെ ഉപേക്ഷിച്ച് പോയി എന്നത് തെറ്റായ പ്രചാരമാണ്. തമ്മില്‍ കാണാറില്ലെന്നത് സത്യമാണ്. എന്നാല്‍ അമ്മയുമായി ഫോണില്‍ ബന്ധം സൂക്ഷിച്ചിരുന്നു. അമ്മ പാട്ടുപാടുന്ന കാര്യം പോലും വൈകിയാണ് അറിഞ്ഞത്. മകനെ നോക്കാനുള്ള കഷ്ടപ്പാടിനിടയില്‍ എന്നെക്കൊണ്ട് ഒന്നും സാധ്യമായിരുന്നില്ല. കഴിയാവുന്നത് ചെയ്തിരുന്നു. കൊല്‍ക്കത്തയിലെ ഒരു ബസ് സ്റ്റാന്‍ഡില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് അമ്മയെ അവസാനമായി കാണുന്നത്. അന്ന് കൈയ്യിലുണ്ടായിരുന്ന 200 രൂപ അമ്മയ്ക്ക് നല്‍കി. കൂടെ വരാന്‍ പറഞ്ഞു. പക്ഷേ നിരസിക്കുകയായിരുന്നു’ എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാല് മക്കളും ഉപേക്ഷിച്ച് പോയ വ്യക്തിയാണ് റാണു മോണ്ഡല്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം. എന്നാല്‍ റാണുവിനൊപ്പം കഴിയുംവിധം നില്‍ക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്ന് എലിസബത്ത് പറയുന്നു.