ഗാന്ധിജയന്തി ദിനത്തില്‍ ട്രെന്‍ഡിംഗായത് ‘നാഥുറാം ഗോഡ്‌സെ സിന്ദാബാദ്’; കാരണം ഇതാണ്

ഗാന്ധിജയന്തി ദിനമായ ഇന്ന് ട്വിറ്ററിലെ ട്രെന്ഡിംഗ് ടോപ്പിക് ഗാന്ധി ഘാതകനായ ഗോഡ്സെയെ സ്തുതിക്കുന്ന 'നാഥുറാം ഗോഡ്സെ സിന്ദാബാദ്' ആയതിന്റെ ഞെട്ടലിലാണ് സോഷ്യല് മീഡിയ.
 | 
ഗാന്ധിജയന്തി ദിനത്തില്‍ ട്രെന്‍ഡിംഗായത് ‘നാഥുറാം ഗോഡ്‌സെ സിന്ദാബാദ്’; കാരണം ഇതാണ്

ഗാന്ധിജയന്തി ദിനമായ ഇന്ന് ട്വിറ്ററിലെ ട്രെന്‍ഡിംഗ് ടോപ്പിക് ഗാന്ധി ഘാതകനായ ഗോഡ്‌സെയെ സ്തുതിക്കുന്ന ‘നാഥുറാം ഗോഡ്‌സെ സിന്ദാബാദ്’ ആയതിന്റെ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. ഹിന്ദുത്വ രാഷ്ട്രീയം പിന്‍പറ്റുന്ന പ്രൊഫൈലുകളില്‍ പ്രത്യക്ഷപ്പെട്ട ഈ ഹാഷ്ടാഗ് വളരെ വേഗം ഇന്നത്തെ ട്രെന്‍ഡിംഗ് പട്ടികയില്‍ മുന്‍പന്തിയില്‍ എത്തിച്ചേരുകയായിരുന്നു. മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ഘാതകന്റെ പേര് ട്രെന്‍ഡിംഗ് ആകാന്‍ കാരണമെന്തായിരിക്കും? അതിനായി ബോധപൂര്‍വം ശ്രമം നടന്നിട്ടുണ്ടായിരിക്കുമോ? ചില കാര്യങ്ങള്‍ പരിശോധിക്കാം.

അല്‍ഗോരിതം

ട്വിറ്ററിന്റെ അല്‍ഗോരിതം തന്നെയാണ് പ്രധാന പ്രതി. ഉപയോക്താക്കള്‍ എന്തൊക്കെ വിഷയങ്ങള്‍ പിന്തുടരുന്നുണ്ട്, അവരുടെ താല്‍പര്യങ്ങള്‍, ലൊക്കേഷന്‍ തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് വിഷയങ്ങളെ അല്‍ഗോരിതം പരിഗണിക്കുന്നത്. ജനപ്രിയമായ വിഷയങ്ങളെയായിരിക്കും ട്രെന്‍ഡിംഗ് ടാബില്‍ കാണിക്കുക. സ്ഥിരമായി പോപ്പുലര്‍ ആയി നില്‍ക്കുന്ന വിഷയങ്ങളേക്കാള്‍ ചില വിഷയങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന ജനപ്രീതിയായിരിക്കും ട്രെന്‍ഡിംഗ് പട്ടികയിലേക്ക് അവയെ എത്തിക്കുക. ട്വിറ്ററില്‍ ചര്‍ച്ചയാകുന്ന ഹോട്ട് വിഷയങ്ങള്‍ അങ്ങനെ മുന്‍നിരയിലേക്ക് എത്തും.

വിഷയവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ എണ്ണവും ഒരു ഘടകമാണ്. ട്വീറ്റുകളുടെ എണ്ണവും അത്രയും ട്വീറ്റുകള്‍ നിര്‍മിക്കപ്പെടാന്‍ വേണ്ടിവന്ന സമയവും അല്‍ഗോരിതം പരിഗണിക്കും. അതായത് ഒരേ ഹാഷ്ടാഗില്‍ വളരെ ചുരുങ്ങിയ സമയത്തില്‍ നിരവധി ട്വീറ്റുകള്‍ വന്നാല്‍ അത് ട്രെന്‍ഡിംഗിലേക്ക് എത്തുമെന്ന് ചുരുക്കം. അതുപോലെ തന്നെ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്ന സമയവും പ്രധാനമാണ്. മറ്റു ഹാഷ്ടാഗുകള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടാത്ത സമയമാണെങ്കില്‍ ട്രെന്‍ഡിംഗ് പട്ടികയിലെത്താന്‍ വളരെ എളുപ്പവുമാണ്.

ഒക്ടോബര്‍ 2ന് സംഭവിച്ചത്

ഇന്ന് സംഭവിച്ചത്‌നും മേല്‍പറഞ്ഞ ഘടകങ്ങള്‍ തന്നെയാണ് കാരണം. പുലര്‍ച്ചെ 5 മണിയോടെ ‘നാഥുറാം ഗോഡ്‌സെ സിന്ദാബാദ്’ എന്ന ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇന്ത്യയില്‍ മറ്റു വിഷയങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടാത്ത സമയത്ത് പുതിയൊരു വിഷയം ഉയര്‍ന്നു വരികയാണ്. മഹാത്മാ ഗാന്ധി എന്ന ഹാഷ്ടാഗ് അപ്പോഴേക്കും ചര്‍ച്ചയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ ദിവസവും ട്വീറ്റുകളില്‍ പ്രത്യക്ഷപ്പെടാറുള്ള ഈ ടോപ്പിക്കിനെ അല്‍ഗോരിതം അവഗണിക്കുന്നു. പെട്ടെന്ന് വളരുന്ന ടോപ്പിക് എന്ന നിലയില്‍ ഗോഡ്‌സെയെ ട്രെന്‍ഡിംഗ് ആക്കുകയും ചെയ്തു.

ഗോഡ്‌സെയെ അനുകൂലിക്കുന്ന ട്വീറ്റുകള്‍ക്ക് പുറമേ അവയെ വിമര്‍ശിക്കുന്ന ട്വീറ്റുകളും ഇതേ ഹാഷ്ടാഗില്‍ പ്രത്യക്ഷപ്പെട്ടത് വിഷയത്തെ ട്രെന്‍ഡിംഗാക്കുന്നതിന് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഇത് ഒരു ട്വിറ്റര്‍ പ്രതിഭാസമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പുലര്‍ച്ചെ 1 മണിക്ക് തന്നെ 80,000ത്തിലേറെ ട്വീറ്റുകള്‍ ഇതേ ടോപ്പിക്കില്‍ വന്നുവെന്നാണ് കണക്ക്. ചില ഹാന്‍ഡിലുകള്‍ ഈ ടോപ്പിക്കിലുള്ള ട്വീറ്റുകള്‍ തുടര്‍ച്ചയായി റീട്വീറ്റ് ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. അതായത് ഈ വിഷയം മുന്‍പന്തിയില്‍ എത്തിക്കാന്‍ ട്വിറ്ററില്‍ നടന്നത് കരുതിക്കൂട്ടിയുള്ള ശ്രമം തന്നെയായിരുന്നുവെന്നത് വ്യക്തം.

രാജ്യത്തെ പല പ്രദേശങ്ങളിലും ഗോഡ്‌സെ ഹാഷ്ടാഗ് മുന്‍നിരയിലായിരുന്നെങ്കിലും കേരളത്തില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ഇതിനായില്ല. കൊല്‍ക്കൊത്തയില്‍ നാഥുറാം ഗോഡ്‌സെ അമര്‍ രഹേ എന്ന ഹാഷ്ടാഗ് ആയിരുന്നു മുന്നിലെത്തിയത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗാന്ധിജയന്തി, മഹാത്മാ ഗാന്ധി എന്നീ ഹാഷ്ടാഗുകള്‍ ഇവയെ പിന്തള്ളി മുന്നിലെത്തുകയും ചെയ്തു.