തൊഴിലുടമയ്‌ക്കെതിരെ പരാതി പറയുന്ന ദൃശ്യങ്ങള്‍ വൈറലായി; സൗദിയില്‍ ഇന്ത്യന്‍ തൊഴിലാളി അറസ്റ്റില്‍

സൗദി അറേബ്യയില് ഡ്രൈവര് ആയി ജോലി ചെയ്യുന്ന അബ്ദുള് സത്താര് മക്കന്ദര് എന്ന മുപ്പത്തഞ്ചുകാരന്റെ ഫേസ്ബുക്ക് ദൃശ്യങ്ങള് കഴിഞ്ഞാഴ്ച ഇന്ത്യയ്ക്കകത്തും പുറത്തും വൈറലായിരുന്നു. തൊഴിലുടമ തന്നെ വീട്ടില് പോകാന് അനുവദിക്കില്ലെന്ന് പറഞ്ഞ് കരയുന്ന ദൃശ്യങ്ങള് ഡല്ഹി ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന കുന്ദന് ശ്രീവാസ്തവ എന്ന മനുഷ്യാവകാശ പ്രവര്ത്തകനാണ് പോസ്റ്റ് ചെയ്തത്. ഇതോടെ കാര്യങ്ങള് കൂടുതല് വഷളായിരിക്കുകായണെന്ന് അവിടെ നിന്നുളള റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
 | 

തൊഴിലുടമയ്‌ക്കെതിരെ പരാതി പറയുന്ന ദൃശ്യങ്ങള്‍ വൈറലായി; സൗദിയില്‍ ഇന്ത്യന്‍ തൊഴിലാളി അറസ്റ്റില്‍

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന അബ്ദുള്‍ സത്താര്‍ മക്കന്ദര്‍ എന്ന മുപ്പത്തഞ്ചുകാരന്റെ ഫേസ്ബുക്ക് ദൃശ്യങ്ങള്‍ കഴിഞ്ഞാഴ്ച ഇന്ത്യയ്ക്കകത്തും പുറത്തും വൈറലായിരുന്നു. തൊഴിലുടമ തന്നെ വീട്ടില്‍ പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് കരയുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കുന്ദന്‍ ശ്രീവാസ്തവ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് പോസ്റ്റ് ചെയ്തത്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകായണെന്ന് അവിടെ നിന്നുളള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തനിക്ക് തൊഴിലുടമ മതിയായ ശമ്പളവും ഭക്ഷണം കഴിക്കാനുളള പണവും നല്‍കുന്നില്ലെന്നും ഇയാള്‍ ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ദക്ഷിണേഷ്യന്‍ തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വല്ലാതെ ചൂഷണത്തിനിരയാകുന്നതിന്റെ വാര്‍ത്തകള്‍ അടുത്തിടെയായി വന്‍ തോതില്‍ പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ കൊല്ലം ഇന്ത്യയില്‍ നിന്നുളള ഒരു വീട്ടുജോലിക്കാരിയുടെ കൈ വീട്ടുടമ വെട്ടിമുറിച്ചതായി ആരോപണമുയര്‍ന്നിരുന്നു. സംഭവത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അപലപിച്ചിരുന്നു.

എന്നാല്‍ സത്താറിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നുവെന്നാണ് സൂചന. വീഡിയോ വ്യാപകമായതോടെ ഇയാളെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് സൗദി അറേബ്യയില്‍ വലിയ കുറ്റമാണ്. തൊഴിലുടമ താനുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് പറഞ്ഞതായും ശ്രീവാസ്തവ പറഞ്ഞു. ഇതു കൂടാതെ മാപ്പ് പറഞ്ഞ് കൊണ്ട് ഒരു പോസ്റ്റ് കൂടി ഇടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍ താന്‍ നീക്കം ചെയ്‌തെന്നും മാപ്പ് അപേക്ഷ നല്‍കിയെന്നും ശ്രീവാസ്തവ വ്യക്തമാക്കി. അല്‍ സുരൂര്‍ യുണൈറ്റഡ് ഗ്രൂപ്പിന് വേണ്ടിയാണ് സത്താര്‍ ജോലി ചെയ്യുന്നത്. കമ്പനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സത്താറും നിഷേധിച്ചിട്ടുണ്ട്. കമ്പനി മതിയായ ശമ്പളം നല്‍കുന്നുണ്ടെന്നും ആവശ്യമുളളപ്പോള്‍ രാജി വയ്ക്കാന്‍ അനുവദിക്കുമെന്നും അയാള്‍ പറഞ്ഞു. മാപ്പ് പറഞ്ഞതോടെ സത്താറിനെ വിട്ടയച്ചെന്ന് ശ്രീവാസ്തവ പറഞ്ഞു.

എന്നാല്‍ പിറ്റേദിവസം രാവിലെ തന്നെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു. എന്ത് കുറ്റം ചുമത്തിയാണ് വീണ്ടും അറസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമല്ല. മകനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് സത്താറിന്റെ അമ്മയും പറയുന്നു. അഞ്ച് ദിവസം മുമ്പാണ് മകനുമായി അവസാനമായി താന്‍ സംസാരിച്ചതെന്നും അവര്‍ വ്യക്തമാക്കി. മകന്‍ ജയിലിലാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായും അവര്‍ പറഞ്ഞു.