താരപ്രഭയ്ക്ക് മുന്നിൽ കണ്ണഞ്ചിപ്പോകുന്ന ഇന്ത്യൻ നീതി പീഠം!

താരപ്രഭയ്ക്ക് മുന്നിൽ കണ്ണു മഞ്ഞളിച്ച് പോകുന്ന ഒരു നീതിന്യായ സംവിധാനമാണ് രാജ്യത്തുളളതെന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവാണ് ബോളിവുഡ് താരം സൽമാൻഖാന്റെ ശിക്ഷാവിധിയ്ക്ക് പിന്നാലെ എത്തിയവാർത്തകൾ സമ്മാനിക്കുന്നത്. ശിക്ഷ പ്രഖ്യാപിക്കപ്പെട്ടയുടൻ തന്നെ സൽമാന് ജാമ്യം ലഭിക്കുന്നു. ശിക്ഷിക്കപ്പെട്ടയാൾ ജയിൽ മുറി പോലും കാണാതെ വീട്ടിലേക്ക്. തൊട്ടുപിന്നാലെയെത്തി അടുത്ത വാർത്ത; വിധി ഹൈക്കോടതി മരവിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത നടപടികൾ. സംഭവം നടന്ന് പതിമൂന്ന് കൊല്ലത്തിന് ശേഷമാണ് വിധി എത്തിയിട്ടുളളത്.
 | 

വി.മായാദേവി

താരപ്രഭയ്ക്ക് മുന്നിൽ കണ്ണഞ്ചിപ്പോകുന്ന ഇന്ത്യൻ നീതി പീഠം!
ന്യൂഡൽഹി: താരപ്രഭയ്ക്ക് മുന്നിൽ കണ്ണു മഞ്ഞളിച്ച് പോകുന്ന ഒരു നീതിന്യായ സംവിധാനമാണ് രാജ്യത്തുളളതെന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവാണ് ബോളിവുഡ് താരം സൽമാൻഖാന്റെ ശിക്ഷാവിധിയ്ക്ക് പിന്നാലെ എത്തിയവാർത്തകൾ സമ്മാനിക്കുന്നത്. ശിക്ഷ പ്രഖ്യാപിക്കപ്പെട്ടയുടൻ തന്നെ സൽമാന് ജാമ്യം ലഭിക്കുന്നു. ശിക്ഷിക്കപ്പെട്ടയാൾ ജയിൽ മുറി പോലും കാണാതെ വീട്ടിലേക്ക്. തൊട്ടുപിന്നാലെയെത്തി അടുത്ത വാർത്ത; വിധി ഹൈക്കോടതി മരവിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത നടപടികൾ. സംഭവം നടന്ന് പതിമൂന്ന് കൊല്ലത്തിന് ശേഷമാണ് വിധി എത്തിയിട്ടുളളത്. ഇനിയും കുറേ കൊല്ലങ്ങൾ മേൽക്കോടതിയിലെ അപ്പീൽ എന്ന് പറഞ്ഞ് നടക്കും സൽമാൻ. ഇതേ നിയമസംവിധാനത്തിന് കീഴിലാണ് രണ്ടരലക്ഷം പാവങ്ങൾ വിചാരണ പോലും കൂടാതെ അഴിയ്ക്കുളളിൽ കിടക്കുന്നത്. ഇവിടെ അവരുടെ മനുഷ്യാവകാശങ്ങൾ പോലും ധ്വംസിക്കപ്പെടുന്നു.

രണ്ടരലക്ഷം പേരാണ് രാജ്യത്തെ വിവിധ ജയിലുകളിലായി വിചാരണത്തടവുകാരായി കഴിയുന്നത്. ഇവരിലേറെയും ദരിദ്രനാരായണൻമാരാണ്. ഇവരുടെ മനുഷ്യാവകാശത്തിന് ഇവിടെ പുല്ലുവിലയാണെന്ന് അടിവരയിട്ട് പറയുകയാണ് ജയിലിൽ നിന്നിറങ്ങി  രാജ്യത്തെ മുഴുവൻ വ്യവസ്ഥിതിയെയും വെല്ലുവിളിച്ച് കൊണ്ടുളള  സൽമാന്റെ നടപ്പ്. ഇവരിൽ പലരും നിരപരാധികളാണെന്ന് കൂടി അറിയുമ്പോഴാണ് ഇതിലെ ക്രൂരത മുഴുവൻ വ്യക്തമാകുന്നത്. ഇവർക്ക് ഒരു ജാമ്യം കൂടി തരപ്പെടുന്നില്ല.

താരപ്രഭയ്ക്ക് മുന്നിൽ കണ്ണഞ്ചിപ്പോകുന്ന ഇന്ത്യൻ നീതി പീഠം!രാജ്യത്തെ വിവിധ ജയിലുകളിലായി കഴിയുന്ന 3.81 ലക്ഷം പേരിൽ 1.27 ലക്ഷം മാത്രമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട് കഴിയുന്നവർ. 2.54ലക്ഷവും വിചാരണ പോലും കൂടാതെ ജയിലിലടയ്ക്കപ്പെട്ടിരിക്കുകയാണ്. ബ്രിട്ടീഷ്ഭരണകാലത്ത് പോലും വിചാരണ കൂടാതെ ജയിലിൽ കഴിഞ്ഞവരുടെ എണ്ണം മൊത്തം തടവുകാരുടെ മൂന്നിലൊന്ന് മാത്രമായിരുന്നു. വിചാരണ കൂടാതെ തടവിൽ കഴിയുന്നവരിൽ പലരും ശിക്ഷാകാലാവധി പോലും കഴിഞ്ഞവരാണെന്നും സർക്കാർ രേഖകൾ പറയുന്നു.

ഇവരിൽ പലരും ചെറിയ മോഷണക്കുറ്റത്തിനോ മറ്റോ പിടിയിലായവരാണ്. ഒരു ദശകത്തിലേറെയായി ജയിലിൽ കഴിയുന്ന ഇവരുടെ കേസുകൾ വാദം കേൾക്കാനായി പോലും ഇനിയും പരിഗണിച്ചിട്ടുമില്ല. അതേസമയം ഇവരെക്കുറിച്ചുളള സമഗ്രമായ വിവരങ്ങളും സർക്കാർ രേഖകളിലില്ല. അവർ ചെയ്ത കുറ്റത്തിന്റെ സ്വഭാവമോ, അവരെ എന്നാണ് ജയിലിൽ പിടിച്ച് കൊണ്ടിട്ടതെന്നോ ആർക്കുമറിയില്ല.

വിചാരണ കൂടാതെ തടവിൽ കഴിയുന്നവരെ അവർ ചെയ്ത കുറ്റത്തിന് നൽകുന്ന തടവ് ശിക്ഷയുടെ പകുതിയെങ്കിലും അനുഭവിച്ചെങ്കിൽ  വിട്ടയക്കണമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഡിസംബറിന് മുമ്പ് വിട്ടയക്കണമെന്നായിരുന്നു കോടതിയുടെ അന്ത്യശാസനം. ഇതും കാറ്റിൽപ്പറത്തി നമ്മുടെ നീതിനിർവഹണ സംവിധാനം.

വിചാരണ കൂടാതെ തടവിൽ കഴിയുന്നവരുടെ വിവരം സംസ്ഥാനങ്ങൾ സമർപ്പിച്ചിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം. ജയിൽ രേഖകൾ നവീകരിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ സോഫ്റ്റ്‌വെയറുകളും സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയിട്ടുണ്ട്. എന്നാൽ ഇവയൊന്നും ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ല. ഇനിയും ഒരു വിവരവും സംസ്ഥാനങ്ങൾ കൈമാറിയിട്ടില്ല.

ഓരോ ജില്ലയിലും വിചാരണത്തടവുകാരായി കഴിയുന്നവരുടെ വിവരം ശേഖരിക്കാനും അതേക്കുറിച്ച് പുനഃപരിശോധന നടത്താനും ജില്ലാ മജിസ്‌ട്രേറ്റ് അധ്യക്ഷനായ സമിതി രൂപീകരിക്കണമെന്ന നിർദേശവും ഇനിയും നടപ്പായിട്ടില്ല. ഇവർ ഓരോ മൂന്ന് മാസവും യോഗം ചേർന്ന് ശിക്ഷാ കാലാവധിയുടെ പകുതിയെങ്കിലും ജയിലിൽ കഴിഞ്ഞ വിചാരണത്തടവുകാരെ വിട്ടയച്ചെന്ന്് ഉറപ്പ് വരുത്തണമെന്ന നിർദേശവും അതുകൊണ്ട് തന്നെ നടപ്പാകുന്നില്ല.