അനുകരണങ്ങള്‍ അല്‍പായുസ്സായിരിക്കും; റാണു മോണ്ഡലിന്റെ പാട്ടില്‍ ലതാ മങ്കേഷ്‌കര്‍

റാണു മോണ്ഡലിന്റെ പാട്ടില് ആദ്യമായി പ്രതികരിച്ച് ലതാ മങ്കേഷ്കര്.
 | 
അനുകരണങ്ങള്‍ അല്‍പായുസ്സായിരിക്കും; റാണു മോണ്ഡലിന്റെ പാട്ടില്‍ ലതാ മങ്കേഷ്‌കര്‍

മുംബൈ: റാണു മോണ്ഡലിന്റെ പാട്ടില്‍ ആദ്യമായി പ്രതികരിച്ച് ലതാ മങ്കേഷ്‌കര്‍. തെരുവ് ഗായികയില്‍ നിന്ന് ബോളിവുഡിലേക്ക് വളര്‍ന്ന റാണുവിന്റെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ചെങ്കിലും ചില ആശങ്കകളും ലത പ്രകടിപ്പിച്ചു. അനുകരണങ്ങള്‍ക്ക് അല്‍പായുസ്സായിരിക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയത്. തന്റെ പേരും പ്രവൃത്തിയും കൊണ്ട് ആര്‍ക്കെങ്കിലും നേട്ടമുണ്ടാകുന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ സന്തോഷമുണ്ട്. എന്നാല്‍ തന്റെയോ കിഷോര്‍ കുമാറിന്റെയോ മുകേഷിന്റെയോ മുഹമ്മദ് റാഫിയുടെയെ ഗാനങ്ങള്‍ പാടുന്നതിലൂടെ വളരെ കുറച്ചു കാലത്തെ പ്രശസ്തി മാത്രമേ ലഭിക്കൂ എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ എത്തുന്ന പ്രതിഭകളെക്കുറിച്ചും ലത ആശങ്ക പങ്കുവെച്ചു. പലരും തന്റെ പാട്ടുകള്‍ വളരെ ഭംഗിയായി ആലപിക്കാറുണ്ട്. എന്നാല്‍ അവരില്‍ എത്രയാളുകള്‍ പിന്നീട് ഓര്‍മിക്കപ്പെടുന്നുണ്ട്? സുനീധി ചൗഹാന്‍, ശ്രേയ ഘോഷാല്‍ എന്നിവരെ മാത്രമേ തനിക്ക് അറിയൂ എന്നും അവര്‍ പറഞ്ഞു. ഗായകര്‍ തനതായ ശൈലി കണ്ടെത്തണമെന്ന് ലത ആവശ്യപ്പെട്ടു. തങ്ങളുടെ നിത്യഹരിത ഗാനങ്ങള്‍ പാടണം. എന്നാല്‍ ഗായകര്‍ തങ്ങളുടെ സ്വന്തം ഗാനങ്ങള്‍ കണ്ടെത്തണം. തന്റെ സഹോദരിയായ ആശാ ഭോസ്ലെ സ്വന്തം ശൈലി കണ്ടെത്തിയില്ലായിരുന്നെങ്കില്‍ തന്റെ നിഴലിലായിപ്പോകുമായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

ലതാ മങ്കേഷ്‌കറിന്റെ ഗാനമായ ‘ഏക് പ്യാര്‍ കാ നഗ്മാ’ റെയില്‍വേ സ്റ്റേഷനില്‍ പാടിയത് ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് റാണു മോണ്ഡല്‍ പ്രശസ്തയായത്. ലതയുടെ ശബ്ദത്തില്‍ മധുരമായി പാടിയ റാണുവിനെ പിന്നീട് ഒരു ടെലിവിഷന്‍ ചാനല്‍ തങ്ങളുടെ റിയാലിറ്റി ഷോയില്‍ അവതരിപ്പിക്കുകയും ഷോയില്‍ ജഡ്ജായിരുന്ന ഹിമേഷ് രേഷമിയ അടുത്ത ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കുകയുമായിരുന്നു.