ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ക്രമക്കേട്; 48,000 വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കി നാടുകടത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കി

ടിഒഇഐസി (Test of English for International Communication) പരീക്ഷയില് ക്രമക്കേടുകള് നടന്നതായുള്ള വാര്ത്തകളേത്തുടര്ന്ന് 48,000 വിദേശ വിദ്യാര്ത്ഥികളെ അയോഗ്യരാക്കാനും നാടുകടത്താനുമുള്ള ബ്രിട്ടീഷ് സര്ക്കാര് നീക്കത്തിന് തിരിച്ചടി. സര്ക്കാര് തീരുമാനം അപ്പീല് കോടതിയായ അപ്പര് ട്രൈബ്യൂണല് (ഇമിഗ്രേഷന് ആന്ഡ് അസൈലം ചേംബര്) റദ്ദാക്കി. മലയാളികളടക്കമുള്ള വിദ്യാര്ത്ഥികളാണ് സര്ക്കാര് തീരുമാനത്തിന് ഇരകളായി നാടുകടത്തല് ഭീഷണി നേരിട്ടിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഈ തീരുമാനം എടുത്തത്.
 | 

ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ക്രമക്കേട്; 48,000 വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കി നാടുകടത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കി

ലണ്ടന്‍: ടിഒഇഐസി (Test of English for International Communication) പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നതായുള്ള വാര്‍ത്തകളേത്തുടര്‍ന്ന് 48,000 വിദേശ വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കാനും നാടുകടത്താനുമുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ തീരുമാനം അപ്പീല്‍ കോടതിയായ അപ്പര്‍ ട്രൈബ്യൂണല്‍ (ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ചേംബര്‍) റദ്ദാക്കി. മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ തീരുമാനത്തിന് ഇരകളായി നാടുകടത്തല്‍ ഭീഷണി നേരിട്ടിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഈ തീരുമാനം എടുത്തത്.

പുതിയ വിധിയുടെ വെളിച്ചത്തില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും ഡീറ്റെന്‍ഷന്‍ സെന്ററില്‍ തടവില്‍ കഴിയേണ്ടിവന്ന വിദ്യാര്‍ഥികള്‍ക്കും ഗവണ്‍മെന്റ് നഷ്ടപരിഹാരം നല്‍കേണ്ടി വരും. വരും ദിവസങ്ങളിലെ നഷ്ടപരിഹാര വിധികള്‍ ഒരു പക്ഷെ പ്രധാനമന്ത്രി തെരേസ മേയുടെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയേക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.

ഐഇഎല്‍ടിഎസിന് പകരം ഏര്‍പ്പെടുത്തിയ ടിഒഇഐസി പരീക്ഷയിലെ ക്രമക്കേടുകള്‍ ബിബിസിയാണ് ഒളിക്യാമറയിലൂടെ പുറത്തു കൊണ്ടുവന്നത്. ലണ്ടനിലെ ഈസ്റ്റ് ലണ്ടന്‍ സ്‌കൂള്‍ എന്ന ഒരു പരീക്ഷാ കേന്ദ്രത്തില്‍നിന്നാണ് ബിബിസി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഉത്തരങ്ങള്‍ പരീക്ഷാ മേല്‍നോട്ടം വഹിക്കുന്ന ആള്‍ വായിക്കുന്നതും രണ്ടുമണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കേണ്ട 200 ചോദ്യങ്ങളുള്ള പരീക്ഷ പരീക്ഷാര്‍ഥികള്‍ 8 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇത് പുറത്തു വന്നതോടെ മുമ്പ് ഇതേ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളുടെയും അയോഗ്യരാക്കിക്കൊണ്ട് ബ്രിട്ടീഷ് ഹോം ഓഫീസ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് തീരുമാനം നേരിട്ടു ബാധിച്ചത്. ഒരു പരീക്ഷയില്‍ ഒന്നോ അതിലധികമോ വിദ്യാര്‍ഥികള്‍ കോപ്പി അടിച്ചു പിടിക്കപ്പെടുമ്പോള്‍ ആ രാജ്യത്തൊട്ടാകെ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുന്നത് നീതികരിക്കാനാവില്ലെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആസന്നമായിരുന്ന ദേശീയ തിരഞ്ഞെടുപ്പ് മുതലെടുക്കാനായി കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ മുന്നിട്ടിറങ്ങിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി യുകെയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളെയും അയോഗ്യരാക്കാനും അവര്‍ക്ക് വിസ പുതുക്കി നല്‍കേണ്ട എന്നും തീരുമാനിച്ചു. അറുപതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സും റദ്ദാക്കി.

പത്തു മുതല്‍ ഇരുപതു ലക്ഷം വരെ ഫീസ് കൊടുത്തു പഠിക്കാനെത്തിയ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വന്ന ഡിഗ്രി പോലും ഇല്ലാതെ തിരികെ പോകേണ്ടി വരുന്ന അവസ്ഥയിലെത്തിക്കുന്നതായി ഈ തീരുമാനം. ദി ഹിന്ദുവും ഇന്‍ഡിപെന്‍ഡന്‍സും റിപ്പോര്‍ട് ചെയ്തതനുസരിച്ച് 2016 മെയ് വരെയുള്ള കാലാവധിയില്‍ അമ്പതിനായിരത്തോളം വിദ്യാര്‍ഥികളെയാണ് വിസനിഷേധിച്ചു നാടുകടത്തുകയോ ഡീറ്റെന്‍ഷന്‍ സെന്ററില്‍ തടവില്‍ വയ്ക്കുകയോ ചെയ്തത്. ഇതില്‍ 70 % വും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു. പാകിസ്ഥാന്‍ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു ബാക്കിയുള്ളവരില്‍ ഭൂരിപക്ഷവും.

സിപിഎമ്മിന്റെ യുകെ ഘടകമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെയും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ നിരവധി ലോബിയിങ്ങും പ്രതിഷേധ പരിപാടികളും നടന്നിരുന്നു. അതിന്റെ ഫലമായി ലേബര്‍ നേതാവ് കീത്ത് വാസ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതി ഇരകളായ വിദ്യാര്‍ഥികളില്‍ നിന്നും വിദ്യാലയങ്ങളുടെ തലവന്മാരില്‍ നിന്നും തെളിവെടുക്കുകയും ആ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.