മുംബൈയില്‍ പേമാരി; സ്‌കൂളുകള്‍ അടച്ചു; ട്രെയിന്‍ ഗതാഗതം താറുമാറായി

കനത്ത മഴയില് മുംബൈയില് ജനജീവിതം താറുമാറായി. രാത്രി മുഴുവന് പെയ്ത കനത്ത മഴയില് മുംബൈ നഗരം വെളളക്കെട്ടായി മാറിയെന്നാണ് വിവരം. ട്രെയിന് ഗതാഗതം നിര്ത്തി വച്ചിരിക്കുകയാണ്. സ്കൂളുകള്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് അതീവ ജാഗ്രത പുലര്ത്താനും നിര്ദേശമുണ്ട്. വീടിന് പുറത്തിറങ്ങരുതെന്നും നിര്ദേശമുണ്ട്.
 | 

മുംബൈയില്‍ പേമാരി; സ്‌കൂളുകള്‍ അടച്ചു; ട്രെയിന്‍ ഗതാഗതം താറുമാറായി

മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ ജനജീവിതം താറുമാറായി. രാത്രി മുഴുവന്‍ പെയ്ത കനത്ത മഴയില്‍ മുംബൈ നഗരം വെളളക്കെട്ടായി മാറിയെന്നാണ് വിവരം. ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴ ഇന്നും തുടരും. ഇതിന് പുറമെ വന്‍ വേലിയേറ്റത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ 4.60 മീറ്റര്‍ ഉയരത്തില്‍ തിര ആഞ്ഞടിക്കുമെന്നാണ് പ്രവചനം. തീരദേശ റെയില്‍വേയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. തിരക്കേറിയ ഛത്രപതി ശിവജി ടെര്‍മിനലിനും കുര്‍ളയ്ക്കുമിടയില്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. വെസ്റ്റേണ്‍ റെയില്‍വേ അന്ധേരിയില്‍ വരെ മാത്രമേ സര്‍വീസ് നടത്തുന്നുളളൂ. നഗരത്തിന്റെ ജീവനാഡിയായ ട്രെയിന്‍ സര്‍വീസ് പ്രതിദിനം 80ലക്ഷം പേരാണ് ഉപയോഗിക്കുന്നത്. അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു.

നഗത്തിലൂടനീളം ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ദാദര്‍, പരേല്‍, ബൈക്കുള, മാഹിം, സാന്താക്രൂസ്,ജുഹൂ, വര്‍ളി, ജോഗേശ്വരി, ഹിന്ദ് മാതാ തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത വെളളക്കെട്ടുണ്ടായതിനെത്തുടര്‍ന്ന് ബസുകള്‍ വഴി തിരിച്ച് വിട്ടിരിക്കുകയാണ്.

രാവിലെ വരെ നഗരത്തില്‍ 170 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നഗരത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ റെക്കോര്‍ഡാണ്. നേരത്തെ 155 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുളളത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊങ്കണ്‍ മേഖലയിലും കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.