എന്‍ഡിടിവി എഡിറ്റര്‍ രവീഷ് കുമാറിന് മാഗ്‌സസെ പുരസ്കാരം

എന്ഡിടിവിയിലെ മുതിര്ന്ന മാധ്യമപ്രവര്ത്തകനും അവതാരകനുമായ രവീഷ് കുമാറിന് 2019ലെ മാഗ്സസെ പുരസ്കാരം.
 | 
എന്‍ഡിടിവി എഡിറ്റര്‍ രവീഷ് കുമാറിന് മാഗ്‌സസെ പുരസ്കാരം

ന്യൂഡല്‍ഹി: എന്‍ഡിടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ രവീഷ് കുമാറിന് 2019ലെ മാഗ്‌സസെ പുരസ്‌കാരം. രവീഷ് കുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഈ വര്‍ഷത്തെ രമോണ്‍ മാഗ്‌സസെ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. എന്‍ഡിടിവിയുടെ ഹിന്ദി പതിപ്പായ എന്‍ഡിടിവി ഇന്ത്യയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് ഇദ്ദേഹം. ഏഷ്യയിലെ നൊബേല്‍ എന്ന പേരിലാണ് ഫിലിപ്പൈന്‍സ് മുന്‍ പ്രസിഡന്റായിരുന്ന രമോണ്‍ മാഗ്‌സസെയുടെ പേരിലുള്ള ഈ പുരസ്‌കാരം അറിയപ്പെടുന്നത്.

‘ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ മാധ്യമപ്രവര്‍ത്തനത്തെ ഉപയോഗിക്കുന്നവര്‍ക്കു’ വേണ്ടിയുള്ള പുരസ്‌കാരമായാണ് ഇദ്ദേഹത്തിന് മാഗ്‌സസെ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. രവീഷ് അവതരിപ്പിക്കുന്ന പ്രൈം ടൈം എന്ന പരിപാടി യഥാര്‍ത്ഥ ജീവിതത്തില്‍ സാധാരണക്കാര്‍ നേരിടുന്ന പുറത്തു വരാത്ത പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്ന് അവാര്‍ഡ് പ്രഖ്യാപനത്തില്‍ പറയുന്നു. സാധാരണക്കാരന്റെ ശബ്ദമായി മാറിയാല്‍ നിങ്ങളൊരു മാധ്യമപ്രവര്‍ത്തകനാകുന്നു എന്നും പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.

ഉന്നത നിലവാരത്തിലുള്ള മൂല്യങ്ങളില്‍ അധിഷ്ഠിതമായ പ്രൊഫഷണല്‍ മാധ്യമപ്രവര്‍ത്തന രീതിയാണ് രവീഷ് കുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് മാഗ്‌സസെ അവാര്‍ഡ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അറിയിച്ചു. മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ രവീഷ് കുമാര്‍ തന്റെ പരിപാടികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 9ന് മനിലയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.