കേജരിവാളും ഒരുനാൾ ബിജെപിയിൽ ചേരും: അജയ് മാക്കൻ

ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാളും ഒരു നാൾ ബിജെപിയിൽ ചേരുമെന്ന് കോൺഗ്രസ് വക്താവ് അജയ് മാക്കൻ. അഴിമതി വിരുദ്ധ സമരത്തിൽ അന്നാ ഹസാരെയ്ക്കൊപ്പമുണ്ടായിരുന്ന കിരൺ ബേദി, ഷാസിയ ഇൽമി എന്നിവരെല്ലാം ബിജെപിയിൽ അഭയം തേടി. ഇവരെല്ലാം ബിജെപിയുടെ സ്ഥാനാർത്ഥികളാണ്. അതിൽ അവസാനത്തെ ആൾ കേജരിവാളാണെന്നും മാക്കൻ പറഞ്ഞു.
 | 

കേജരിവാളും ഒരുനാൾ ബിജെപിയിൽ ചേരും: അജയ് മാക്കൻ

ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാളും ഒരു നാൾ ബിജെപിയിൽ ചേരുമെന്ന് കോൺഗ്രസ് വക്താവ് അജയ് മാക്കൻ. അഴിമതി വിരുദ്ധ സമരത്തിൽ അന്നാ ഹസാരെയ്‌ക്കൊപ്പമുണ്ടായിരുന്ന കിരൺ ബേദി, ഷാസിയ ഇൽമി എന്നിവരെല്ലാം ബിജെപിയിൽ അഭയം തേടി. ഇവരെല്ലാം ബിജെപിയുടെ സ്ഥാനാർത്ഥികളാണ്. അതിൽ അവസാനത്തെ ആൾ കേജരിവാളാണെന്നും മാക്കൻ പറഞ്ഞു.

ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം കാണുമെന്ന് പൂർണവിശ്വാസമുണ്ട്. കോൺഗ്രസിന് എതിരാളികളിലൊരാൾ വർഗീയ പാർട്ടിയാണ്. മതത്തിന്റെ പേരിൽ ഡൽഹിയിലെ ജനങ്ങളെ രണ്ടായി തിരിക്കുമെന്ന് ജനങ്ങൾക്ക് നന്നായി അറിയാം. നിരന്തരം നുണകൾ പ്രചരിപ്പിക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്. അവരുടെ തനിനിറം ജനങ്ങൾ തിരിച്ചറിഞ്ഞതാണ്. ഡൽഹിയിൽ ഒരു മതേതര കക്ഷിക്ക് തന്നെയാണ് വിജയം നേടാനാകുക. തെരെഞ്ഞെടുപ്പിലെ മുഖ്യ എതിരാളി ബിജെപിയാണെന്നും മാക്കൻ പറഞ്ഞു.

കോൺഗ്രസ് ഒരു സമയത്ത് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ആ പാർട്ടിയുടെ പിടിവാശി മൂലം 49 ദിവസം കൊണ്ട് അധികാരം വലിച്ചെറിഞ്ഞിട്ട് ഇറങ്ങിപ്പോയി. നുണകൾ പ്രചരപ്പിക്കുക എന്നതാണ് അവരുടെ ഇപ്പോഴത്തെ പ്രധാന ജോലി. ബിജെപിയും ആംആദ്മിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. അവരുടെ രണ്ടു പേരുടേയും ലക്ഷ്യം കോൺഗ്രസിനെ ആക്രമിക്കുക എന്നതാണ്. കോൺഗ്രസിന്റെ ഹിന്ദു വോട്ടുകളെ ബിജെപി ലക്ഷ്യം വെയ്ക്കുമ്പോൾ മതേതര വോട്ടുകളെ ആംആദ്മിയും ലക്ഷ്യം വെയ്ക്കുന്നു. എന്നാൽ ജനങ്ങൾക്ക് രണ്ടു കൂട്ടരുടേയും പൊള്ളത്തരം അറിയാം. ഡൽഹി തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും അജയ് മാക്കൻ പറഞ്ഞു.