നാട്ടിൽ കൊള്ളയും പീഡനവും; പോലീസുകാർ മന്ത്രിയുടെ നായയുടെ പിറകെ

: വീട്ടിൽ അതിക്രമിച്ചു കയറുകയും യുവതിയെ പീഡിപ്പിക്കുകയും ചെയ്ത സംഭവം അന്വേഷിക്കാതെ പോലീസ് മന്ത്രി രാജേന്ദ്ര റാത്തോറിന്റെ കാണാതായ നായയെ അന്വേഷിച്ചു പോയെന്ന് ആരോപണം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.
 | 
നാട്ടിൽ കൊള്ളയും പീഡനവും; പോലീസുകാർ മന്ത്രിയുടെ നായയുടെ പിറകെ

ജയ്പൂർ: വീട്ടിൽ അതിക്രമിച്ചു കയറുകയും യുവതിയെ പീഡിപ്പിക്കുകയും ചെയ്ത സംഭവം അന്വേഷിക്കാതെ പോലീസ് മന്ത്രി രാജേന്ദ്ര റാത്തോറിന്റെ കാണാതായ നായയെ അന്വേഷിച്ചു പോയെന്ന് ആരോപണം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. നഗരത്തെ ഞെട്ടിച്ച ബലാത്സംഗത്തെ കുറിച്ച് അന്വേഷിക്കാതെ പോലീസ് ആരോഗ്യമന്ത്രിയുടെ കാണാതായ നായയെ തപ്പിയിറങ്ങിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

വെളളിയാഴ്ച്ച രാത്രിയാണ് വൈശാലി നഗറിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ യുവതിയെ പീഡിപ്പിക്കുകയും വീട് കൊളളയടിക്കുകയും ചെയ്തത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പോലീസ് നായയെ തപ്പി നടക്കുന്നതാണ് മോഷ്ടാക്കളെ പിടിക്കാൻ വൈകുന്നതിന് കാരണമെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. തലസ്ഥാന നഗരത്തിൽ അതിക്രമങ്ങൾ നടക്കുമ്പോൾ പോലീസുകാർ നായയെ തപ്പിയിറങ്ങുന്നത് നാണക്കേടാണെന്ന് പി.സി.സി വക്താവ് അർച്ചന ശർമ്മ പറഞ്ഞു.

എന്നാൽ ഇന്നലെ നായക്കുട്ടിയെ നാട്ടുകാരിലൊരാൾ മന്ത്രി മന്ദിരത്തിലെത്തി തിരിച്ചേൽപ്പിച്ചു. ചാൾസെന്ന് വിളിക്കുന്ന അഞ്ചുമാസം പ്രായമുളള നായയെ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ലഭിച്ചതെന്ന് അയാൾ പോലീസിനോട് പറഞ്ഞു. ഉടമസ്ഥനെ കണ്ടെത്താത്തതിനെ തുടർന്ന് മൃഗങ്ങളെ സംരക്ഷിക്കുന്ന സ്ഥലത്ത് ഏൽപിക്കാനിരിക്കുമ്പോഴാണ് മന്ത്രിയുടെതാണ് നായക്കുട്ടിയെന്നറിഞ്ഞതെന്നും അയാൾ പറഞ്ഞു.