മയക്കു മരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം

സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില് നടി റിയ ചക്രബര്ത്തിക്ക് ജാമ്യം.
 | 
മയക്കു മരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം

മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയിരിക്കുന്നത്. അറസ്റ്റിലായി ഒരു മാസത്തിന് ശേഷമാണ് റിയക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. റിയയ്‌ക്കൊപ്പം പിടിയിലായ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചിട്ടില്ല. സെപ്റ്റംബര്‍ 9നാണ് റിയയെ മഹരാഷ്ട്ര നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.

ആത്മഹത്യ ചെയ്ത സുശാന്ത് സിങ്ങിന് മയക്കുമരുന്ന് എത്തിച്ചു നല്‍കി എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ബോളിവുഡിലെ മയക്കുമരുന്ന് സിന്‍ഡിക്കേറ്റിലെ സജീവ അംഗമാണ് റിയയെന്നും ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം മയക്കുമരുന്ന് ഉപോയിഗിച്ചിരുന്ന സുശാന്ത് സിങ് അതിനായി അടുപ്പമുള്ളവരെ ഉപയോഗിക്കുകയായിരുന്നുവെന്ന് റിയ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ താനും സഹോദരനും വേട്ടയാടപ്പെടുകയാണ്.

ബൈപോളാര്‍ രോഗത്തിന് അടിമയായിരുന്ന സുശാന്തിനെ വിഷാദരോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ കുടുംബം പൂര്‍ണ്ണമായി ഉപേക്ഷിച്ചിരുന്നുവെന്നും ലോക്ക് ഡൗണില്‍ സുശാന്തിന്റെ മാനസികാരോഗ്യം തകര്‍ന്നിരുന്നുവെന്നും റിയ ജാമ്യഹര്‍ജിയില്‍ പറഞ്ഞു. ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍ എന്നിവരുടെ മരണം സുശാന്തില്‍ കനത്ത ആഘാതം ഏല്‍പിച്ചിരുന്നുവെന്നും കാമുകി കൂടിയായിരുന്ന റിയ പറയുന്നു.