പൂവാല ശല്യം; 300 വിദ്യാർത്ഥിനികൾ സ്‌കൂൾ വിട്ടു

സ്കൂൾ പരിസരത്തെ പൂവാല ശല്ല്യം സഹിക്കാനാകാതെ 300 പെൺകുട്ടികൾ സ്കൂൾ വിട്ടു. നിരവധി പീഡന പരമ്പരകൾ നടന്ന ഉത്തർപ്രദേശിലെ അലഹബാദ് ഫട്ടേഹ് ബഹദൂർ സ്കൂളിലെ വിദ്യാർത്ഥിനികൾക്കാണ് സമീപവാസികളായ യുവാക്കളിൽ നിന്നും പൂവാലശല്യം നേരിടേണ്ടി വന്നത്.
 | 
പൂവാല ശല്യം; 300 വിദ്യാർത്ഥിനികൾ സ്‌കൂൾ വിട്ടു


അലഹബാദ്:
സ്‌കൂൾ പരിസരത്തെ പൂവാല ശല്ല്യം സഹിക്കാനാകാതെ 300 പെൺകുട്ടികൾ സ്‌കൂൾ വിട്ടു. നിരവധി പീഡന പരമ്പരകൾ നടന്ന ഉത്തർപ്രദേശിലെ അലഹബാദ് ഫട്ടേഹ് ബഹദൂർ സ്‌കൂളിലെ വിദ്യാർത്ഥിനികൾക്കാണ് സമീപവാസികളായ യുവാക്കളിൽ നിന്നും പൂവാലശല്യം നേരിടേണ്ടി വന്നത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ 2 പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഈ അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുത്ത വിദ്യാർത്ഥിനികളാണ് യുവാക്കളിൽ നിന്നും കമന്റടിയും ചീത്തവിളിയും നേരിടേണ്ടി വന്നവരിൽ അധികവും. സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും പോയിരുന്ന വിദ്യാർത്ഥിനികളെ യുവാക്കൾ പലപ്പോഴായി പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാത്ത സ്‌കൂളിലെ ക്ലാസ് മുറികളിൽ കയറി വരെ യുവാക്കൾ അതിക്രമങ്ങൾക്ക് മുതിർന്നതെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. സംഭവത്തിൽ തീരുമാനമാകാതെ കുട്ടികളെ പഠിക്കാൻ അനുവദിക്കില്ലെന്നാണ് മാതാപിതാക്കളുടെ തീരുമാനം.

സംഭവംനടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പോലീസ് എഫ്.ഐ.ആർ തയ്യാറാക്കിയതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ കുറ്റപ്പെടുത്തി. യുവാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട സ്‌കൂൾ അധികൃതർക്കെതിരെ ഭീഷണി ഉയർന്നിരുന്നതായും പ്രിൻസിപ്പൽ അമരേന്ദ്ര പ്രതാപ് സിംഗ് കൂട്ടിച്ചേർത്തു.

പരാതിയിന്മേൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദീപക് കുമാർ പറഞ്ഞു. വിദ്യാർത്ഥിനികളെ തുടർന്നും സ്‌കൂളിൽ അയയ്ക്കണമെന്നും എല്ലാവിധ സംരക്ഷണങ്ങളും ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.