നോക്കിയ പ്ലാന്റ് തമിഴ്‌നാട് സർക്കാർ ഏറ്റെടുത്തേക്കും. ‘അമ്മ മൊബൈൽ’ വരുമെന്ന് റിപ്പോർട്ടുകൾ

തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന നോക്കിയ കമ്പനിയുടെ മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റ് പ്രവർത്തനം നിർത്തുന്നു. നവംബർ ഒന്നാം തിയതി മുതൽ സ്ഥാപനം പ്രവർത്തനം നിർത്തുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് തൊഴിലാളികൾക്ക് ലഭിച്ചു. അയ്യായിരത്തിലധികം തൊഴിലാളികളുള്ള സ്ഥാപനം പൂട്ടുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്.
 | 
നോക്കിയ പ്ലാന്റ് തമിഴ്‌നാട് സർക്കാർ ഏറ്റെടുത്തേക്കും. ‘അമ്മ മൊബൈൽ’ വരുമെന്ന് റിപ്പോർട്ടുകൾ

 

ചെന്നൈ: തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന നോക്കിയ കമ്പനിയുടെ മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റ് പ്രവർത്തനം നിർത്തുന്നു. നവംബർ ഒന്നാം തിയതി മുതൽ സ്ഥാപനം പ്രവർത്തനം നിർത്തുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് തൊഴിലാളികൾക്ക് ലഭിച്ചു. അയ്യായിരത്തിലധികം തൊഴിലാളികളുള്ള സ്ഥാപനം പൂട്ടുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാക്കൾ മുൻ മുഖ്യമന്ത്രി ജയലളിതയെ സന്ദർശിച്ച് തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.

മൊബൈൽ ഫോൺ നിർമ്മാണ ശാല തമിഴ്‌നാട് സർക്കാർ ഏറ്റെടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇവിടെ ‘അമ്മ ബ്രാൻഡ് മൊബൈൽ ഫോണുകൾ’ നിർമ്മിക്കാമെന്നും നേതാക്കൾ പറയുന്നു. ഇക്കാര്യം പരിഗണിക്കാമെന്ന് ജയലളിത ഉറപ്പ് നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കമ്പനി സർക്കാർ ഏറ്റെടുക്കകയാണെങ്കിൽ അമ്മ ഹോട്ടലിനും അമ്മ സിമന്റിനും ശേഷം അമ്മ ഫോണുകളും തമിഴ്‌നാട്ടിൽ പ്രചരിക്കും.

ഒരു ഫോണിന് 700 രൂപ നിരക്കിൽ ചെന്നൈ പ്ലാന്റിൽ നിർമ്മാണം സാധ്യമാണെന്നാണ് തൊഴിലാളി നേതാക്കൾ അറിയിച്ചിരിക്കുന്നത്. ആ വിലയിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കാൻ കഴിഞ്ഞാൽ സർക്കാരിന് വലിയ ജനപ്രീതി നേടാനാകുമെന്നും ഇവർ പറയുന്നു.

നോക്കിയ കമ്പനിയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതോടയൊണ് ശ്രീപെരുമ്പത്തൂർ പ്ലാന്റിന്റെ ദുർദശ ആരംഭിക്കുന്നത്. പൂർണമായും നോക്കിയയുടെ ഉടമസ്ഥതയിൽ ആയിരുന്നില്ല സ്ഥാപനം. തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാർക്കും ചില വ്യവസായ ഗ്രൂപ്പുകൾക്കും ഇവിടെ നിക്ഷേപം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് മൈക്രോസോഫ്റ്റ് പ്ലാന്റ് ഏറ്റെടുക്കാൻ വിസമ്മതിച്ചു.

ആഗോളതലത്തിൽ നോക്കിയയുടെ എല്ലാ പ്ലാന്റുകളും ഏറ്റെടുത്തപ്പോൾ ശ്രീപെരുമ്പത്തൂർ പ്ലാന്റും തൊഴിലാളികളും ഒഴിവാക്കപ്പെടുകയും ചെയ്തു. വലിയ ആഘോഷത്തോടെ തുടങ്ങിയ തെക്കേയിന്ത്യയിലെ ഏക നോക്കിയ ഫോൺ നിർമ്മാണ യൂണിറ്റാണ് നവംബർ ഒന്നിന് പൂട്ടുന്നത്. ഇത് അമ്മ ഏറ്റെടുക്കുമോ എന്നാണ് ഇനിയറിയേണ്ടത്.