എയർ ഏഷ്യാ വിമാനം കടലിൽ തകർന്ന് വീണെന്ന് സംശയം

ഇന്തോനേഷ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയർ ഏഷ്യാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിന് മുകളിൽ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ജാവ കടലിലെ ബെലിതുങ്ങ് ദ്വീപിന് സമീപം അവശിഷ്ടങ്ങൾ കണ്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 | 

എയർ ഏഷ്യാ വിമാനം കടലിൽ തകർന്ന് വീണെന്ന് സംശയം
ജക്കാർത്ത: ഇന്തോനേഷ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയർ ഏഷ്യാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിന് മുകളിൽ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ജാവ കടലിലെ ബെലിതുങ്ങ് ദ്വീപിന് സമീപം അവശിഷ്ടങ്ങൾ കണ്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിങ്കപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ഏതെങ്കിലും ഏജൻസികളോ എയർ ഏഷ്യ അധികൃതരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സുരബയ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എയർഏഷ്യയുടെ QZ 8501 നമ്പർ വിമാനമാണ് ഇന്ന് പുലർച്ചെ കാണാതായത്. ജീവനക്കാരടക്കം 162 പേർ വിമാനത്തിലുണ്ടായിരുന്നു.

എയർ ഏഷ്യാ വിമാനം കടലിൽ തകർന്ന് വീണെന്ന് സംശയം

മലേഷ്യയിൽ കുറച്ചു ദിവസമായി തുടരുന്ന കാറ്റും പേമാരിയും മൂലം വിമാനം സ്ഥിരം പാതയിൽ നിന്ന് മാറിയാണ് സഞ്ചരിച്ചതെന്ന് മലേഷ്യൻ എയർ ട്രാഫിക് കൺട്രോൾ അതോറിറ്റി സ്ഥിരീകരിച്ചു. കനത്ത മേഘം മൂലം കൂടുതൽ ഉയരത്തിൽ പറക്കാനും വിമാനത്തിന് നിർദ്ദേശം നൽകിയിരുന്നു. 32,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം ഇതേത്തുടർന്ന് 38,000 അടിയിലേക്ക് ഉയർത്തിയിരുന്നു.

ജാവ കടലിന് മുകളിൽ വച്ച് റഡാറിൽ നിന്നും വിമാനം അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് ഫ്‌ളൈറ്റ് റഡാർ വെബ്‌സൈറ്റിന്റെ രേഖകൾ വ്യക്തമാക്കുന്നു. ഇവർ ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. വിമാനത്തിൽ നാലര മണിക്കൂർ പറക്കാനുള്ള ഇന്ധനം മാത്രമേ ഉള്ളെന്ന് എയർ ഏഷ്യാ അധികൃതർ അറിയിച്ചു. അതിനാൽ ഇപ്പോഴും വിമാനം പറക്കുകയാണെന്ന് കരുതാനാകില്ലെന്നും കടലിൽ തകർന്ന് വീണതാകാനാണ് സാധ്യതയെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.

ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 6.17ന് ജക്കാർത്തയിലെ എയർ ട്രാഫിക് കൺട്രോൾ റൂമും വിമാനവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്ന് ട്രാൻസ്‌പോർട്ട് മന്ത്രാലയ വക്താവ് അറിയിച്ചു. വിമാനം കാലത്ത് 8.30 ന് സിംഗപ്പൂരിൽ എത്തേണ്ടതായിരുന്നു.
ജാവ കടലിന് മുകളിൽ വച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. വിമാനത്തിന്റെ തിരോധനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് വിമാന കമ്പനി പ്രസ്താവനയിൽ അറിയിച്ചു. 149 ഇന്തോനേഷ്യക്കാർ, മൂന്ന് കൊറിയക്കാർ, സിംഗപ്പൂർ, ബ്രിട്ടൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.