ഐക്യു പരിശോധനയിൽ ഐൻസ്റ്റീനെ പിന്തളളി മലയാളി പെൺകുട്ടി

മെൻസാ ഐക്യു പരിശോധനയിൽ ഐൻസ്റ്റീനെയും സ്റ്റീഫൻ ഹോക്കിംഗിനെയും പിന്തള്ളി മലയാളി പെൺകുട്ടി. 12 വയസുകാരിയായ ലിഡിയ സെബാസ്റ്റ്യനാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിക്കാ ലാഗ്ഹാമിൽ താമസിക്കുന്ന മലയാളിയായ അരുണിന്റേയും എറിക്കയുടെയും മകളാണ്. കോൾചെസ്റ്റർ കൗണ്ടിയിലെ ഗേൾസ് ഹൈസ്കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് ലിഡ.
 | 
ഐക്യു പരിശോധനയിൽ ഐൻസ്റ്റീനെ പിന്തളളി മലയാളി പെൺകുട്ടി

 

ലണ്ടൻ: മെൻസാ ഐക്യു പരിശോധനയിൽ ഐൻസ്റ്റീനെയും സ്റ്റീഫൻ ഹോക്കിംഗിനെയും പിന്തള്ളി മലയാളി പെൺകുട്ടി. 12 വയസുകാരിയായ ലിഡിയ സെബാസ്റ്റ്യനാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിക്കാ ലാഗ്ഹാമിൽ താമസിക്കുന്ന മലയാളിയായ അരുണിന്റേയും എറിക്കയുടെയും മകളാണ്. കോൾചെസ്റ്റർ കൗണ്ടിയിലെ ഗേൾസ് ഹൈസ്‌കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് ലിഡ.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇന്റലിജൻസ് സൊസൈറ്റിയാണ് മെൻസ. മൊത്തം ഫലത്തിൽ ആദ്യരണ്ട് ശതമാനത്തിൽ വരുന്നവർക്ക് മാത്രമാണ് ഇതിൽ അംഗത്വം ലഭിക്കുക. ഇവരുടെ പരീക്ഷയിൽ ശരാശരി നൂറ് സ്‌കോറാണ്. 132 ഓ അതിലധികമോ ലഭിക്കുന്നവർ പ്രവേശനത്തിന് അർഹരാകും. മെൻസ പരീക്ഷയിൽ മാക്‌സിമം നേടുവാൻ സാധിക്കുന്ന മാർക്ക് 162 മാർക്കാണ്. ആൽബർട്ട് ഐൻസ്റ്റീന്റെയും സ്റ്റീഫൻ ഹോക്കിങ്ങിന്റെയും ഐക്യു സ്‌കോർ 160 എന്നാണ് പൊതുവിൽ ശാസ്ത്രലോകം വിലയിരുത്തുന്നത്. അതിലും മുകളിലാണ് ലിഡിയ കൈവരിച്ചത്. ഭാഷയും ബുദ്ധിയും ആണ് പ്രധാനമായും ഇവിടെ പരിശോധിക്കപ്പെട്ടത്.

ലണ്ടനിലെ ബിർക്ക് ബെക്ക് കോളേജിൽ നടന്ന മത്സരത്തിൽ തന്നേക്കാൾ ഏറെ മുതിർന്നവരുമായാണ് ലിഡ ഏറ്റമുട്ടിയത്. മെൻസ പരീക്ഷക്കായി ബ്രിട്ടനിൽ നിന്നു മാത്രം 20,000 കുട്ടികളാണ് പങ്കെടുത്തത്. സ്‌കൂൾ അവധിക്കാലത്താണ് മെൻസ ടെസ്റ്റിൽ ഇവൾ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. പരീക്ഷ വളരെ ലളിതമായിരുന്നുവെന്നാണ് ലിഡ പറയുന്നത്. ഒരു കൊല്ലമായി തന്റെ മകൾ ഈ പരീക്ഷയ്ക്കായി കാത്ത് ഇരിക്കുകയായിരുന്നുവെന്ന് അച്ഛൻ അരുൺ പറയുന്നു. ഗണിത ശാസ്ത്രത്തോടാണ് ലിഡയ്ക്ക് ഏറെ ഇഷ്ടം. അതുകൊണ്ട് തന്നെ മാനസികക്ഷമതാ പരീക്ഷ വളരെ ലളിതമായിരുന്നു. രണ്ടരവയസുളള അംഗമാണ് മെൻസയിലെ പ്രായം കുറഞ്ഞ ആൾ. അത് കൊണ്ട് തന്നെ ലിഡയ്ക്ക് ആ പദവി ലഭിക്കില്ല. എങ്കിലും ലിഡയുടെ പേര് മെൻസയുടെ തങ്കലിപികളിൽ തന്നെയാകും എഴുതി ചേർക്കുക.

കണക്കും, ഭൗതികശാസ്ത്രവും, രസതന്ത്രവുമാണ് അസാധരണമായ പഠന മികവ് പ്രകടിപ്പിക്കുന്ന ലിഡിയയുടെ ഇഷ്ടവിഷയങ്ങൾ. വായനയാണ് ഈ കൊച്ചുമിടുക്കിയുടെ ഇഷ്ട വിനോദം. അച്ഛൻ അരുൺ കോൾചെസ്റ്റർ ജനറൽ ആശുപത്രിയിൽ റേഡിയോളജി സ്‌പെഷ്യലിസ്റ്റും അമ്മ എറിക്ക ബാങ്ക് ജീവനക്കാരിയുമാണ്.